സിൽവർ ലൈൻ; മലപ്പുറത്ത് തിരൂരിൽ ഏക സ്റ്റോപ്; തിരൂർ – തിരുവനന്തപുരം 2. 21 മണിക്കൂർ; അറിയാം
സിൽവർ ലൈൻ; മലപ്പുറത്ത് തിരൂരിൽ ഏക സ്റ്റോപ്; തിരൂർ – തിരുവനന്തപുരം 2. 21 മണിക്കൂർ; അറിയാം
മലപ്പുറം: സിൽവർ ലൈൻ അർധ അതിവേഗ റെയിൽപാത പദ്ധതിയുടെ ഭാഗമായി ജില്ലയിൽ സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനമിറങ്ങി. തിക്കോടി വികെ കൺസൽറ്റൻസിക്കാണ് ജില്ലയിലെ സാമൂഹികാഘാത പഠന ചുമതല. 131 ദിവസത്തിനകം പഠനം പൂർത്തിയാക്കണം എന്നാണ് വ്യവസ്ഥ.
വള്ളിക്കുന്ന്, അരിയല്ലൂർ, നെടുവ, താനൂർ, താനാളൂർ, നിറമരുതൂർ, പരിയാപുരം, തിരൂർ, തൃക്കണ്ടിയൂർ, തലക്കാട്, തിരുനാവായ, തവനൂർ, വട്ടംകുളം, കാലടി, ആലങ്കോട് എന്നീ വില്ലേജുകളിലൂടെയാണ് സിൽവർ ലൈൻ കടന്നു പോകുന്നത്. ഈ വില്ലേജുകളിലെ പദ്ധതി പ്രദേശങ്ങളിൽ സാമൂഹികാഘാത പഠനത്തിനാണ് സർക്കാർ വിജ്ഞാപനം ഇറക്കിയത്.

പൊതു ആവശ്യത്തിനാണോ ഭൂമി ഏറ്റെടുക്കുന്നത്, പദ്ധതി ബാധിക്കുന്ന കുടുംബങ്ങളുടെ എണ്ണം, മാറ്റിപ്പാർപ്പിക്കേണ്ട കുടുംബങ്ങളുടെ എണ്ണം, ഭൂമിയുടെ അളവ്, സർക്കാർ ഭൂമി എത്ര, സ്വകാര്യ ഭൂമി എത്ര, വീടുകൾ, കോളനികൾ, മറ്റു പൊതു ഇടങ്ങൾ എത്ര, ഏറ്റെടുക്കുന്ന ഭൂമി കൃത്യമായും നിർദിഷ്ട പദ്ധതിക്ക് ആവശ്യമായതാണോ, പദ്ധതി എത്രത്തോളം സാമൂഹിക ആഘാതം ഉണ്ടാക്കും, അത് പരിഹരിക്കാനുള്ള ചെലവ് എത്ര തുടങ്ങിയ കാര്യങ്ങൾ പഠിക്കും.
സാമൂഹിക ആഘാത പഠനം നടത്തി കരട് പ്രസിദ്ധീകരിച്ച് പൊതു ചർച്ച നടത്തും. ഈ ചർച്ചയിൽ പദ്ധതി ബാധിതർക്ക് അവർക്ക് പറയാനുള്ളത് പറയാൻ അവസരം നൽകും. അതിനു ശേഷമാണ് റിപ്പോർട്ട് അന്തിമമാക്കുക. ഈ റിപ്പോർട്ട് വിദഗ്ധ സമിതി വിലയിരുത്തിയ ശേഷം പ്രസിദ്ധീകരിക്കും. ഇതിനെല്ലാം ശേഷം മാത്രമേ സർക്കാർ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കൂ.
ജില്ലയിലെ ഏകസ്റ്റോപ്പ് തിരൂരിൽ
∙ സിൽവർലൈൻ പദ്ധതിയുടെ വിശദ പദ്ധതി രേഖപ്രകാരം(ഡിപിആർ) തിരൂരിലാണ് ജില്ലയിലെ ഏക സ്റ്റോപ്. തിരൂർ റെയിൽവേ സ്റ്റേഷന് 3.82 കിലോമീറ്റർ അകലെ വട്ടത്താണി വലിയപാടം ഭാഗത്താണ് ഈ സ്റ്റോപ്പ്. ആധുനിക സജ്ജീകരണങ്ങളോടെയാകും സ്റ്റേഷൻ സമുച്ചയം. ജില്ലയിലെ എല്ലാ സ്ഥലങ്ങളെയും ബന്ധപ്പെടുത്തിയുള്ള യാത്രാസൗകര്യം ഒരുക്കും. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഇ- വാഹന കണക്റ്റിവിറ്റിയുണ്ടാകും. വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സംവിധാനവും സ്റ്റേഷൻ സമുച്ചയത്തിലുണ്ടാകും. നിലവിലെ റെയിൽവേ ലൈനിനു സമാന്തരമായാണ് ജില്ലയിലൂടെ സിൽവർലൈൻ കടന്നു പോകുന്നത്.
തിരൂർ- തിരുവനന്തപുരം 2. 21 മണിക്കൂർ
∙ സിൽവർ ലൈൻ പാതയിലൂടെ തിരൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് രണ്ട് മണിക്കൂർ 21 മിനിറ്റിനുള്ളിൽ എത്താനാകും. കാസർകോടിന് ഒരു മണിക്കൂർ 33 മിനിറ്റാണ് യാത്രാസമയം. കൊച്ചി വിമാനത്താവളത്തിലേക്ക് എത്താൻ 56 മിനിറ്റും കോഴിക്കോട്ടേക്ക് 19 മിനിറ്റും മതി. 25 മിനിറ്റിനുള്ളിൽ തൃശൂരിലും എത്താം. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, കൊച്ചി രാജ്യാന്തര വിമാനത്താവളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവയാണ് സ്റ്റേഷനുകൾ. ആകെ 529.45 കിലോമീറ്ററാണ് പാതയുടെ ദൈർഘ്യം. മണിക്കൂറിൽ 200 കിലോമീറ്ററാണ് വേഗം.
അതേസമയം, സില്‍വര്‍ ലൈനിന് ഇപ്പോള്‍ അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കേരളം നല്‍കിയ ഡി.പി.ആര്‍ പൂര്‍ണമല്ലെന്നും പരിസ്ഥിതി പഠനം നടത്തിയിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു. റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവാണ് പാര്‍ലമെന്റില്‍ കേന്ദ്ര നിലപാട് പറഞ്ഞത്. സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. സാമൂഹിക ആഘാത പഠനത്തിനുള്ള നടപടികള്‍ മാത്രമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും റെയില്‍വെ മന്ത്രി അറിയിച്ചു.
കേരളത്തില്‍ നിന്നുള്ള എം.പിമാരായ എന്‍.കെ. പ്രേമചന്ദ്രനും കെ. മുരളീധരനും ലോകസഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ടെക്‌നിക്കല്‍ ഫീസിബിലിറ്റി റിപ്പോര്‍ട്ട് ഡി.പി.ആറില്‍ ഇല്ലെന്ന് മന്ത്രി പറഞ്ഞു. ഏറ്റെടുക്കേണ്ട റെയില്‍വേ, സ്വകാര്യ ഭൂമി എന്നിവയുടെ കണക്ക് കാണിക്കണം. പരിസ്ഥിതി പഠനം നടത്തണം. ഇവയൊക്കെ പരിശോധിച്ചതിനു ശേഷം മാത്രമേ പദ്ധതിക്ക് അനുമതി നല്‍കാനാകൂ എന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ മന്ത്രിയുടെ പ്രതികരണത്തെക്കുറിച്ച് അറിയില്ലെന്നും ഔദ്യോഗിക അറിയിപ്പ് ലഭിച്ചാല്‍ പ്രതികരിക്കാമെന്നുമാണ് കെ റെയില്‍ അധികൃതരുടെ പ്രതികരണം.












Click it and Unblock the Notifications