Tanur Boat Tragedy: ബോട്ടുടമ നാസര്‍ അറസ്റ്റില്‍; ഫോണ്‍ കൊച്ചിയില്‍... പോലീസിനെ കബളിപ്പിച്ച് ജാമ്യത്തിന് ശ്രമം
താനൂര്‍: 22 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ടിന്റെ ഉടമ നാസര്‍ അറസ്റ്റില്‍. കോഴിക്കോട് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത് എന്നാണ് വിവരം. പിടികൊടുക്കാതെ പ്രതി മുങ്ങിയിരുന്നു. ഇയാളുടെ ഫോണ്‍ കൊച്ചിയില്‍ വച്ച് സഹോദരന്റെ പക്കല്‍ നിന്ന് കണ്ടെടുത്തു. നാസര്‍ കോഴിക്കോടുണ്ട് എന്നാണ് പോലീസിന് ഉച്ചയ്ക്ക് ലഭിച്ച വിവരം. ചൊവ്വാഴ്ച ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാനായിരുന്നു നീക്കം.
ഞായറാഴ്ച രാത്രിയാണ് വിനോദ സഞ്ചാര ബോട്ടായ അറ്റ്‌ലാന്റിക് തലകീഴായി മറിഞ്ഞ് ദുരന്തമുണ്ടായത്. സ്ത്രീകളും കുട്ടികളുമടക്കം 22 പേരാണ് ദുരന്തത്തില്‍ മരിച്ചത്. ബോട്ടില്‍ നാല് ജീവനക്കാരുണ്ടായിരുന്നു. ഇവര്‍ ദുരന്തമുണ്ടായ വേളയില്‍ തന്നെ പുഴയിലേക്ക് ചാടി നീന്തി രക്ഷപ്പെട്ടു എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവരെ പിടിക്കാന്‍ സാധിച്ചിട്ടില്ല.

ബോട്ടുടമ നാസര്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നില്ല. ഇയാള്‍ക്കെതിരെ നരഹത്യാ വകുപ്പ് പ്രകാരം താനൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. താനൂര്‍ പോലീസ് സ്‌റ്റേഷനോട് അധികം വിദൂരത്തല്ല പ്രതിയുടെ വീട്. നാസറിനെ ഇന്നലെ രാത്രി മുതല്‍ ആരും കണ്ടിരുന്നില്ല. സഹോദരന്‍ സലാം, മകന്‍, ബന്ധു എന്നിവരെ കൊച്ചിയില്‍ വച്ച് പാലാരിവട്ടം പോലീസ് പിടിച്ചു.
നാസറിന്റെ ഫോണ്‍ ലൊക്കേഷന്‍ പോലീസ് പിന്തുടര്‍ന്നിരുന്നു. തുടര്‍ന്നാണ് കൊച്ചിയില്‍ വച്ച് സഹോദരന്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കാറില്‍ നാസറിന്റെ ഫോണ്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇവര്‍ക്കൊപ്പം നാസര്‍ ഉണ്ടായിരുന്നില്ല. പിന്നീട് ഈ ഫോണിലേക്ക് നാസര്‍ വിളിച്ചപ്പോള്‍ ഫോണെടുത്തത് പോലീസാണ്. നിങ്ങള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും കീഴടങ്ങണമെന്നും പോലീസ് നാസറിനോട് പറഞ്ഞു.
എവിടെയാണുള്ളതെന്ന് പോലീസ് ചോദിച്ചു. എന്നാല്‍ നാസര്‍ ഒന്നും മിണ്ടിയില്ല. പിന്നീട് ഫോണ്‍ കട്ട് ചെയ്തു. നാസര്‍ വിളിച്ച മൊബൈല്‍ നമ്പര്‍ പോലീസ് പരിശോധിച്ചു. കോഴിക്കോട് നിന്നാണ് കോള്‍ വന്നത് എന്നാണ് ലഭിച്ച വിവരം. ഉടന്‍ കോഴിക്കോട് പോലീസിനെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബീച്ച് ആശുപത്രിക്ക് സമീപം വച്ച് പിടിയിലായത്.
ഫോണ്‍ സഹോദരന്റെ കൈവശം കൊടുത്തത് പോലീസിനെ കബളിപ്പിക്കാനാണ് എന്നാണ് സൂചന. സഹോദരനെ കൊച്ചിയിലേക്ക് അയച്ചത് മുന്‍കൂര്‍ ജാമ്യത്തിന് വേണ്ടിയുള്ള നീക്കങ്ങള്‍ നടത്താനായിരുന്നു എന്ന് പോലീസ് സംശയിക്കുന്നു. ഇത്രയും പേര്‍ മരിച്ച കേസില്‍ ഒരിക്കലും മുന്‍കൂര്‍ ജാമ്യം കിട്ടില്ല എന്ന് പോലീസ് സഹോദരനെ അറിയിച്ചു. നാസര്‍ വിളിച്ചപ്പോഴും പോലീസ് ഇക്കാര്യം പറഞ്ഞു.
പാലാരിവട്ടം പോലീസിന്റെ പിടിയിലായ മൂന്ന് പേരെയും താനൂര്‍ പോലീസിന് കൈമാറാനാണ് നീക്കം. ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ച് പോലീസ് എത്തുകയാണെങ്കില്‍ കബളിപ്പിക്കാം എന്ന് പ്രതി കരുതിക്കാണും. എന്നാല്‍ ഈ ഫോണിലേക്ക് പ്രതി വിളിച്ചതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ചില രാഷ്ട്രീയ നേതാക്കളുമായും ഉന്നത ഉദ്യോഗസ്ഥരുമായും പ്രതിക്ക് ബന്ധമുണ്ട് എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.












Click it and Unblock the Notifications