മൊബൈല്‍ രക്ഷിക്കാന്‍ ശ്രമിച്ച 18കാരി വീണുമരിച്ചു
മുംബൈ: കയ്യില്‍ നിന്നും വഴുതിയ മൊബൈല്‍ഫോണ്‍ പിടിക്കാനുള്ള ശ്രമത്തിനിടെ പടിനെട്ടുകാരി ടെറസ്സില്‍ നിന്നും വീണുമരിച്ചു. മുംബൈയിലെ മിരാ റോഡിലാണ് സംഭവം നടന്നത്. ബുധനാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് മൊബൈലിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പെണ്‍കുട്ടിക്ക് ജീവന്‍ നഷ്ടമായത്.
ദഹീസാറിലെ താക്കൂര്‍ മാളില്‍ സെയില്‍സ് ഗേളായി ജോലി നോക്കുന്ന രാജശ്രീ ജാജവ് എന്ന പെണ്‍കുട്ടിയാണ് വീണുമരിച്ചത്. ടെറസില്‍ ഉലാത്തിക്കൊണ്ട് പാട്ടുകേള്‍ക്കുന്നതിനിടെയായിരുന്നു അപകടം. സംഭവസമയത്ത് രാജശ്രീയുടെ അച്ഛനും അമ്മയും സഹോദരനും വീട്ടിലുണ്ടായിരുന്നു.

കുടുംബാംഗങ്ങള്‍ വീട്ടില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിടെയാണ് മൊബൈലുമെടുത്ത് പാട്ടുകേള്‍ക്കാനായി ടെറസില്‍ വന്നത്. കുറേനേരം കഴിഞ്ഞിട്ടും പെണ്‍കുട്ടിയെ താഴേക്ക് കാണാഞ്ഞ് അച്ഛന്‍ ടെറസ്സില്‍ വന്ന് വഴക്കു പറഞ്ഞ് പോയി.
പത്ത് മിനുട്ടിന് ശേഷം അത്താഴം കഴിക്കാനായി രാജശ്രീയെ വിളിക്കാന്‍ വേണ്ടി അച്ഛന്‍ വീണ്ടും മുകളിലേക്ക് വന്നു. ഉടനേ താഴേക്കിറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്. താഴേക്ക് വീണ മൊബൈല്‍ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ കാല് വഴുതി താഴെ വീഴുകയായിരുന്നു.
നാല് നില കെട്ടിടത്തിന്റെ മുകളില്‍ നിന്നുമാണ് താഴെ വീണത്. അച്ഛനും മറ്റുള്ളവരും ഓടിയെത്തി വേഗം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലയ്ക്ക് സാരമായ മറുവേറ്റതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.












Click it and Unblock the Notifications