ഫട്‌നാവിസും മയക്കുമരുന്ന് വില്‍പ്പനക്കാരും തമ്മില്‍ ബന്ധം, ചിത്രം പുറത്തുവിട്ട് നവാബ് മാലിക്
മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയ വിവാദ കൊടുങ്കാറ്റിന് തുടക്കമിട്ട് നവാബ് മാലിക്കിന്റെ പുതിയ വെളിപ്പെടുത്തല്‍. മയക്കുമരുന്ന് വില്‍പ്പനക്കാരുമായി ദേവേന്ദ്ര ഫട്‌നാവിസിന് ബന്ധമുണ്ടെന്നാണ് മാലിക്കിന്റെ വെളിപ്പെടുത്തല്‍. ഇതിന് തെളിവായി ചിത്രവും പുറത്തുവിട്ടു. മഹാരാഷ്ട്രയില്‍ കുപ്രസിദ്ധനായ മയക്കുമരുന്ന് വില്‍പ്പനക്കാരന്‍ ജയദീപ് റാണ, ദേവേന്ദ്ര ഫട്‌നാവിസിനും ഭാര്യ അമൃത ഫട്‌നാവിസിനുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്ന് വില്‍പ്പന സംഘവുമായി ഫട്‌നാവിസിന് ബന്ധമുണ്ടെന്നും മാലിക് പറയുന്നു. അമൃതയുടെ റിവര്‍ ആന്‍തം പ്രൊജക്ടിന്റെ സമയത്തുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്. 2018ലാണ് ഈ പദ്ധതി നിലവില്‍ വന്നത്.

ജയദീപ് റാണയാണ് ഈ പദ്ധതിയുടെ ഫിനാന്‍സ് ഹെഡെന്ന് മാലിക് പറയുന്നു. ജയദീപ് റാണയെന്നയാള്‍ ഇപ്പോള്‍ ജയിലിലാണ്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റിലായത്. ഇയാള്‍ക്ക് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസുമായി ബന്ധമുണ്ട്. അമൃത ഫട്‌നാവിസിന്റെ പ്രശസ്തമായ റിവര്‍ സോംഗിന്റെ ഫിനാന്‍ഷ്യല്‍ ഹെഡാണ് റാണ. മഹാരാഷ്ട്രയിലെ മയക്കുമരുന്ന് ബിസിനസ് ദേവന്ദ്രേ ഫട്‌നാവിസിന്റെ കാലത്താണ് ഏറ്റവുമധികം വളര്‍ന്നതെന്നും നവാബ് മാലിക് പറഞ്ഞു. എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയ്‌ക്കെതിരെയും പുതിയ കാര്യങ്ങള്‍ മാലിക് വെളിപ്പെടുത്തി. മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് റാക്കറ്റിന്റെ സൂത്രധാരനാണ് വാങ്കഡെയെന്ന് മാലിക് ആരോപിച്ചു.
സമീര്‍ വാങ്കഡെയെ നിയമിക്കുന്നത് ദേവേന്ദ്ര ഫട്‌നാവിസാണെന്നും നവാബ് മാലിക് പറയുന്നു. ഇതിനിടെ സമീര്‍ വാങ്കഡെ ദില്ലിയിലെത്തിയിട്ടുണ്ട്. ദേശീയ പട്ടിക ജാതി കമ്മീഷന്റെ ചെയര്‍മാന്‍ വിജയ് സംപ്ലയെ അദ്ദേഹം കാണുന്നുണ്ട്. ജാതി സര്‍ട്ടിഫിക്കറ്റ് വ്യാജമായി ചമച്ച് ജോലി നേടിയെന്ന ആരോപണത്തെ തുടര്‍ന്നാണ് വാങ്കഡെ സംപ്ലയെ കാണുന്നത്. അതേസമയം മാലിക് പുറത്തുവിട്ട ചിത്രങ്ങള്‍ റിവര്‍ മാര്‍ച്ച് എന്ന ഓര്‍ഗനൈസേഷന്‍ നിയമിച്ച വ്യക്തി എടുത്തതാണ്. ഇയാള്‍ എല്ലാര്‍ക്കൊപ്പവും ഫോട്ടോ എടുത്തിട്ടുണ്ട്. തന്റെ ഭാര്യയും താനും അതിന്റെ ഭാഗമായിരുന്നുവെന്നും ഫട്‌നാവിസ് പറഞ്ഞു. വൈകാതെ തന്നെ നവാബ് മാലിക്കും അധോലോകവും തമ്മിലുള്ള ബന്ധം താന്‍ പുറത്തെത്തിക്കുമെന്നും ഫട്‌നാവിസ് വ്യക്തമാക്കി.
അധോലോകവുമായി ബന്ധമുള്ളവര്‍ ഒന്നും മിണ്ടാന്‍ പാടില്ല. മാലിക്കിനെ ഞാന്‍ തുറന്നു കാണിക്കും. മാലിക്കാണ് ഈ കളി തുടങ്ങിയത്. ദീപാവലി വരെ കാത്തിരിക്കൂ, ഈ കളി ഞാന്‍ അവസാനിപ്പിച്ച് തരാമെന്നും ഫട്‌നാവിസ് പറഞ്ഞു. മാലിക് സ്വന്തം മരുമകനെതിരെയുള്ള കേസ് ദുര്‍ബലമാക്കാനാണ് സ്രമിക്കുന്നതെന്നും ഫട്‌നാവിസ് ആരോപിച്ചു. മുമ്പ് അറിയാത്ത പല കാര്യങ്ങളും ഞാന്‍ പുറത്തുകൊണ്ടുവരും. ഞാനൊരിക്കലും തെളിവുകളില്ലാതെ സംസാരിക്കാറില്ല. ആരോപണങ്ങള്‍ പിന്‍വലിക്കുന്ന ശീലം എനിക്കില്ലെന്നും ഫട്‌നാവിസ് പറഞ്ഞു. തന്റെ ഭാര്യ സാമൂഹിക സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. എല്ലാ കാര്യങ്ങള്‍ തുറന്ന് പറയും. അതുകൊണ്ട് എതിരാളികള്‍ക്ക് എന്നെ ആക്രമിക്കാന്‍ സാധിക്കാത്തത് കൊണ്ട് അവര്‍ എന്റെ ഭാര്യയെയാണ് ലക്ഷ്യമിടാറുള്ളത്. ഞങ്ങള്‍ മാന്യത ലംഘിക്കാതെ തന്നെ മറുപടി നല്‍കുമെന്നും ഫട്‌നാവിസ് പറഞ്ഞു.












Click it and Unblock the Notifications