മയക്കുമരുന്ന് കേസില്‍ ആര്യന്‍ ഖാന് ജാമ്യം, ഹൈക്കോടതിയില്‍ നിന്ന് ആശ്വാസം ലഭിച്ച് ഷാരൂഖ് ഖാന്‍
മുംബൈ: ക്രൂയിസ് ഷിപ്പിലെ റേവ് പാര്‍ട്ടിയില്‍ അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ആര്യന് ജാമ്യം അനുവദിച്ചത്. നേരത്തെ കീഴ്‌ക്കോടതി തുടര്‍ച്ചയായി ജാമ്യം നല്‍കാതിരുന്ന സാഹചര്യത്തിലാണ് ഷാരൂഖ് ഖാന്‍ മകന് വേണ്ടി ഹൈക്കോടതിയെ സമീപിച്ചത്. മുകുള്‍ റോത്തഗിയെ ഹൈക്കോടതിയില്‍ ജാമ്യത്തിന് വേണ്ടി ഷാരൂഖ് രംഗത്തിറക്കിയിരുന്നു. ദീപാവലിക്ക് മുമ്പ് മകന് ജാമ്യം കിട്ടിയത് ഷാരൂഖ് ഖാന് ആശ്വാസമാണ്. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ വാദം പൂര്‍ത്തിയായിട്ടില്ലെങ്കില്‍ ആര്യന് അടുത്ത മാസം 15 വരെ ജയിലില്‍ കഴിയേണ്ടി വരുമായിരുന്നു. ഹൈക്കോടതി ആഘോഷങ്ങള്‍ക്ക് വേണ്ടി അവധി പിരിയുന്നത് കൊണ്ടാണിത്.

ഒക്ടോബര്‍ മൂന്ന് മുതല്‍ ആര്യന്‍ ഖാന്‍ എന്‍സിബിയുടെ കസ്റ്റഡിയിലും പിന്നീട് ജയിലിലുമായിരുന്നു. ഒക്ടോബര്‍ എട്ട് മുതല്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാണ് ആര്യന്‍ കഴിയുന്നത്. രണ്ട് തവണയാണ് ആര്യന് ജാമ്യം നിഷേധിച്ചത്. ആര്യനില്‍ നിന്ന് മയക്കുമരുന്നൊന്നും പിടിച്ചെടുത്തിട്ടില്ലെന്ന് ആര്യന്റെ അഭിഭാഷകര്‍ തുടര്‍ച്ചയായി വാദിച്ചിരുന്നു. എന്നാല്‍ വലിയൊരു മയക്കുമരുന്ന് ഗൂഢാലോചനയുടെ ഭാഗമാണ് ആര്യനെന്ന് എന്‍സബി പറയുന്നു. ആര്യന്റെ വാട്‌സ്ആപ്പ് ചാറ്റില്‍ നിന്ന് മയക്കുമരുന്ന് ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും എന്‍സിബി പറഞ്ഞു. ആര്യന്റെ സുഹൃത്ത് അര്‍ബാസ് മെര്‍ച്ചന്റിനും മോഡല്‍ മുണ്‍ മുണ്‍ ധമേച്ചയ്ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്.
നേരത്തെ ആര്യന്റെ അറസ്റ്റും ജാമ്യം നിഷേധിക്കലുമെല്ലാം വലിയ ചര്‍ച്ചയായിരുന്നു. ആര്യന്‍ മയക്കുമരുന്ന് ഉപയോഗിച്ചെന്നതിന് യാതൊരു തെളിവുമില്ല. അതുകൊണ്ട് ജാമ്യം എത്ര കാലം നിഷേധിക്കാനാവുമെന്ന ചോദ്യവുമുയര്‍ന്നിരുന്നു. മൂന്നാഴ്ച്ചയോളം ജയിലില്‍ കിടന്ന ശേഷമാണ് ആര്യന്‍ മോചിതനാവുന്നത്. ആര്യനും അര്‍ബാസിനും മുണ്‍ മുണ്‍ ധമേച്ചയ്ക്കും ജാമ്യം ലഭിച്ചെങ്കിലും ഇന്ന് പുറത്തിറങ്ങില്ല. നാളെയോ ശനിയാഴ്ച്ചയോ ആയിരിക്കും പുറത്തിറങ്ങാനാവുകയെന്ന് അര്‍ബാസിന്റെ അഭിഭാഷകന്‍ അമിത് ദേശായ് പറഞ്ഞു. ഹൈക്കോടതി ഉത്തരവ് നാളെ മാത്രമേ ലഭിക്കൂ. അതാണ് മോചനം വൈകാന്‍ കാരണം.
അര്‍ബാസിനെയും ആചിതിനെയും മാത്രമാണ് ക്രൂയിസ് ഷിപ്പില്‍ ആര്യന് അറിയുന്നതായി ഉണ്ടായിരുന്നതെന്ന് അഭിഭാഷകന്‍ മുകുള്‍ റോത്തഗി ഹൈക്കോടതിയില്‍ വാദിച്ചു. ആചിത് നാല് ദിവസം കഴിഞ്ഞാണ് അറസ്റ്റിലാവുന്നത്. ഇയാള്‍ മയക്കുമരുന്ന് ഡീലാണെന്ന് പറയുന്നു. എന്നാല്‍ ആകെ കൈവശമുള്ളത് 2.4 ഗ്രാം മയക്കുമരുന്നാണ്. ഒരു ഡീലറുടെ കൈവശം 200 ഗ്രാം മയക്കുമരുന്നെങ്കിലും ഇല്ലാതെ എങ്ങനെയാണ് അയാളെ ഡീലര്‍ എന്ന് വിളിക്കാനാവുകയെന്നും റോത്തഗി ചോദിച്ചു. ആര്യന്റെ അറസ്റ്റ് നിയമപരമായിട്ടാണെന്ന് എന്‍സിബി പറയുന്നു. എന്നാല്‍ ഗൂഢാലോചന തെളിയിക്കുക ബുദ്ധിമുട്ടാണെന്നും എന്‍സിബി വ്യക്തമാക്കി.












Click it and Unblock the Notifications