സോമനാഥ് ഭാരതിയെ കെജ്രിവാള്‍ കാക്കുമോ?
ദില്ലി: നിയമം ലംഘിച്ച തന്റെ മന്ത്രി സോമനാഥ് ഭാരതിയെ രക്ഷിക്കാന്‍ വേണ്ടിയാണ് ദില്ലിയിലെ ജനങ്ങളെ രണ്ട് ദിവസം ബുദ്ധിമുട്ടിച്ച് കെജ്രിവാള്‍ സമരം നടത്തിയത് എന്നായിരുന്നു പ്രതിപക്ഷം ആരോപിച്ചത്. പ്രതിപക്ഷമായ ബി ജെ പി മാത്രമല്ല, കോണ്‍ഗ്രസും രാഷ്ട്രീയ നിരീക്ഷകരും ഇതേ അഭിപ്രായം പറഞ്ഞു. സമരത്തെ തുടര്‍ന്ന്കുറ്റാരോപിതരായ രണ്ട് പോലീസുകാരെ മൂന്ന് ദിവസത്തെ ലീവില്‍ വിടാന്‍ കഴിഞ്ഞെങ്കിലും കെജ്രിവാളിനും ഭാരതിക്കും ആശ്വസിക്കാറായിട്ടില്ല.
തങ്ങളെ ആക്രമിച്ചത് സോമനാഥ് ഭാരതിയുടെ നേതൃത്വത്തില്‍ വന്ന ആള്‍ക്കൂട്ടമാണ് എന്ന് ഉഗാണ്ടന്‍ വനിത മജിസ്ട്രേറ്റിന് മൊഴി നല്‍കിയതാണ് സോമനാഥ് ഭാരതിയെ പ്രതിരോധത്തിലാക്കുന്ന പുതിയ കാര്യം. സ്ത്രീകള്‍ക്കെതിരെ നിന്ദാപരമായി സംസാരിച്ചതിന് ഭാരതിക്കെതിരെ കേസെടുക്കണമെന്ന് വനിതാ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു.

ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വുമണ്‍സ് അസോസിയേഷന്‍, നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണ്‍, ഓള്‍ ഇന്ത്യ പ്രോഗ്രസീവ് വുമണ്‍സ് അസോസിയേഷന്‍, സെന്റര്‍ ഫോര്‍ വുമണ്‍സ് ഡവലപ്‌മെന്റ് സ്റ്റഡീസ് എന്നീ സംഘടനകളാണ് നിയമമന്ത്രിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സോമനാഥ് ഭാരതിയുടെയും കൂട്ടരുടെയും ആക്രമണത്തില്‍ നിന്നും പോലീസുകാരാണ് തങ്ങളെ രക്ഷപ്പെടുത്തിയത് എന്ന് ഉഗാണ്ടന്‍ വനിതയുടെ മൊഴിയിലും പറയുന്നുണ്ട്.
മൊഴിയെത്തുടര്‍ന്ന് ദില്ലി വനിതാ കമ്മീഷന്‍ സോമനാഥ് ഭാരതിക്ക് നോട്ടീസ് അയച്ചിരുന്നു. ചൊവ്വാഴ്ച ഹാജരാകാന്‍ വേണ്ടിയാണ് നോട്ടീസ് അയച്ചതെങ്കിലും മന്ത്രി ഇതിനോട് പ്രതകരിച്ചില്ല. ഒരിക്കല്‍ കൂടി മന്ത്രിക്ക് നോട്ടീസ് അയക്കാനാണ് കമ്മീഷന്റെ തീരുമാനം. ഇതിനും പ്രതികരണം ഉണ്ടായില്ലെങ്കില്‍ മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഗവര്‍ണറെയും ദില്ലി പോലീസ് കമ്മീഷണറെയും സമീപിക്കും. സോമനാഥ് ഭാരതിയെ ഈ കേസില്‍ നിന്നും രക്ഷിക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്ത് ചെയ്യുമെന്ന് ഉറ്റുനോക്കുകയാണ് ദില്ലി.












Click it and Unblock the Notifications