വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന 3 വയസുകാരനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം; പ്രതി പിടിയിൽ
പാലക്കാട്: കഞ്ചിക്കോട് മൂന്നുവയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചയാള്‍ പിടിയിൽ. തമിഴ്‌നാട് സ്വദേശി സേലം ആത്തൂർ അമ്മൻപാളയം സെന്തില്‍ കുമാർ (47) എന്നയാളാണ് പിടിയിലായത്.ശനിയാഴ്ച രാത്രിയോടെയാണ് സംഭവം.
ഉത്തർപ്രദേശ് സ്വദേശികളായ ഖുർഷിത്തിന്റേയും സൽമയുടേയും കുഞ്ഞിനേയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. കുട്ടി വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്നു. കുട്ടിയുമായി ഇയാൾ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെ നാട്ടുകാരാണ് ഇയാളെ പിടികൂടിയത്. തുടർന്ന് പോലീസിൽ ഏൽപ്പിച്ചു.

കഞ്ചിക്കോട് ഇരുമ്പുരുക്ക് കമ്പനിയിലെ തൊഴിലാളിയണ് ഖുർഷിത്ത്.10 വർഷത്തോളമായി അതിഥിത്തൊഴിലാളികളുടെ കോളനിയായ കഞ്ചിക്കോട് കിഴക്കുമുറിയിലെ വാടക വീട്ടിലാണ് ഇവർ കഴിഞ്ഞിരുന്നത്. ഇവിടെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ മണിക്കൂറുകളോളം സെന്തിൽ നിരീക്ഷിച്ചു. ഇതിന് ശേഷം കുട്ടിയുടെ അടുത്തെത്തി ചോക്ലേറ്റ് നൽകി. ആരും ഇല്ലെന്ന് കണ്ടതോടെ കുട്ടിയുടെ കൈപിടിച്ച് നടക്കുകയായിരുന്നു.
തുടർന്ന് റെയിൽവേസ്റ്റേഷനിലേക്ക് പോകുന്നതിനായി സത്രപ്പടിയിലെത്തി.ഓട്ടോയിൽ കയറി സ്റ്റേഷനിൽ പോകാൻ ആവശ്യപ്പെട്ടു. എന്നാൽ ഓട്ടോറിക്ഷയില്‍ കയറുമ്പോള്‍ തന്നെ ഡ്രൈവർക്ക് സംശയം തോന്നുകയായിരുന്നു. ഇയാൾ തമിഴിലാണ് സംസാരിച്ചിരുന്നത്. കുട്ടി അതിഥിതൊഴിലാളിയുടെ മകനാണെന്ന് ഇയാൾ തിരിച്ചറിയുകയും ചെയ്തു. ഉടൻ തന്നെ പോലീസിനെ വിവരം അറിയിച്ചു.
നാട്ടുകാരേയും വിളിച്ച് കൂട്ടി.
പിന്നാലെ തന്നെ പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കുട്ടിയെ തട്ടികൊണ്ടുപോകാനായി പദ്ധതിയെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു. കുട്ടിയെ മാതാപിതാക്കൾക്ക് കൈമാറുകയും ചെയ്തു.
ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു. ഇയാൾ സംഭവ സമയത്ത് മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇയാളെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കും.












Click it and Unblock the Notifications