കാറിൽ സഞ്ചരിച്ച് കുടുംബത്തെ ആക്രമിച്ച് കവർച്ച ശ്രമം; പാലക്കാട് 3 പേർ അറസ്റ്റിൽ
പാലക്കാട്: ദേശീയപാതയിൽ കാറിൽ സഞ്ചരിച്ച കുടുംബത്തെ ആക്രമിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ 3 പേർ അറസ്റ്റിൽ. 1998ൽ കോയമ്പത്തൂർ സ്ഫോടന കേസിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള പോത്തനൂർ പിച്ചനൂർ സ്വദേശി അബുതാഹിർ (42)ഹൃത്തുക്കളായ പോത്തനൂർ സ്വദേശി നിസാവുദ്ദീൻ (36), പോത്തനൂർ സത്യസായി നഗർ ഫാത്തിമ റോഡിൽ ഫിറോസ്ഖാൻ (46) എന്നിവരാണ് പിടിയിലായത്. പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

ഞായറാഴ്ചയായിരുന്നു കോയമ്പത്തൂർ ആർഎസ്പുരത്തുള്ള ഷിഹാബിനും കുടുംബത്തിനും നേരെ ആക്രമണം ഉണ്ടായത്. മംഗലം ഡാമിലുള്ള ബന്ധുവീട്ടിലെത്തി കോയമ്പത്തൂരിലേക്കു മടങ്ങുകയായിരുന്നു ഷിഹാബും കുടുംബവും. അട്ടപ്പള്ളത്ത് ആളൊഴിഞ്ഞ മേഖലയിലെത്തിയപ്പോൾ പ്രതികൾ സഞ്ചരിച്ച കാർ ഷിഹാബിന്റെ കാറിനെ പിന്തുടർന്നെത്തുകയായിരുന്നു. ആദ്യം ഇവർ ഷിഹാബിന്റെ വാഹനത്തെ ഇടിച്ചു മനപ്പൂർവ്വം പ്രശ്നം ഉണ്ടാക്കി. പിന്നാലെ ആളൊഴിഞ്ഞ ഇടത്ത് വെച്ച് വാഹനം കാറിന് വിലങ്ങനെ നിർത്തി.
തുടർന്ന് കാറിൽ നിന്നും ഇറങ്ങിയ സംഘം ഷിഹാബിന്റെ വാഹനത്തിന്റെ ചില്ല് അടിച്ച് തകർത്തു. ഇതിനു ശേഷം കാറിനടുത്തേക്ക് ഇവർ പാഞ്ഞെത്തിയെങ്കിലും ശബ്ദം കേട്ട് ആളുകൾ കൂടിയതോടെ പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിൽ ഷിഹാബിന്റെ കാലിനും നെഞ്ചിനും പരിക്കേറ്റിരുന്നു. ഉടനെ സ്ഥലത്തെത്തിയ വാളയാർ പോലീസ് പ്രതികൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കി. തുടർന്നാണ് ഇന്ന് ചാവടിയിൽ വെച്ച് പോലീസ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.












Click it and Unblock the Notifications