എവി ഗോപിനാഥ് നവകേരള സദസിൽ; എത്തിയത് സിപിഎം ജില്ലാ സെക്രട്ടറിയുടെ കാറിൽ..'ഇപ്പോഴും കോൺഗ്രസുകാരൻ'
പാലക്കാട്: നവകേരള സദസിൽ പങ്കെടുത്ത് മുൻ ഡി സി സി അധ്യക്ഷൻ എ വി ഗോപിനാഥ്. സി പി എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിന്റെ കാറിലായിരുന്നു ഗോപിനാഥ് പരിപാടിക്കെത്തിയത്. വികസനത്തിനൊപ്പമാണ് താനെന്നും ഇപ്പോഴും കോൺഗ്രസുകാരനാണെന്നും ഗോപിനാഥ് പ്രതികരിച്ചു.
ഗോപിനാഥിനെ അനുനയിപ്പിക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ തീവ്രശ്രമങ്ങൾക്കിടെയാണ് അദ്ദേഹം നവകേരള സദസിനെത്തിയത്. സുരേഷ് ബാബു ഗോപിനാഥിനെ വീട്ടിലെത്തി കൂട്ടിക്കൊണ്ടുവരികയായിരുന്നു. അതേസമയം താൻ സി പി എമ്മിനൊപ്പം ഇനിയുണ്ടാകുമോയെന്ന് പറയാൻ സാധിക്കില്ലെന്നും ഗോപിനാഥ് പ്രതികരിച്ചു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാർ വരികയല്ലേ, അപ്പോൾ പാലക്കാട് ജില്ലയിലെ ചില കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താനാണ് വന്നത്. സുരേഷ് ബാബു എന്റെ ആത്മസുഹൃത്താണ്. അതുകൊണ്ടാണ് ഒന്നിച്ച് വന്നത്. നാളെ എന്തെന്ന് പ്രവചിക്കാൻ കഴിയുന്ന ജ്യോത്സ്യനൊന്നുമല്ലല്ലോ ഞാൻ. എന്തും സംഭവിക്കാം എന്ന് പറയാതിരിക്കാൻ സാധിക്കില്ല', ഗോപിനാഥ് പറഞ്ഞു.
നവകേരള സദസിനേയും ഗോപിനാഥ് അഭിനന്ദിച്ചു. 'ജനങ്ങളുമായി സംവദിക്കാൻ മുഖ്യമന്ത്രി കാണിച്ച ധീരമായ തീരുമാനമാണത്. ഞാൻ ഇപ്പോഴും ഉറച്ച കോൺഗ്രസുകാരനാണ്. ഇനിയും കോൺഗ്രസിൽ തുടരാൻ അവസരം ഉണ്ടെങ്കിൽ ഞാൻ തുടരും. മുഖ്യമന്ത്രിയുടെ പരിപാടി പാലക്കാട് ജില്ലയിൽ വൻ വിജയമായിരിക്കും. പരിപാടിയിൽ പങ്കെടുക്കരുതെന്ന് കോൺഗ്രസ് നേതൃത്വം എന്നോട് പറഞ്ഞിട്ടില്ല', ഗോപിനാഥ് പറഞ്ഞു.
2021 ൽ നേതൃത്വവുമായി ഇടഞ്ഞ് കോൺഗ്രസിൽ നിന്നും രാജിവെച്ചതാണ് ഗോപിനാഥ്. പാർട്ടിയിൽ നിന്ന് രാജിവെച്ചെങ്കിലും സി പി എമ്മിലേക്ക് പോകാൻ അദ്ദേഹം തയ്യാറായിരുന്നില്ല. പല തവണ സി പി എം ഗോപിനാഥിനെ മറുകണ്ടം ചാടിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും മറ്റൊരു പാർട്ടിയിലേക്ക് ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. നവകേരള സദസിൽ പങ്കെടുത്തതോടെ ഗോപിനാഥിന്റെ സി പി എം പ്രവേശനം ഉണ്ടായേക്കുമെന്നാണ് അഭ്യൂഹങ്ങൾ ശക്തമാണ്.
അദ്ദേഹം പരിപാടിയിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചത് മുതൽ തന്നെ കോൺഗ്രസ് നേതൃത്വം ഗോപിനാഥിനെ ബന്ധപ്പെട്ടിരുന്നു. കെ സുധാകരന്റെ നിർദ്ദേശ പ്രകാരം രമ്യ ഹരിദാസ് എംപിയായിരുന്നു അദ്ദേഹവുമായി ചർച്ച നടത്തിയത്. എന്നാൽ പരിപാടിയിൽ താൻ പങ്കെടുക്കുമെന്ന് അദ്ദേഹം ആവർത്തിക്കുകയായിരുന്നു. അതേസമയം ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് സി പി എമ്മിലേക്കെന്ന തീരുമാനം ഗോപിനാഥ് കൈക്കൊണ്ടാൽ അത് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത ക്ഷീണമാകുമെന്ന കാര്യത്തിൽ തർക്കമില്ല.












Click it and Unblock the Notifications