പി കെ ശശിയ്‌ക്കെതിരായ സിപിഎം അച്ചടക്ക നടപടിയ്ക്ക് അംഗീകാരം; പാർട്ടി പദവികൾ നഷ്ടമാകും
പാലക്കാട്: സി പി എം നേതാവും കെ ടി ഡി സി ചെയര്‍മാനുമായ പി കെ ശശിക്കെതിരായ അച്ചടക്ക നടപടിക്ക് അംഗീകാരം നൽകി സിപിഎം സെക്രട്ടറിയേറ്റ്. ആദ്യം ജില്ലാ കമ്മിറ്റി എടുത്ത തീരുമാനം സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. ഇതോടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പാര്‍ട്ടി പദവികളും ശശിക്ക് നഷ്ടപ്പെടും.
മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ടിൽ തിരിമറി നടത്തിയെന്നാണ് പി കെ ശശിക്കെതിരെ ഉയർന്ന ആരോപണം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള സമിതിയാണ് അന്വേഷണം നടത്തിയത്. അന്വേഷണത്തിൽ ഓഫിസ് നിര്‍മാണ ഫണ്ട് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് സമിതി കണ്ടെത്തിയത്. മാത്രമല്ല മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ വകുപ്പിലെ വിവിധ സൊസെറ്റികളില്‍ പാര്‍ട്ടി അറിയാതെ 35 നിയമനങ്ങള്‍ നടത്തിയെന്നും യൂണിവേഴ്‌സല്‍ കോളേജില്‍ ചെയര്‍മാനാകാന്‍ മണ്ണാര്‍ക്കാട് താലൂക്കിലുള്ള സഹോദരിയുടെ അഡ്രസില്‍ അഡ്രസ് പ്രുഫ് ഉണ്ടാക്കിയെന്നുമുള്ള കണ്ടെത്തലുകളും പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നടപടി.

മുൻ ഷൊർണൂർ എം എൽ എയായ പി കെ ശശിയെ നേരത്തേ പാർട്ടിയിൽ നിന്നും സസ്പെന്റ് ചെയ്തിരുന്നു. ലൈംഗികാരോപണത്തെ തുടർന്നായിരുന്നു നടപടി. എന്നാൽ സസ്‌പൻഷൻ കാലാവധിക്ക് ശേഷം അദ്ദേഹം പാർട്ടിയിൽ തിരികെയെത്തി പിന്നാലെ ടൂറിസം വകുപ്പിന് കീഴിലെ കെ ടി ഡി സി ചെയർമാനും ആയി.അതേസമയം അച്ചടക്ക നടപടിക്ക് അംഗീകാരം ലഭിച്ചതോടെ കെ ടി ഡി സി ചെയർമാൻ സ്ഥാനവും ഇനി ശശി രാജിവെയ്ക്കേണ്ടി വരും. നേരത്തേ രാജി സംബന്ധിച്ച് ചോദ്യത്തിന് രാജിവെയ്ക്കില്ലെന്നും തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ കല്പിത കഥകളാണെന്നുമായിരുന്നു ശശി പറഞ്ഞത്.












Click it and Unblock the Notifications