റിയാസ് മുക്കോളിയ്ക്ക് കന്നിയങ്കം; പട്ടാമ്പിയില്‍ ഇത്തവണ പോരാട്ടം പൊടിപാറും... അങ്കത്തട്ടില്‍ യുവാക്കള്‍
പട്ടാമ്പി: ഇഎംഎസ് നമ്പൂതിരിപ്പാട് മൂന്ന് തവണ തുടര്‍ച്ചയായി മത്സരിച്ച് വിജയിച്ച മണ്ഡലം ആണ് പട്ടാമ്പി. 1970 ലെ തിരഞ്ഞെടുപ്പില്‍ ആയിരുന്നു ഇഎംസ് പട്ടാമ്പിയില്‍ അവസാനം മത്സരിച്ചത്. പതിറ്റാണ്ടുകളായി എല്‍ഡിഎഫില്‍ സിപിഐ മത്സരിക്കുന്ന മണ്ഡലം ആരുടേയെങ്കിലും കുത്തകയാണെന്ന് പറയാന്‍ ആവില്ല.
ഇത്തവണ രണ്ട് യുവാക്കള്‍ നേര്‍ക്കുനേര്‍ പോരാടുന്ന മണ്ഡലം എന്ന പ്രത്യേകതയും പട്ടാമ്പിയ്ക്കുണ്ട്. സിപിഐ സ്ഥാനാര്‍ത്ഥിയായി സിറ്റിങ് എംഎല്‍എ മുഹമ്മദ് മുഹ്‌സിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഒടുവില്‍ കോണ്‍ഗ്രസിനും പട്ടാമ്പിയില്‍ സ്ഥാനാര്‍ത്ഥിയായി.

റിയാസ് മുക്കോളി
യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് ആണ് കൊണ്ടോട്ടി സ്വദേശിയായ റിയാസ് മുക്കോളി. കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്ന നിലയില്‍ പാര്‍ട്ടിയ്ക്കുള്ളിലും പുറത്തും മികച്ച അഭിപ്രായം നേടിയ ആളാണ്.

കന്നിയങ്കം
റിയാസിന് ഇത് നിയമസഭ തിരഞ്ഞെടുപ്പില്‍ കന്നിയങ്കമാണ്. മുസ്ലീം ലീഗിന് വലിയ അപ്രമാദിത്തമുള്ള മലപ്പുറം ജില്ലയില്‍ നിന്ന് ഉയര്‍ന്നുവന്ന റിയാസ് ഇത്തവണ പ്രതീക്ഷിച്ചിരുന്നത് തവനൂര്‍ സീറ്റ് ആയിരുന്നു. അവിടെ ഒടുവില്‍ ഫിറോസ് കുന്നംപറമ്പിലിനെ ആണ് കോണ്‍ഗ്രസ് രംഗത്തിറക്കിയത്.

മുഹ്‌സിന്റെ രണ്ടാമങ്കം
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഹമ്മദ് മുഹ്‌സിനും കന്നി പോരാട്ടമായിരുന്നു. ജെഎന്‍യു സമര നേതാവ് എന്ന നിലയില്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ച മുഹ്‌സിനെ മണ്ഡലം തിരിച്ചുപിടിക്കാന്‍ സിപിഐ രംഗത്തിറക്കി. അത് ഫലം കാണുകയും ചെയ്തു.

സിപി മുഹമ്മദിനെ അട്ടിമറിച്ചു
2011 ല്‍ അട്ടിമറി വിജയം നേടി മണ്ഡലം പിടിച്ച കോണ്‍ഗ്രസിന്റെ സിപി മുഹമ്മദ്, പിന്നീട് നടന്ന രണ്ട് തിരഞ്ഞെടുപ്പിലും വിജയിച്ച് ഹാറ്റ്ട്രിക് അടിത്തിരുന്നു. നാലാമങ്കത്തിനറങ്ങിയ സിപി മുഹമ്മദിനെയാണ് 2016 ല്‍ മുഹ്‌സിന്‍ കന്നിയങ്കത്തില്‍ തോല്‍പിച്ചത്.

എല്‍ഡിഎഫിന് മുന്‍തൂക്കം
തദ്ദേശ തിരഞ്ഞെടുപ്പില്‍ ചില എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ യുഡിഎഫ് തിരിച്ചുപിടിച്ചു എന്നത് യാഥാര്‍ത്ഥ്യമാണ്. എങ്കിലും മണ്ഡലത്തില്‍ എല്‍ഡിഎഫിന് തന്നെയാണ് ഭൂരിപക്ഷം. 8791 വോട്ടുകളുടെ ലീഡ് ഉണ്ട് നിലവില്‍. ഇത് കൂടാതെ, സ്ഥാനാര്‍ത്ഥി നിര്‍ണയം നേരത്തേ പൂര്‍ത്തിയായി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതിന്റെ ആശ്വാസവും ഉണ്ട്.

യുവാക്കളുടെ പോരാട്ടം
പട്ടാമ്പിയുടെ സമീപകാല ചരിത്രത്തില്‍ ഒന്നും തന്നെ രണ്ട് യുവാക്കള്‍ നേരിട്ട് ഏറ്റുമുട്ടുന്ന ഒരു സാഹചര്യം ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തവണ തീപാറുന്ന പോരാട്ടമായിരിക്കും എന്നാണ് വിലയിരുത്തുന്നത്. സിപി മുഹമ്മദ് തുടര്‍ച്ചയായി വിജയിച്ച മണ്ഡലം റിയാസ് മുക്കോളി തിരിച്ചുപിടിക്കുമോ, അതോ ഇഎംഎസ് മൂന്ന് തവണ തുടര്‍ച്ചയായി വിജയച്ച മണ്ഡലം മുഹ്‌സിന്‍ നിലനിര്‍ത്തുമോ എന്നാണ് ഇനി അറിയേണ്ടത്.












Click it and Unblock the Notifications