എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്‍ ആലത്തൂരിൽ പത്രിക നൽകി;പാലക്കാട് പത്രിക നൽകിയത് 3 പേർ
പാലക്കാട്: ആലത്തൂര്‍ ലോക്‌സഭാ മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ജില്ലാപഞ്ചായത്ത് പരിസരത്തുനിന്നും പ്രകടനമായി കളക്ടറേറ്റില്‍ എത്തിയാണ് കെ രാധാകൃഷ്ണന്‍ പത്രിക സമര്‍പ്പിച്ചത്.
തിരഞ്ഞെടുപ്പിൽ ഇതുവരെ തോൽവി അറിയാത്ത നേതാവാണ് കെ രാധാകൃഷ്ണൻ. മുതിർന്ന നേതാവും മന്ത്രിയുമായ കെ രാധാകൃഷ്ണനിലൂടെ ഇത്തവണ ആലത്തൂർ തിരിച്ചുപിടിക്കാമെന്ന് സി പി എം പ്രതീക്ഷ വെയ്ക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംപിയായിരുന്ന പി കെ ബിജുവിനെ ഒന്നര ലക്ഷത്തില്‍പരം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി യു ഡി എഫിൻറെ രമ്യ ഹരിദാസ് ആണ് മണ്ഡലത്തിൽ വിജയിച്ചത്. ഇത്തവണയും രമ്യ തന്നെയാണ് യു ഡി എഫിന് വേണ്ടി മത്സരിക്കുന്നത്. വിജയം ആവർത്തിക്കുമെന്നാണ് യു ഡി എഫ് അവകാശവാദം.

അതിനിടെ പാലക്കാട് മണ്ഡലത്തിൽ ഇതുവരെ 3 പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. സി പി എം ഔദ്യോഗിക സ്ഥാനാർത്ഥിയായി എ. വിജയരാഘവന്‍, ഡമ്മി സ്ഥാനാര്‍ത്ഥിയായി കെ എസ് സലീഖ എന്നിവരും ഗണ സുരക്ഷാ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി അന്നമ്മ കുര്യാക്കോസുമാണ് വരണാധികാരിയായ ജില്ലാ കലക്ടര്‍ ഡോ. എസ് ചിത്ര മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. എ. വിജയരാഘവന്‍, കെ എസ് സലീഖ എന്നിവര്‍ മൂന്ന് സെറ്റ് വീതവും അന്നമ്മ കുര്യാക്കോസ് ഒരു സെറ്റും നാമനിര്‍ദേശ പത്രികയുമാണ് സമര്‍പ്പിച്ചത്.
സ്ഥാനാര്‍ത്ഥികള്ക്ക് ഏപ്രില്‍നാല് വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 മണി മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് പത്രിക നല്‍കാവുന്നത്. പാലക്കാട് മണ്ഡലത്തിന്റെ വരണാധികാരിയായ ജില്ലാ കലക്ടര്‍ മുന്‍പാകെയും ആലത്തൂര്‍ മണ്ഡലത്തിന്റെ വരണാധികാരിയായ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് മുമ്പാകെയും അതാത് മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികകള്‍ നല്‍കാം. തെരഞ്ഞെടുപ്പ് കമ്മിഷന്റെ സുവിധ പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായും പത്രിക സമര്‍പ്പിക്കാം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ അപേക്ഷയുടെ ഹാര്‍ഡ് കോപ്പി വരണാധികാരി മുമ്പാകെ നല്‍കണം. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. ഏപ്രില്‍ എട്ട് വരെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം. ഏപ്രില്‍ 26 ന് വോട്ടെടുപ്പും ജൂണ്‍ നാലിന് വോട്ടെണ്ണലും നടക്കും.












Click it and Unblock the Notifications