'വികെ ശ്രീകണ്ഠനെ വിജയിപ്പിക്കുക'; പാലക്കാട് മണ്ഡലത്തിലും കോൺഗ്രസ് സ്ഥാനാർത്ഥിക്കായി ചുവരെഴുത്ത്
പാലക്കാട്: തൃശൂരിൽ ടി എൻ പ്രതാപന് പിന്നാലെ പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാർഥിക്കായി ചുവരെഴുത്ത്. വി കെ ശ്രീകണ്ഠനെ വിജയിപ്പിക്കുക എന്നാണ് ചുവരെഴുത്ത്. ഒലവക്കോട് റെയിൽവേ കോളനിയിലാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്.
പുതുപ്പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയാണ് ശ്രീകണ്ഠനുവേണ്ടി പ്രചാരണം ആരംഭിച്ചത്. സ്ഥാനാർഥി വി കെ ശ്രീകണ്ഠനാണെന്ന് ഉറപ്പ് ലഭിച്ചെന്ന് പുതുപ്പരിയാരം മണ്ഡലം പ്രസിഡന്‍റ് പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇത്തവണയും മണ്ഡലത്തിൽ വലിയ പ്രതീക്ഷയാണെന്ന് അദ്ദേഹം പ്രതികരിച്ചു.. വേഗത്തിൽ തന്നെ പ്രചരണം തുടങ്ങുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തന്റെ അറിവോടെയല്ല ചുവരെഴുത്ത് എന്നാണ് വി കെ ശ്രീകണ്ഠൻറെ മറുപടി.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ യു ഡി എഫ് അട്ടിമറി വിജയം നേടിയ മണ്ഡലമായിരുന്നു പാലക്കാട്. എൽ ഡി എഫിന്റെ ഉറച്ച കോട്ടയായ പാലക്കാട് എം ബി രാജേഷിനെയായിരുന്നു വികെ ശ്രീകണ്ഠൻ പരാജയപ്പെടുത്തിയത്. 11,637 വോട്ടുകള്‍ക്കായിരുന്നു രാജേഷ് അട്ടിമറിക്കപ്പെട്ടത് .ശ്രീകണ്ഠന് 399274 വോട്ടുകള്‍ ലഭിച്ചു. ഇക്കുറിയും ശ്രീകണ്ഠനിലൂടെ മണ്ഡലം നിലനിർത്താൻ ആകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.
എന്നാൽ തങ്ങൾക്കേറ്റ കനത്ത തിരിച്ചടിക്ക് മറുപടി നൽകാൻ തയ്യാറെടുക്കുകയാണ് ഇവിടെ സി പി എം. ഇതിനോടകം തന്നെ ബൂത്ത് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. സ്ഥാനാർത്ഥി ചർച്ചകൾക്കും അനൗദ്യോഗികമായി തുടക്കം കുറിച്ചിട്ടുണ്ട്. രാജേഷ് മന്ത്രിസഭയിൽ എത്തിയതോടെ മറ്റ് പേരുകളാണ് ഇത്തവണ ചർച്ചയാകുന്നത്. യുവ നേതാവ് എം സ്വരാജിനെ മണ്ഡലത്തിൽ പരിഗണിക്കണമെന്ന ആവശ്യം ശക്തമാണ്. 2021 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് മുതൽ സ്വരാജിനെ ലോക്സഭയിലേക്ക് മത്സരിപ്പിക്കണമെന്ന ആവശ്യം പ്രവത്തർകർ ഉയർത്തിയിരുന്നു.
അതിനിടെ കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവന്റെ പേരും മണ്ഡലത്തിൽ ഉയർന്ന് കേൾക്കുന്നുണ്ട്. ഈ പേരുകളല്ലാതെ അവസാന നിമിഷം പാർട്ടി മറ്റ് സർപ്രൈസുകൾ അവതരിപ്പിക്കുമോയെന്ന് കാത്തിരുന്ന് കാണണം. ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യർ എന്നിവരെയാണ് ബി ജെ പി പരിഗണിക്കുന്നതെന്നാണ് സൂചന. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെ ഇവിടെ നിന്ന് മത്സരിപ്പിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങളും ബി ജെ പിയിൽ ശക്തമാണ്.












Click it and Unblock the Notifications