പാലക്കാട് ഞെട്ടൽ മാറാതെ ബിജെപി; കെ സുരേന്ദ്രനും കൃഷ്ണകുമാറിനുമെതിരെ പടയൊരുക്കം
പാലക്കാട്ടെ തിരിച്ചടിയുടെ ഞെട്ടലിലാണ് ബി ജെ പി ക്യാമ്പ്. ശക്തികേന്ദ്രമായ നഗരസഭയിൽ അടക്കം വലിയ വോട്ട് നഷ്ടമാണ് പാർട്ടിക്ക് ഉണ്ടായത്. ഏകദേശം 10,000ത്തോളം വോട്ടാണ് നഗരസഭ പരിധിയിൽ ബി ജെ പിക്ക് നഷ്ടമായത്. അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനുമെതിരെ പാർട്ടിയിൽ പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു.
സംസ്ഥാനത്ത് ബി ജെ പിക്ക് ഏറ്റവും വിജയ സാധ്യതയുള്ള മണ്ഡലമായ പാലക്കാട് ശക്തനായ സ്ഥാനാർത്ഥിയെ നിർത്തിയാൽ ഇത്തവണ അട്ടിമറി ഉണ്ടാക്കാം എന്നായിരുന്നു നേതൃത്വത്തിന്റെ കണക്ക് കൂട്ടൽ. മത്സരിച്ചിടത്തെല്ലാം വോട്ട് ഉയർത്തിയ ശോഭ സുരേന്ദ്രൻ സ്ഥാനാർത്ഥിയാകട്ടെയെന്ന നിർദ്ദേശമാണ് തുടക്കം മുതൽ ഉയർന്നത്. സ്ഥാനാർത്ഥി നിർണയത്തിനായി പാർട്ടി നടത്തിയ ആഭ്യന്തര സർവ്വെയിലും ശോഭയ്ക്കായിരുന്നു മുൻതൂക്കം. എന്നാൽ കെ സുരേന്ദ്ര പക്ഷം ശോഭയെ മത്സരിപ്പിക്കുന്നതിനെ ശക്തമായി എതിർത്തു. സി കൃഷ്ണകുമാറിനെ സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചു.

പാർട്ടിക്കുള്ളിൽ വലിയ അതൃപ്തിക്കാണ് ഇത് കാരണമായത്. സി കൃഷ്ണകുമാറിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ തന്നെ ശോഭ പക്ഷത്തെ നേതാക്കൾ പരസ്യമായി തങ്ങളുടെ അതൃപ്തി പ്രകടിപ്പിച്ചു. ശോഭ സുരേന്ദ്രൻ തിരഞ്ഞെടുപ്പ് പ്രചരങ്ങളിൽ നിന്നും ആദ്യ ദിവസങ്ങളിൽ നിന്ന് വിട്ട് നിൽക്കുകയും ചെയ്തിരുന്നു. ഒടുവിൽ നേതൃത്വം ഇടപെട്ടാണ് അവരെ അനുനയിപ്പിച്ചത്.
ഇതിനിടയിലാണ് കെ കൃഷ്ണകുമാറിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ സന്ദീപ് വാര്യർ അടുത്ത വെടി പൊട്ടിച്ചത്. പാലക്കാട് ബി ജെ പിയെ കൃഷ്ണകുമാറും ഭാര്യയും ചേർന്ന് ഹൈജാക്ക് ചെയ്യുകയാണെന്ന് സന്ദീപ് ആരോപിച്ചു. സുരേന്ദ്രന്റെ നേതൃത്വത്തിനെതിരെ പരസ്യവിമർശനവും ഉയർത്തി സന്ദീപ് പാർട്ടി വിട്ടു. യുവാക്കൾക്കിടയിൽ വലിയ സ്വാധീനമുള്ള നേതാവ് കൂടിയാണ് സന്ദീപ് വാര്യർ എന്നത് കൂടി ഓർക്കണം.
കൃഷ്ണകുമാറിന്റെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി ഉയർന്ന ആഭ്യന്തര പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയാതിരുന്നത് തന്നെയാണ് ബി ജെ പിയുടെ ഈ തിരിച്ചടിക്ക് കാരണമായതെന്ന കാര്യത്തിൽ തർക്കമില്ല. തോൽവിയിൽ ഇതിനോടകം തന്നെ കെ സുരേന്ദ്രനെതിരെ ഒളിയമ്പുമായി നേതാക്കൾ എത്തിക്കഴിഞ്ഞു. പാലക്കാട്ടെ പരാജയത്തിൽ സംഘടന വീഴ്ചയുണ്ടായോ എന്ന ചോദ്യത്തിന് കെ സുരേന്ദ്രനോട് ചോദിക്കൂവെന്നായിരുന്നു സംസ്ഥാന ഉപാധ്യക്ഷൻ കൂടിയായ ബി ഗോപാലകൃഷ്ണന്റെ പ്രതികരണം. പാർട്ടി സംസ്ഥാന അധ്യക്ഷൻ നേതൃത്വം നൽകിയിട്ടും വോട്ട് ചോർച്ച ഉണ്ടായത് ഗൗരവമായ ചിന്തയ്ക്ക് വിധേയമാക്കണമെന്നാണ് പാർട്ടി വക്താവ് സന്ദീപ് വചസ്പതി പ്രതികരിച്ചത്. വരും ദിവസങ്ങളിൽ തോൽവിയെ ചൊല്ലി കൂടുതൽ പൊട്ടിത്തെറികൾ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications