'ഓപ്പറേഷൻ പാലക്കാട്'; ഉപതിരഞ്ഞെടുപ്പിന് പണി തുടങ്ങി ബിജെപി
പാലക്കാട്: ഉപതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ബിജെപി. ഇതിന്റെ ആദ്യപടിയായിട്ടാണ് രണ്ട് കേന്ദ്ര മന്ത്രിമാർക്കുമുള്ള സംസ്ഥാനത്തെ ആദ്യ സ്വീകരണം ബി ജെ പി കഴിഞ്ഞ ദിവസം പാലക്കാട് ഒരുക്കിയത്. വരും ദിവസങ്ങളിൽ മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ സജീവമാക്കാൻ ഒരുങ്ങുകയാണ് ബി ജെ പി.
പരിപാടിയിൽ ഉടനീളം ഉപതിരഞ്ഞെടുപ്പിനെ കുറിച്ചായിരുന്നു നേതാക്കൾ സംസാരിച്ചത്. അടുത്ത തൃശൂർ പൂരം ബി ജെ പി എംപിയോടൊപ്പം ആഘോഷിക്കാനുള്ള തീരുമാനം തൃശ്ശൂരുകാർ എടുത്തതുപോലെ അടുത്ത കല്പാത്തി രഥോത്സവം ബി ജെ പിയോടൊപ്പം ആഘോഷിക്കാനുള്ള തീരുമാനം പാലക്കാട് മണ്ഡലത്തിലെ ജനങ്ങൾ എടുക്കണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ പരിപാടിയിൽ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിലെ വിജയത്തിലൂടെയുണ്ടായത് മിനി വെടിക്കെട്ടാണ്. അടുത്ത വെടിക്കെട്ട് പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പിലുണ്ടാകും. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഊർജമുൾക്കൊണ്ട് പ്രവർത്തിച്ചാൽ പാലക്കാട്ട് താമര വിരിയും എന്നായിരുന്നു പി കെ കൃഷ്ണദാസിന്റെ പ്രതികരണം.

'നിങ്ങള്‍ എനിക്കു പാലക്കാട് തന്നോളൂ, ഈ കേരളം ഞങ്ങളിങ്ങ് എടുക്കും' എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ. 'തൃശൂര്‍ എനിക്ക് ഇഷ്ടമാണ്, എനിക്ക് വേണം, തൃശൂര്‍ എനിക്ക് തരണം എന്നാണ് ഞാന്‍ പറഞ്ഞത്. അതിനുശേഷമാണ് തൃശൂര്‍ ഞാന്‍ എടുക്കുവാ എന്ന് പറഞ്ഞത്. നിങ്ങള്‍ എനിക്ക് പാലക്കാട് തന്നോളൂ, ഈ കേരളം ഞങ്ങളിങ്ങ് എടുക്കും', സുരേഷ് ഗോപി പറഞ്ഞു.
തൃശൂരിലെ വിജയം ആവേശമാക്കി പ്രവർത്തിച്ചാൽ പാലക്കാടും പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. ബി ജെ പി രണ്ടാമത് നിൽക്കുന്ന മണ്ഡലത്തിൽ ശക്തനായ നേതാവ് ഇറങ്ങിയാൽ മണ്ഡലം കൂടെ പോരുമെന്ന് നേതൃത്വം കരുതുന്നു. മണ്ഡലത്തിൽ ശോഭ സുരേന്ദ്രൻ മത്സരിക്കട്ടെയെന്നാണ് ഒരു വിഭാഗം ഉയർത്തുന്ന ആവശ്യം. ആർ എസ് എസിനും ഇതേ നിലപാടാണ്.
മത്സരിച്ച മണ്ഡലങ്ങളിലെല്ലാം ശോഭയ്ക്ക് വോട്ടുയർത്താൻ സാധിച്ചിട്ടുണ്ട്. ശോഭ പാലക്കാട് ഇറങ്ങിയാൽ വോട്ട് കുത്തനെ ഉയർത്താമെന്നും അട്ടിമറി ഉണ്ടാക്കാമെന്നും നേതാക്കൾ കരുതുന്നു. എന്നാൽ ജില്ലയിൽ നിന്ന് തന്നെയുള്ള നേതാക്കൾ മതിയെന്ന നിലപാടിലാണ് ജില്ലാ നേതൃത്വം. അങ്ങനെയെങ്കിൽ സന്ദീപ് വാര്യർ, കൃഷ്ണകുമാർ എന്നിവരുടെ പേരുകൾക്കായിരിക്കും മുൻതൂക്കം ലഭിക്കുക. ദേശീയ നേതൃത്വത്തിന്റെ കൂടി നിലപാട് ഇക്കാര്യത്തിൽ നിർണായകമായിരിക്കും.












Click it and Unblock the Notifications