'പത്മജ പോയില്ലായിരുന്നെങ്കിൽ ഞാൻ ജയിച്ചേനെ,സരിൻ മിടുക്കനായത് കൊണ്ടല്ലേ ഒറ്റപ്പാലത്ത് മത്സരിപ്പിച്ചത്'
പാലക്കാട്: പത്മജ വേണുഗോപാൽ കോൺഗ്രസ് വിട്ടില്ലായിരുന്നുവെങ്കിൽ താൻ വടകരയിൽ തന്നെ മത്സരിച്ചേനെയെന്ന് കെ മുരളീധരൻ. അവർ പാർട്ടി വിട്ടത് കൊണ്ടാണ് തനിക്ക് തൃശൂർ മത്സരിക്കേണ്ടി വന്നത്. അവർ കോൺഗ്രസിൽ തന്നെ തുടർന്നിരുന്നെങ്കിൽ താൻ വീണ്ടും എംപിയായേനേയെന്നും അദ്ദേഹം പറഞ്ഞു.
'പാര്‍ട്ടിയില്‍ നിന്ന് അവർ പോകുന്നതിന് മുമ്പ് തൃശൂരിൽ നിന്നും പേര് കേൾക്കുന്നുണ്ടല്ലോയെന്നടക്കം ചില കാര്യങ്ങൾ പറഞ്ഞിരുന്നു. ഞാൻ പറഞ്ഞത് ഞാൻ വടകരയിലെ എംപിയാണ് അവിടെ നിന്ന് മാറേണ്ട സാഹചര്യം ഇല്ലെന്നാണ്. അവര്‍ പോയപ്പോഴാണോല്ലോ മാറേണ്ടി വന്നത്. അവര്‍ മാറാതിരുന്നെങ്കിൽ ഞാന്‍ വടകരയില്‍ തന്നെ നിന്നേനെ, എം പിയായേനെ. അവര്‍ക്കും പാര്‍ട്ടിയില്‍ ഒരു അഡ്രസ് ഉണ്ടായേനെ. ഇപ്പോള്‍ എന്തായി പോയിട്ട് വല്ല മെച്ചവുമുണ്ടായോ?', മുരളീധരൻ പറഞ്ഞു.

'എന്തിനാണ് പെട്ടിവിവാദം ഉണ്ടാക്കിയത്. പെട്ടിക്കകത്ത് പണം ഉണ്ടായിരുന്നെങ്കിൽ ആരാണ് കണ്ടുപിടിക്കേണ്ടത്. എന്തുകൊണ്ടാണ് റെയ്ഡിന് മുൻപ് സ്ക്വാഡിനെ അറിയിക്കാതിരുന്നത്', അദ്ദേഹം ചോദിച്ചു. പാലക്കാട് സ്ഥാനാർത്ഥി നിർണയത്തിലെ തർക്കത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ' പുതിയ സ്ഥാനാര്‍ഥികള്‍ വരുമ്പോള്‍ സ്വാഭാവികമായും തർക്കം വരും. പക്ഷെ സ്ഥാനാർത്ഥി നിർണയത്തിന് ശേഷം കത്തിൽ ഒപ്പിട്ടവരടക്കം സ്ഥാനാർത്ഥിയെ ഏറ്റെടുത്തു. ഇന്ന് വരേയുള്ള മുഴുവൻ പ്രചരണവും നല്ല രീതിയിലാണ് നടന്നത്. ശശി തരൂർ തിരുവനന്തപുരത്ത് മത്സരിക്കാൻ പോയപ്പോൾ അദ്ദേഹത്തിന്റെ കോലം ചിലർ കത്തിച്ചു. അന്ന് അദ്ദേഹം ഒരു ലക്ഷത്തിന് മുകളിൽ വോട്ടിന് ജയിച്ചു. ഞാൻ വട്ടിയൂർക്കാവിൽ ആദ്യമായി മത്സരിക്കാൻ പോയപ്പോൾ എനിക്കെതിരെ പന്തംകൊളുത്തി പ്രകടനം നടന്നു. അന്ന് ഞാൻ 16,000 വോട്ടിന് ജയിച്ചു.
ജനാധിപത്യപാർട്ടിയിൽ സ്വാഭാവികമായും സ്ഥാനാർത്ഥി വരുമ്പോൾ തർക്കം വരും. സരിനെ സ്ഥാനാർത്ഥിയാക്കിയപ്പോൾ എൽഡിഎഫിൽ തർക്കം ഉണ്ടായല്ലോ.
സരിനും മിടുക്കനായ സ്ഥാനാർഥിയാണ്. അദ്ദേഹം മിടുക്കനായത് കൊണ്ടാണ് ഞങ്ങൾ അദ്ദേഹത്തെ ഒറ്റപ്പാലത്ത് മത്സരിപ്പിച്ചത്. സരിന്‍ കോണ്‍ഗ്രസിൽ തന്നെ ഉണ്ടായിരുന്നെങ്കില്‍ അടുത്ത തവണയും ഒറ്റപ്പാലത്ത് നിർത്തുമായിരുന്നു. അദ്ദേഹത്തിന് അപ്പോഴേക്കും ചില പിഴവ് സംഭവിച്ചു. കൈവിട്ടുപോയതിനെ കുറിച്ച് ഇനി പറയേണ്ട കാര്യമില്ല.' മുരളീധരൻ പറഞ്ഞു.
മുനമ്പം വിഷയത്തിൽ ഒറ്റക്കെട്ടായി യുഡിഎഫ് അവിടെ താമസിക്കുന്ന ജനങ്ങൾക്കൊപ്പമാണ്. സർക്കാർ ചെയ്യേണ്ടത് ഒരു സർവ്വകക്ഷി യോഗം വിളിച്ച് അവിടുത്തെ പ്രശ്നം പരിഹരിക്കുകയാണ്. അത് പരിഹരിക്കാൻ വൈകിയത് കൊണ്ടാണ് ചിലരൊക്കെ അവിടെ മാന്താൻ ശ്രമിക്കുന്നത്. സുരേഷ് ഗോപിക്ക് മുനമ്പത്തെ ജനങ്ങളോടല്ല താത്പര്യം, അദ്ദേഹം വഖഫ് ബോർഡിനെ മാന്താൻ നോക്കുകയാണ്.












Click it and Unblock the Notifications