കെഎസ്ആർടിസി സ്റ്റാൻഡ്: രണ്ട് ബസ് സഹിതം പ്രാഥമിക രൂപരേഖയായി
പാലക്കാട്: ഒരേ സമയം രണ്ടു ബസ് ബേ കളിലായി മൂപ്പതിലധികം ബസുകൾ നിർത്തിയിടാൻ പാകത്തിൽ കെഎസ്ആർടിസി സ്റ്റാൻഡ് പുനർ നിർമാണത്തിനുള്ള പ്രാഥമിക രൂപരേഖ കോർപറേഷനു സമർപ്പിച്ചു. കോർപറേഷൻ മാനേജിങ് ഡയറക്ടർ നിർദേശിച്ച ഭേദഗതികൾകൂടി ഉൾക്കൊള്ളിച്ച് അന്തിമ രൂപരേഖ ഒരു മാസത്തിനുള്ളിൽ സമർപ്പിക്കാൻ ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് എംഡി നിർദേശം നൽകി.
ഭൂഗർഭ പാർക്കിങ് ഒഴിവാക്കിയുള്ള പ്രാഥമിക രൂപരേഖ കോർപറേഷൻ തത്വത്തിൽ അംഗീകരിച്ചു. ഷാഫി പറമ്പിൽ എംഎൽഎ, കെഎസ്ആർടിസി എംഡി ടോമിൻ ജെ.തച്ചങ്കരി, ചീഫ് എൻജിനീയർ എന്നിവരുൾപ്പെട്ട സമിതി പരിശോധിച്ച ശേഷമാണ് അണ്ടർ ഗ്രൗണ്ട് പാർക്കിങ് ഒഴിവാക്കിയുള്ള രൂപരേഖ തിരഞ്ഞെടുത്തത്.

ഭൂഗർഭ പാർക്കിങ് കൂടി ഉൾപ്പെടുത്തിയാൽ നിർമാണച്ചെലവ് 25 കോടിയിലധികം ഉയരും. നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ ഇതിനു സർക്കാർ അനുമതി ലഭിക്കില്ല. ഈ സാഹചര്യത്തിൽ ലഭ്യമായ ഫണ്ട് ഉപയോഗിച്ച് പരമാവധി വേഗത്തിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്ന വിധത്തിലാണ് പ്രാഥമിക രൂപരേഖയ്ക്ക് തത്വത്തിൽ അനുമതി നൽകിയത്. സുരക്ഷ, ശുദ്ധീകരണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും നിർമാണം..
സ്റ്റാൻഡിന്റെ മധ്യത്തിൽ കെട്ടിടവും ഇരുവശത്തും ബസ് ബേകളും നിർമിക്കുന്ന വിധത്തിലുള്ള രൂപരേഖയാണ് ഊരാളുങ്കൽ സൊസൈറ്റി സമർപ്പിച്ചത്. ഇതാകുമ്പോൾ ഉളള സ്ഥലം വിപണി മൂല്യം കൂടി കണക്കിലെടുത്ത് വിനിയോഗിക്കാനാകും. വിശദ രൂപരേഖ അംഗീകരിച്ചാൽ ഘടനാ രൂപരേഖയും എസ്റ്റിമേറ്റും തയാറാക്കി നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി മണ്ണു പരിശോധനാ റിപ്പോർട്ടടക്കം ഊരാളുങ്കൽ സൊസൈറ്റിക്ക് കൈമാറും. ചീഫ് ടൗൺ പ്ലാനർ ഓഫിസുമായി ബന്ധപ്പെട്ട് നടപടികളിൽ ചട്ട ലംഘനമില്ലെന്നും ഉറപ്പുവരുത്തുന്നുണ്ട്.
സ്റ്റാൻഡ് നിർമാണത്തിനായി എംഎൽഎ ഫണ്ടിൽ നിന്ന് 2.1 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആസ്തി വികസന ഫണ്ടിൽ നിന്ന് അഞ്ചു കോടി രൂപ കൂടി അനുവദിക്കാമെന്നും എംഎൽഎ അറിയിച്ചിട്ടുണ്ട്. സ്റ്റാൻഡ് നിർമാണം പൂർത്തിയാക്കാൻ 10–12 കോടി രൂപ വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ബാക്കി തുക റെന്റ് അഡ്വാൻസ് സ്കീം പ്രകാരം കണ്ടെത്തും. കുറച്ചു തുക കെഎസ്ആർടിസിയും വകയിരുത്തും.












Click it and Unblock the Notifications