പട്ടാമ്പി നഗരസഭ ഭരണം എൽഡിഎഫിന്റെ കൈകളിലേക്ക്.. വി ഫോർ പട്ടാമ്പി പിന്തുണയ്ക്കും.. അടിതെറ്റി യുഡിഎഫ്
പാലക്കാട്; തദ്ദേശ തിരഞ്ഞെടുപ്പിൽ വീറും വാശിയുമേറിയ പോരാട്ടത്തിനാണ് പട്ടാമ്പി നഗരസഭ ഇക്കുറി സാക്ഷ്യം വഹിച്ചത്. ഇത്തവണയും ഭരണം നിലനിർത്തുമെന്ന് പ്രഖ്യാപിച്ചാണ് യുഡിഎഫ് പ്രചരണത്തിന് ഇറങ്ങിയത്. എന്നാൽ സീറ്റ് നിഷേധിക്കപ്പെട്ട കോൺഗ്രസ് നേതാക്കൾ വി ഫോർ പട്ടാമ്പി എന്ന പേരിൽ കൂട്ടായ്മ രൂപീകരിച്ച് നേതൃത്വത്തിനെതിരെ പോരാട്ടം കടുപ്പിക്കുകയായിരുന്നു. ഫലം വന്നപ്പോൾ കനത്ത തിരിച്ചടിയാണ് യുഡിഎഫ് നേരിട്ടിരിക്കുന്നത്.ഏറ്റവും പുതിയ വിവരങ്ങളിലേക്ക്

പട്ടാമ്പിയിലെ വിജയം
മൃഗീയ ഭൂരിപക്ഷത്തിലായിരുന്നു പട്ടാമ്പി നഗരസഭയിൽ യുഡിഎഫ് കഴിഞ്ഞ തവണ അധികാരത്തിലേറിയത്. ആകെയുള്ള 28 സീറ്റിൽ 19 ഉം പാർട്ടി പിടിച്ചു. സിപിഎമ്മിന് ആറും ബിജെപിക്ക് മൂന്നും സീറ്റാണ് ഉണ്ടായിരുന്നത്. ഇക്കുറിയും ഭരണം പിടിക്കാമെന്നായിരുന്നു യുഡിഎഫ് പ്രതീക്ഷിച്ചത്.

സീറ്റ് നിഷേധിച്ചത്
എന്നാൽ കെപിസിസി നിര്‍വാഹക സമിതി അംഗമായിരുന്ന ടി പി ഷാജിക്ക് സീറ്റ് നൽകാതിരുന്നത് പട്ടാമ്പിയിൽ വിമതശല്യത്തിന് കാരണമായി. ഷാജിയും അനുയായികളായ ആറ് പേരും ചേർന്ന് വി ഫോർപട്ടാമ്പി എന്ന കൂട്ടായ്മയ്ക്ക് രൂപം നൽകി തിരഞ്ഞെടുപ്പിനെ നേരിടുകയായിരുന്നു.

അവസരം മുതലാക്കി
അവസരം മുതലാക്കാൻ സിപിഎം ഈ ആറിടങ്ങളിലും സ്ഥാനാർത്ഥിയെ നിർത്തിയില്ല. മാത്രമല്ല വിമതരെ പിന്തുണയ്ക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കൂറ്റൻ വിജയമാണ് വി ഫോർ പട്ടാമ്പി നേടിയിരിക്കുന്നത്. ഇടതുപക്ഷത്തിന് 11 സീറ്റുകളും ലഭിച്ചു.

പിന്തുണയ്ക്കുമെന്ന്
നിലവിൽ ഇടതുപക്ഷത്തെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വി ഫോർ പട്ടാമ്പി. തങ്ങൾക്ക് ഇടതുപക്ഷം പിന്തുണ നൽകി. അതുകൊണ്ട് തന്നെ ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നു എന്നാണ് നേതൃത്വം വ്യക്തമാക്കി. ഇതോടെ പട്ടാമ്പിൽ എൽഡിഎഫ് അധികാരത്തിലേറുമെന്ന് വ്യക്തമായി.
Recommended Video


ജനവിധി മാനിക്കുന്നു
അതേസമയം പട്ടാമ്പിയിൽ വിമതരുമായി കൈകോർക്കുന്ന കാര്യം അവരുടെ നിലപാട് പരിശോധിച്ച ശേഷം തീരുമാനിക്കുമെന്നാണ് സിപിഎം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം വിമതരെ കൂട്ടി ഭരണത്തിലേറില്ലെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റും എംപിയുമായ വികെ ശ്രീകണ്ഠൻ വ്യക്തമാക്കിയിരിക്കുന്നത്.പട്ടാമ്പിയിലെ ജനവിധി കോൺഗ്രസിനെതിരായി. ജനവിധി മാനിക്കുന്നുവെന്നും ശ്രീകണ്ഠൻ മാധ്യമങ്ങളോട് പറഞ്ഞു.












Click it and Unblock the Notifications