പാലക്കാട്ടെ ട്രോളി വിവാദം; പണം കടത്തിയതിന് തെളിവില്ല, റിപ്പോർട്ട് നൽകി സ്പെഷ്യൽ ബ്രാഞ്ച്
പാലക്കാട്: ഉപതിരഞ്ഞെടുപ്പിനിടെ യു ഡി എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തലിന് വേണ്ടി ട്രോളിയിൽ കളളപ്പണം കൊണ്ടുവന്നുവെന്ന പരാതിയിൽ തെളിവ് കണ്ടെത്താനായല്ലെന്ന് പോലീസ്. ഇത് സംബന്ധിച്ച് ഡി വൈ എസ് പി ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. തെളിവല്ലാത്തതിനാൽ തുടരന്വേഷണത്തിന് സാധ്യതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഉപതിരഞ്ഞെടുപ്പ് പ്രചരണം രണ്ടാം ഘട്ടത്തിൽ എത്തിനിൽക്കുമ്പോഴായിരുന്നു ട്രോളി ബാഗിൽ കോൺഗ്രസ് കളളപ്പണം കടത്തിയെന്ന ആരോപണം സി പി എമ്മും ബി ജെ പിയും ഉയർത്തുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥി താമസിച്ച ഹോട്ടലിലേക്ക് നീല ട്രോളി ബാഗിൽ പണം കടത്തിയെന്നായിരുന്നു ആരോപണം. തുടർന്ന് കോൺഗ്രസിന്റെ വനിത നേതാക്കളടക്കം താമസിച്ച മുറികളിൽ അർധരാത്രിയോടെ പോലീസ് പരിശോധന നടത്തി. എന്നാൽ പരിശോധനയിൽ പോലീസിന് പണണമൊന്നും ലഭിച്ചില്ല.

അതേസമയം വനിതാ പോലീസുകാർ പോലും ഇല്ലാത്ത വനിതാ നേതാക്കളുടെ മുറി പരിശോധിച്ച സംഭവത്തിൽ കോൺഗ്രസ് വലിയ പ്രതിഷേധം തീർത്തു. വിഷയത്തിൽ ഹോട്ടലിന് മുന്നിൽ കോൺഗ്രസ്-സി പി എം-ബി ജെ പി പ്രവർത്തകർ ഏറ്റുമുട്ടുന്ന സാഹചര്യവും ഉണ്ടായി. റെയ്ഡനെതിരെ എസ് പി ഓഫീസിലേക്ക് വമ്പൻ പ്രതിഷേധ മാർച്ച് തന്നെ കോൺഗ്രസ് നടത്തി. വനിതാ നേതാക്കളെയടക്കം അണിനിരത്തിയായിരുന്നു പ്രതിഷേധം.പിന്നാലെ റെയ്ഡിനെതിരെ ഷാനിമോൾ ഉസ്മാനും ബിന്ദു കൃഷ്ണയും പോലീസിൽ പരാതി നൽകുകയും ചെയ്തു.
ഇതിനിടെ ട്രോളിയുമായി യൂത്ത് കോൺഗ്രസ് നേതാവ് ഹോട്ടലിലേക്ക് വരുന്ന ദൃശ്യങ്ങൾ സി പി എം പുറത്തുവിട്ടു. എന്നാല്‍ ബാഗില്‍ തന്റെ വസ്ത്രങ്ങളായിരുന്നുവെന്ന് സ്ഥാനാർത്ഥിയായ രാഹുൽ മാങ്കൂട്ടത്തിൽ വിശദീകരിച്ചത്. പക്ഷെ പണം കടത്തി എന്ന ആരോപണത്തിൽ തന്നെ സി പി എം ഉറച്ച് നിന്നു. സംഭവത്തിൽ പോലീസിന് പരാതിയും നൽകി.
തിരഞ്ഞെടുപ്പ് പ്രചരണത്തിലും സി പി എം വിഷയം സജീവ ചർച്ചയാക്കി. ഇതിനെ ചൊല്ലി സി പി എമ്മിൽ അഭിപ്രായ ഭിന്നതകൾ ഉയർന്നിരുന്നു. എന്നാൽ വിഷയം ചർച്ചയാക്കണമെന്നത് തന്നെയായിരുന്നു പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ നിലപാട്. ഇതിനിടയിലും കോൺഗ്രസിനെതരെ നിരവധി സി സി ടി വി ദൃശ്യങ്ങൾ സി പി എം പുറത്തുവിട്ടിരുന്നു. സി പി എം പരാതിയിൽ ജില്ലാ പോലീസ് മേധാവി അന്വഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാൽ പരിശോധനയിൽ പണം കണ്ടെത്താൻ സാധിക്കാത്തതിനാൽ കേസുമായി മുന്നോട്ട് പോകുന്നതിൽ കാര്യമില്ലെന്നായിരുന്നു പോലീസ് നിലപാട്.












Click it and Unblock the Notifications