പാലക്കാട് നഗരസഭയിൽ പ്രതിഷേധം, ദേശീയ പതാകയേന്തി സിപിഎം, ജയ് ശ്രീറാം വിളിച്ച് ബിജെപി
പാലക്കാട്: ജയ് ശ്രീറാം ഫ്‌ളക്‌സ് വിവാദത്തിന് പിന്നാലെ പാലക്കാട് നഗരസഭയില്‍ പ്രതിഷേധം. സിപിഎമ്മിന്റെയും ബിജെപിയുടേയും പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്. നഗരസഭാ പ്രതിനിധികളുടെ സത്യപ്രതിജ്ഞാ ദിനത്തില്‍ സിപിഎം കൗണ്‍സിലര്‍മാര്‍ ദേശീയ പതാകയേന്തി എത്തി ബിജെപി പ്രവര്‍ത്തകര്‍ നഗരസഭാ കെട്ടിടത്തിന് മുകളില്‍ ജയ് ശ്രീറാം ബാനര്‍ തൂക്കിയതിന് എതിരെ പ്രതിഷേധിക്കുകയായിരുന്നു.
Recommended Video

സത്യപ്രതിജ്ഞ കഴിഞ്ഞതിന് ശേഷം നഗരസഭയ്ക്കുളളില്‍ സിപിഎം അംഗങ്ങള്‍ ദേശീയ പതാക ഉയര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ അത് അനുവദിക്കാനാകില്ലെന്ന് പോലീസ് നിലപാടെടുത്തു. തുടര്‍ന്ന് ഇടത് അംഗങ്ങള്‍ ദേശീയ പതാകയുമായി നഗരസഭയ്ക്ക് പുറത്തേക്ക് ഇറങ്ങി മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇതിന് പിന്നാലെ ബിജെപി കൗണ്‍സിലര്‍മാരും പ്രവര്‍ത്തകരും ജയ് ശ്രീറാം മുദ്രാവാക്യങ്ങളുമായി രംഗത്ത് എത്തി.

പോലീസ് ഇടപെട്ടാണ് സ്ഥലത്ത് സംഘര്‍ഷം ഒഴിവാക്കിയത്. കേരളത്തില്‍ ബിജെപി വിജയിച്ച രണ്ട് നഗരസഭകളിലൊന്നാണ് പാലക്കാട്. 2015ലാണ് പാലക്കാട് നഗരസഭ ആദ്യമായി ബിജെപി പിടിച്ചെടുക്കുന്നത്. നേരത്തെ കേവല ഭൂരിപക്ഷം ഇല്ലാതിരുന്ന ബിജെപി ഇത്തവണ കേവല ഭൂരിപക്ഷത്തിന് മുകളില്‍ ഒരു സീറ്റ് അധികം നേടിയാണ് അധികാരത്തിലെത്തിയത്. നഗരസഭയിലെ വിജയത്തിന് പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ നഗരസഭാ കെട്ടിടത്തിന് മുകളില്‍ ജയ് ശ്രീറാം എന്നെഴുതിയ ബാനര്‍ തൂക്കുകയായിരുന്നു.
സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ബിജെപി കൗണ്‍സിലര്‍മാരടക്കമുളളവര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സംഭവത്തെ കുറിച്ച് റിട്ടേണിംഗ് ഓഫീസറുടെ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം പോലീസ് പ്രതിപ്പട്ടിക തയ്യാറാക്കും. അതിനിടെ ബിജെപിക്കുളള മറുപടിയെന്ന നിലയ്ക്ക് ഡിവൈഎഫ് പ്രവര്‍ത്തകര്‍ ദേശീയ പതാകയുടെ ബാനര്‍ പാലക്കാട് നഗരസഭാ കെട്ടിടത്തിന് മുകളില്‍ ഉയര്‍ത്തിയിരുന്നു. പാലക്കാട് നഗരസഭയെ ഗുജറാത്താക്കാന്‍ അനുവദിക്കില്ലെന്നാണ് ഡിവൈഎഫ്‌ഐ പ്രഖ്യാപിച്ചത്.












Click it and Unblock the Notifications