പിടി 7നെ പിടിച്ചതിൽ വനംവകുപ്പിന് വീഴ്ച പറ്റി; ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി വിദഗ്ദ സമിതി
പാലക്കാട്; നാടിനെ വിറപ്പിച്ച പിടി 7 ആനെയെ പിടികൂടുന്നതിൽ വനംവകുപ്പിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് വിദഗ്ദ സമിതി. എന്തുകൊണ്ടാണ് ആനയെ പിടികൂടുന്നത് എന്ന് വ്യക്തമാക്കി വനംവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചില്ലെന്നും മറ്റു സാധ്യതകൾ പരിശോധിക്കാതെ ആനയെ മയക്കുവെടിവെച്ച് പിടികൂടിയ ചീഫ് വൈൽഡ് ലൈഫ് വാർഡനെ ശാസിക്കണമെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ആനയെ കുങ്കിയാന ആക്കരുതെന്നും വിദഗ്ദ സമിതി നിർദ്ദേശിച്ചു. ആനയെ ഇപ്പോൾ കാട്ടിലേക്ക് തിരിച്ച് വിടാൻ കഴിയുന്ന സാഹചര്യമല്ലെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ആന നിലവിൽ നാട്ടിലെ സാഹചര്യവുമായി ഇണങ്ങിയെന്നും അതുകൊണ്ട് തന്നെ വീണ്ടും കാട്ടിലേക്ക് മടക്കി വിടാൻ ആകില്ലെന്നുമാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

ആനയുടെ കാഴ്ചനഷ്ടപ്പെട്ട കണ്ണിന് ചികിത്സ നൽകണമെന്നും വിദഗ്ദ സമിതി പറയുന്നു. പിടികൂടുമ്പോൾ ആനയുടെ ശരീരത്തിൽ നിന്നും പെല്ലറ്റ് കണ്ടെത്തിയിരുന്നു. ഒരുപക്ഷേ ജനവാസ മേഖലയിൽ ഇറങ്ങിയപ്പോൾ കമ്പി കൊണ്ടോ അല്ലെങ്കിൽ പെല്ലറ്റ് തറച്ചോ ആകാം കാഴ്ചശക്തി നഷ്ടമായതെന്നായിരുന്നു നേരത്തേ വിദഗ്ദ സമിതി വിലയിരുത്തൽ.
പാലക്കാട് ധോണി മേഖലയെ വിറപ്പിച്ച കാട്ടാനയെ ആറ് മാസങ്ങൾക്ക് മുൻപായിരുന്നു മയക്കുവെടിവെച്ച് വനംവകുപ്പ് പിടികൂടിയത്. 72 അംഗ ദൗത്യ സംഘമായിരുന്നു ആനയെ പിടികൂടിയത്. ചീഫ് വെറ്റിനറി സർജനായ ഡോ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ വെറും അമ്പത് മീറ്റർ അകലെ നിന്ന് ആനയുടെ ചെവിക്ക് പിന്നിലേക്ക് വെടിവെയ്ക്കുകയായിരുന്നു. തുടർന്ന് കുങ്കി ആനകളുടെ സഹായത്തോടെ ഏകദേശം നാല് മണിക്കൂർ എടുത്താണ് ആനയെ കാടിന് വെളിയിൽ എത്തിച്ചത്.












Click it and Unblock the Notifications