പിസി ജോർജ് ഇടഞ്ഞാല്‍ പൂഞ്ഞാറും തിരിഞ്ഞ് കുത്തും, അനില്‍ നാണംകെടും? അനുനയത്തിനായി ബിജെപി
കോട്ടയം: സ്ഥാനാർത്ഥി നിർണ്ണയത്തോടെ ഇടഞ്ഞ പിസി ജോർജിനെ അനുനയിപ്പിക്കാന്‍ ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ ശ്രമം. ലോക്സഭ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ ബി ജെ പി സ്ഥാനാർത്ഥിത്വം പിസി ജോർജ് പ്രതീക്ഷിച്ചിരുന്നെങ്കിലും പാർട്ടിയുടെ നറുക്ക് വീണത് അനില്‍ ആന്റണിക്കായിരുന്നു. ഇതോടെയാണ് പിസി ജോർജ് ഇടഞ്ഞത്.
ഇടഞ്ഞുനിൽക്കുന്ന പിസി ജോർജിന്റെ പ്രതിഷേധം തണുപ്പിക്കാന്‍ പാർട്ടി നേതൃത്വത്തിന് പുറമെ സ്ഥാനാർത്ഥി അനില്‍ ആന്റണിയും രംഗത്ത് വന്നിട്ടുണ്ട്. തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഇറങ്ങും മുൻപ് പിസി ജോർജിനെ നേരിട്ടു കാണുമെന്ന് അനിൽ ആന്റണി വ്യക്തമാക്കി. ബി ജെ പി നേതൃത്വത്തിന്റെ കൂടി നിർദേശ പ്രകാരമാണ് അനില്‍ ആന്റണി പിസി ജോർജിനെ നേരിട്ട് കാണുന്നതെന്നതാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

ബി ജെ പി ജില്ലാ നേതാക്കള്‍ക്ക് ഒപ്പമാകും അനില്‍ ആന്റണി പിസി ജോർജിനെ കാണാന്‍ വരിക. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ അനില്‍ ആന്റണിക്കെതിരെ പിസി ജോർജ് രംഗത്ത് വന്നിരുന്നു. 'അനില്‍ ആന്റണിയെ പത്തനംതിട്ടക്കാർക്ക് അറിയില്ല. ഇനി പരിചയപ്പെടുത്തേണ്ടി വരും. താന്‍ സ്ഥാനാര്‍ഥിയായാല്‍ കേരളത്തിലുടനീളം ബിജെപിക്ക് ലഭിക്കാവുന്ന വോട്ടുകളെയാണ് തീരുമാനം ബാധിച്ചിരിക്കുന്നത്' എന്നതായിരുന്നു പിസി ജോർജിന്റെ പ്രതികരണം.
പിസി ജോർജിന്റെ പരസ്യ പ്രതികരണങ്ങളിൽ ബി ജെ പി കേന്ദ്ര നേതൃത്വത്തിനും അതൃപ്തിയുണ്ടെന്നാണ് സൂചന. പിസി ജോർജിന്റെ പ്രതികരണം മുന്നണിയിലും പ്രശ്രനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. തനിക്ക് സ്ഥാനാർഥിത്വം നിഷേധിക്കപ്പെടാൻ കാരണം വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയുമാണെന്ന പിസി ജോർജിന്റെ പരാമർശത്തിനെതിരെ ബി ഡി ജെ എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ബി ജെ പി കേന്ദ്രനേതൃത്വത്തെയും പരാതി അറിയിച്ചിട്ടുണ്ട്.
2019 ല്‍ 297396 വോട്ട് നേടി പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ വലിയ മുന്നേറ്റം നടത്തിയിരുന്നു. അത്രയും വോട്ടെങ്കിലും നേടാന്‍ സാധിച്ചില്ലെങ്കില്‍ അനില്‍ ആന്റണിക്ക് തിരിച്ചടിയായി മാറും. പിസി ജോർജിന്റെ തട്ടകമായ പൂഞ്ഞാർ മണ്ഡലം പത്തനംതിട്ടയ്ക്ക് കീഴിലാണ് വരുന്നത്. കാഞ്ഞിരപ്പള്ളിയും തിരുവല്ലയും പോലെ പിസി ജോർജിന് സ്വാധീനമുള്ള നിയമസഭ മണ്ഡലങ്ങളും പത്തനംതിട്ടയിലാണ് വരുന്നത്.
പിസി ജോർജ് പിണങ്ങിയാല്‍ അത് ബി ജെ പിയുടെ വോട്ടുകളെ ബാധിക്കും എന്നതില്‍ സംശയമില്ല. അതിനിടെ അനില്‍ ആന്റണി ഒരു ലക്ഷംവോട്ട് പോലും തികയ്ക്കില്ലെന്ന പ്രസ്താവനയുമായി കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയില്‍ രംഗത്ത് വന്നു. സംഘടനാ അച്ചടക്കം ലംഘിക്കുകയും പാര്‍ട്ടി വിരുദ്ധ നടപടികള്‍ സ്വീകരിക്കുകയും ചെയ്‌തെന്ന് കണ്ടെത്തിയതോടെ ഇദ്ദേഹത്തെ പാർട്ടി സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.












Click it and Unblock the Notifications