Get Updates
Get notified of breaking news, exclusive insights, and must-see stories!

മറ്റ് പാർട്ടികളിലേക്ക് പോവില്ല: കോണ്‍ഗ്രസില്‍ തന്റെ വാക്കിന് വിലയുണ്ടോയെന്ന് അറിയണം: ബാബു ജോർജ്

പത്തനംതിട്ട: പാർട്ടിയിലെ എല്ലാ പദവികളും രാജിവെച്ചതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ കൂടുതല്‍ ആരോപണങ്ങളും വിശദീകരണവുമായി പത്തനംതിട്ട മുന്‍ ഡി സി സി അധ്യക്ഷന്‍ ബാബു ജോർജ്. കോണ്‍ഗ്രസ് പാർട്ടി വിട്ടെങ്കിലും മറ്റ് പാർട്ടികളിലേക്ക് ചേക്കേറില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കോണ്‍ഗ്രസില്‍ അംഗത്വം ഇല്ലെങ്കിലും കോണ്‍ഗ്രസ് എന്ന വികാരം ഉള്‍ക്കൊണ്ട് പൊതുരംഗത്ത് നിലനില്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് ബാബു ജോർജ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നത്.

മറ്റ് പാര്‍ട്ടികളിലേക്ക് പോകുന്നുവെന്ന് പ്രചരിപ്പിക്കുന്നത് താന്‍ ഇവിടെ വേണ്ട എന്ന് ആഗ്രഹിക്കുന്നവരാണ്. കോണ്‍ഗ്രസില്‍ തന്റെ അഭിപ്രായത്തിന് വിലയുണ്ടോയെന്ന് കാത്തിരിക്കുകയാണ്. എന്റെ രാജി കൊണ്ട് നേതാക്കന്മാര്‍ ഒരുമിച്ചിരുന്ന് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാവുകയാണെങ്കില്‍ ഉണ്ടാകട്ടെ എന്ന് ഉദ്ദേശിച്ചുകൊണ്ടാണ് രാജിവെച്ചതെന്നും അദ്ദേഹം പറയുന്നു. ബാബു ജോർജിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

 babugerge

ഞാൻ പത്തൊൻപതാം തീയതി രാജിവച്ചു. രാജിയിലേക്ക് നയിച്ച സാഹചര്യങ്ങൾ എല്ലാവർക്കും അറിവുള്ളതാണല്ലോ.ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ നവീകരിക്കുന്നതിനും ശുദ്ധീകരിക്കുന്നതിനും ഉള്ള കാര്യങ്ങളാണ് ഞാൻ കുറെ നാളുകളായി പറഞ്ഞുകൊണ്ടിരിക്കുന്നത്. പാർട്ടി വിട്ട് പോയവരെയും പുറത്താക്കിയവരേയും തിരികെ കൊണ്ടു വരണമെന്ന് അഭിപ്രായം പറഞ്ഞതിന് ഉത്തരവാദിത്തപ്പെട്ട ചിലർ മുഖം തിരിച്ചു നിന്നപ്പോൾ ഉണ്ടായ സ്വാഭാവിക പ്രതികരണത്തിന് ഇത്രയും വലിയ ശിക്ഷ ഏറ്റുവാങ്ങേണ്ടിവരും എന്ന് ഞാൻ കരുതിയിരുന്നില്ല.

സംഘർഷങ്ങളിലൂടെ കടന്നുപോയ എനിക്ക് രാഷ്ട്രീയ ജീവിതത്തിൽ എന്നെ ഏറ്റവും അടുത്തറിയാവുന്ന നേതാക്കളിൽ നിന്നുപോലും യാതൊരു പിന്തുണയും ലഭിക്കാതെ മാനസിക പീഡനങ്ങൾ മാത്രമായപ്പോൾ ഏതൊരു മനുഷ്യന്റെയും മനസ്സിൽ ഉരുത്തിരിയുന്ന വികാരങ്ങളും വിചാരങ്ങളും ആണ് തുടർന്നുള്ള ദിവസങ്ങളിൽ എന്റെ മുഖപുസ്തകത്തിലൂടെ ഞാൻ പങ്കുവെച്ചത്.

അതിനെ അനുകൂലിച്ചവരും പ്രതികൂലിച്ചവരും ഉണ്ട് എന്നെ പാർട്ടിയിൽ നിന്നും പുറത്തു കളയണമെന്ന് ആഗ്രഹിക്കുന്നവർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ എനിക്കെതിരെ എഴുതുന്നവരുടെ അഭിപ്രായങ്ങൾക്ക് ഞാൻ വലിയ പ്രാധാന്യമൊന്നും കൽപ്പിക്കുന്നില്ല. സംഘടനാപരമായി ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കോൺഗ്രസ് പാർട്ടി കടന്നുപോകുമ്പോൾ ഞാൻ ഉന്നയിച്ച വിഷയങ്ങൾ പാർട്ടി അടിയന്തര പ്രാധാന്യത്തോടെ ചർച്ചയ്ക്ക് വിധേയമാക്കേണ്ടത് ആണ്.

എന്നോട് ബന്ധപ്പെട്ടവർക്ക് എല്ലാം എന്റെ അഭിപ്രായത്തോട് യോജിക്കുന്ന സമീപനമാണുണ്ടായത്. എന്റെ രാജി കൊണ്ട് നേതാക്കന്മാർ ഒരുമിച്ചിരുന്ന് പ്രശ്നങ്ങൾ ചർച്ച ചെയ്ത് പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാവുകയാണെങ്കിൽ ഉണ്ടാകട്ടെ എന്ന് ഉദ്ദേശിച്ചുകൊണ്ടാണ് ഞാൻ രാജിവെച്ചത്. അതിനു ഫലം കണ്ടു തുടങ്ങുന്നു എന്ന് എനിക്ക് തോന്നുന്നു.

ഞാൻ രാജിവെച്ചു കഴിഞ്ഞപ്പോൾ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ , പ്രതിപക്ഷ നേതാവ് വി ഡി സതീശൻ , മുൻ കെ പിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തല, ബഹുമാന്യരായ കെ സി ജോസഫ്,എം എം ഹസൻ, ബെന്നി ബഹനാൻ, കെഎസ്‌യു മുൻ പ്രസിഡന്റ് കെ എം അഭിജിത്ത്, കെപിസിസി വൈസ് പ്രസിഡന്റ് വി.പി സജീന്ദ്രൻ ,നിരവധി എംപിമാർ, എംഎൽഎമാർ, എന്നോടൊപ്പം കെഎസ്‌യു മുതൽ വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ള സംസ്ഥാനത്തെ നിരവധി നേതാക്കന്മാർ, പത്തനംതിട്ട ജില്ലയിലെ നേതാക്കന്മാർ, നൂറുകണക്കിന് സാധാരണ പ്രവർത്തകർ, വിദേശരാജ്യങ്ങളിലുള്ള കോൺഗ്രസുകാർ, മറ്റ് അഭ്യുദയകാംക്ഷികൾ എന്നിവർ എന്നെഈ ദിവസങ്ങളിൽ ടെലിഫോണിൽ ബന്ധപ്പെടുകയുണ്ടായി. നിരവധി പേർ നേരിട്ട് കണ്ടും പിന്തുണ അറിയിച്ചു.

ഇവരെ കൂടാതെ അസുഖബാധിതനായി ചികിത്സയിൽ കഴിയുന്ന ബഹുമാന്യനായ ഉമ്മൻചാണ്ടി സാറിന്റെ നിർദ്ദേശപ്രകാരം മകൻ ചാണ്ടി ഉമ്മനും ഭാര്യ ശ്രീമതി മറിയാമ്മ ഉമ്മൻചാണ്ടിയും എന്നോട് സംസാരിച്ചിരുന്നു. സംസാരിക്കാൻ കഴിയില്ലെങ്കിലും ഞാൻ പറഞ്ഞത് മുഴുവൻ അദ്ദേഹം ശ്രദ്ധയോടെ കേട്ടു.അദ്ദേഹത്തിന്റെ ശബ്ദത്തിന്റെ ആന്തരിക അർത്ഥം എനിക്ക് മനസ്സിലാക്കുവാൻ സാധിച്ചു.

ഒരു രാഷ്ട്രീയ തീരുമാനത്തിന് ഇപ്പോൾ സമയമായിട്ടില്ല എന്ന് എനിക്ക് തോന്നുന്നു. മറ്റു പാർട്ടികളിലേക്ക് ഞാൻ പോകുന്നു എന്ന് പ്രചരിപ്പിക്കുന്നത് ഞാൻ ഇവിടെ വേണ്ട എന്ന് ആഗ്രഹിക്കുന്നവരാണ്. കോൺഗ്രസിൽ എന്റെ അഭിപ്രായത്തിന് വിലയുണ്ടോ മാന്യതയുണ്ടോ എന്ന് കാത്തിരിക്കുകയാണ് ഞാൻ. ഇവരെ കൂടാതെ ദുഷ്ടലാക്കോടെ എന്നെ വിളിച്ച ചില സ്നേഹിതരെ ഞാൻ വിസ്മരിക്കുന്നു. അവർക്കറിയേണ്ടത് ഞാൻ ഏതു പാർട്ടിയിൽ ചേരുന്നു എവിടെക്കായിരുന്നു യാത്ര ഏത് നേതാവിനെ കാണാനാണ് യാത്ര പോയിരിക്കുന്നത് എന്നൊക്കെയായിരുന്നു.

ഞാൻ രാജിവെച്ചത് വ്യക്തിപരമായ ഒരു നേട്ടം എനിക്ക് ഉണ്ടാക്കുന്നതിന് വേണ്ടി അല്ല. വിവിധ കാരണങ്ങളാൽ മാറ്റിനിർത്തപ്പെട്ടവരും പുറത്താക്കപ്പെട്ടവരും ആയ മുഴുവൻ പ്രവർത്തകരെയും തിരിച്ചെടുക്കണമെന്ന ആവശ്യത്തിന് വേണ്ടിയാണ് നിലകൊണ്ടത്. പാർട്ടി ഭാരവാഹിത്വത്തിൽ 75 വയസ്സ് കഴിഞ്ഞവരും , രണ്ടുതവണ എംപി, എംഎൽഎ ആയവരും മാറണമെന്ന എന്റെ അഭിപ്രായത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ആ അഭിപ്രായത്തിൽ നിന്നും അണുവിട വ്യതിചലിക്കുവാൻ ഞാൻ തയ്യാറല്ല. കോൺഗ്രസിൽ അംഗത്വം ഇല്ലെങ്കിലും കോൺഗ്രസ് എന്ന വികാരം ഉൾക്കൊണ്ട് പൊതുരംഗത്ത് നിലനിൽക്കുവാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+