മകര വിളക്ക് വെള്ളിയാഴ്ച: പത്തനംതിട്ടയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു, പരീക്ഷകള്‍ക്ക് മാറ്റമില്ല
പത്തനംതിട്ട: ശബരിമല മകരവിളക്കുമായി ബന്ധപ്പെട്ട് ജനുവരി 14ന് പത്തനംതിട്ട ജില്ലയ്ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പുറത്തിറക്കി. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ഈ അവധി ബാധകമല്ല. മകരവിളക്ക് ദിവസം ഉണ്ടാകാനിടയുള്ള തീര്‍ഥാടകരുടെ തിരക്കും വാഹന തിരക്കും കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്.
മകരജ്യോതി പ്രമാണിച്ചി വ്യൂ പോയന്റുകളില്‍ സൗകര്യങ്ങളും സുരക്ഷയും ഒരുക്കിയതായും ജില്ലാ കളക്ടര്‍ അറിയിച്ചു. മകരജ്യോതി ദര്‍ശനത്തിന് വ്യൂ പോയന്റുകളിലെത്തുന്ന തീര്‍ഥാടകര്‍ക്ക് എല്ലാ സൗകര്യങ്ങളും സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. മകരജ്യോതി വ്യൂ പോയിന്റായ പഞ്ഞിപ്പാറ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍. ജില്ലയില്‍ ഒന്‍പത് ജ്യോതി ദര്‍ശന കേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. ഇടുക്കി ജില്ലയില്‍ മൂന്നും കോട്ടയത്ത് ഒരു കേന്ദ്രവുമാണുള്ളത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും ചേര്‍ന്ന് മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. വ്യൂ പോയിന്റുകളില്‍ കുടിവെള്ളം, ശൗചാലയം, സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. ഭക്തര്‍ക്ക് യാതൊരു വിധ തടസവുമില്ലാതെ ജ്യോതി ദര്‍ശനം ലഭിക്കുന്നതിനുള്ള സൗകര്യം ഉറപ്പാക്കിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു. സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജോബി ടി. ഈശോ, കോന്നി തഹസില്‍ദാര്‍ ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
അതേസമയം, തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട് പന്തളം നഗരസഭാ പരിധിയില്‍ ജനുവരി 12ന് പ്രാദേശിക അവധി പ്രഖ്യാപിച്ചും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവിറക്കിയിട്ടുണ്ട് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും പന്തളത്തേയും അവധി ബാധകമല്ല. തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുള്ള തീര്‍ഥാടകരുടെ തിരക്കും വാഹന തിരക്കും കണക്കിലെടുത്താണ് പന്തളത്ത് അവധി പ്രഖ്യാപിച്ചത്.
മകരവിളക്ക് അടുത്തതോടെ ശബരിമലയിൽ ഭക്ത ജന തിരക്ക് അനുദിനം വർധിക്കുന്നുണ്ട്. ഈ മാസം ഒന്ന് മുതൽ എട്ട് വരെ 21,080 പേരാണ് സ്പോട്ട് രജിസ്ട്രേഷനിലൂടെ സന്നിധാനത്ത് എത്തിയത്. തമിഴ്‌നാട്ടിൽ നിന്ന് തീർഥാടകരെ കടത്തിവിടുന്നുണ്ട്. സംസ്ഥാനം ഇതുവരെ കാര്യമായ കോവിഡ് നിയന്ത്രണം ഏർപ്പെടുത്താത്തിനാല്‍ ആന്ധ്രയിൽ നിന്നാണ് കൂടുതൽ പേർ എത്തുന്നത്.












Click it and Unblock the Notifications