കോന്നി മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ ജനറേഷന്‍ പ്ലാന്റ് വരുന്നു, 1500 ലിറ്റര്‍ ഉല്‍പ്പാദന ശേഷി
പത്തനംതിട്ട: കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ ജനറേഷന്‍ പ്ലാന്റിന് അനുമതി ലഭിച്ചതായി അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. ഒരു മിനിറ്റില്‍ 1500 ലിറ്റര്‍ ഉത്പാദന ശേഷിയുള്ള ദ്രവീകൃത ഓക്സിജന്‍ നിര്‍മാണ പ്ലാന്റിനാണ് അനുമതി ലഭിച്ചത്. ാന്റ് നിര്‍മാണത്തിനായി 1.60 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവും പുറത്തിറങ്ങി. പിഎസ്എ ടെക്നോളജി ഉപയോഗിച്ചാവും പ്ലാന്റ് പ്രവര്‍ത്തിക്കുക.

കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് കോന്നിയില്‍ പുതിയ ഓക്സിജന്‍ പ്ലാന്റ് അനുവദിച്ചിരിക്കുന്നത്. ഓക്സിജന്‍ പ്ലാന്റ് നിര്‍മാണം പൂര്‍ത്തീകരിക്കുന്നതോടെ മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ കഴിയും. അധികമായി ഉത്പാദിപ്പിക്കുന്ന ഓക്സിജന്‍ ഇതര ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് നല്‍കാനും കഴിയും.
മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ സൗകര്യമുള്ള 240 കിടക്കകളും, 30 ഐസിയു കിടക്കകളും ഉള്‍പ്പെടെ 270 കിടക്കകളാണ് സജ്ജമാക്കുന്നത്. കോവിഡ് ചികിത്സയും, പരിശോധനയുമെല്ലാം ഈ മാസം തന്നെ മെഡിക്കല്‍ കോളജില്‍ ആരംഭിക്കാനുള്ള തയാറെടുപ്പാണ് നടന്നു വരുന്നത്. കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനെയാണ് ഓക്സിജന്‍ പ്ലാന്റ് സജ്ജമാക്കുന്നതിന്റെ ചുമതല സര്‍ക്കാര്‍ ഏല്പിച്ചിരിക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു. മൂന്നു മാസത്തിനുള്ളില്‍ പ്ലാന്റ് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും എംഎല്‍എ പറഞ്ഞു.
അതേസമയം കോവിഡ് ആയാലും ബ്ലാക്ക് ഫംഗസ് ആയാലും മാസ്‌ക് ധരിക്കല്‍ പോലെയുള്ള നിബന്ധനകള്‍ കൃത്യമായും പാലിക്കേണ്ട സാഹചര്യം ഉള്‍ക്കൊണ്ട് ജനങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനി പറഞ്ഞു. ഇക്കാര്യങ്ങളില്‍ ലംഘനങ്ങള്‍ ഉണ്ടാകാതിരിക്കുന്നുവെന്ന് പോലീസ് ഉറപ്പാക്കുന്നുണ്ട്. കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ ജില്ലയില്‍ കുറഞ്ഞുവരുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്.
ലോക്ക്ഡൗണ്‍ നീട്ടിയതിനെതുടര്‍ന്ന് പഴയതുപോലെതന്നെ ജില്ലയില്‍ പോലീസ് പരിശോധനയും നിരീക്ഷണവും വിട്ടുവീഴ്ചയില്ലാത്തവിധം തുടരുന്നുണ്ട്. വാഹന പരിശോധനയിലൂടെയും മറ്റും അനാവശ്യ യാത്രകളും ലംഘനങ്ങളും കര്‍ശനമായി തടഞ്ഞുവരികയാണ്. വനിതാ പോലീസ് ഉള്‍പ്പെടെയുള്ള പോലീസുദ്യോഗസ്ഥരെ വാഹനപരിശോധനയും ക്വാറന്റീന്‍ നിരീക്ഷണവും തുടങ്ങി എല്ലാ ഡ്യൂട്ടികള്‍ക്കും നിയോഗിച്ചുവരികയാണ്. പോലീസ് വാളന്റിയര്‍മാരുടെ സേവനവും പ്രയോജനപ്പെടുത്തുന്നുണ്ട്.
കഴിഞ്ഞ രണ്ടു ദിവസങ്ങളായി ജില്ലയില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ക്ക് 194 കേസുകളിലായി 198 പേരെ അറസ്റ്റ് ചെയ്യുകയും 27 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ആറു കടകള്‍ക്കെതിരെ നടപടിയെടുത്തു. ക്വാറന്റൈന്‍ ലംഘനത്തിന് ഒരു കേസ് രജിസ്റ്റര്‍ ചെയ്യുകയും മാസ്‌ക് കൃത്യമായി ധരിക്കാത്തതിന് 689 പേര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 231 പേര്‍ക്കെതിരെ നടപടിയെടുത്തതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു.












Click it and Unblock the Notifications