മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകം: മൂന്ന് പേർ പിടിയില്‍, ഒരാള്‍ സംശയിച്ച ഓട്ടോ ഡ്രൈവർ തന്നെ
പത്തനംതിട്ട: പത്തനംതിട്ട മൈലപ്രയില്‍ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പിടിയില്‍. കൊലപാതകം നടന്ന് ഏഴാം ദിവസമാണ് വ്യാപാരി ജോർജ് ഉണ്ണൂണ്ണിയുടെ കൊലപാതകത്തിൽ ബാലസുബ്രമണ്യന്‍, മുരുകൻ, ഹാരിഫ് എന്നിങ്ങനെ മൂന്നു പ്രതികൾ പൊലീസ് പിടിയിലാകുന്നത്. തെങ്കാശി സ്വദേശികളായ ബാലസുബ്രമണ്യന്‍, മുരുകൻ, എന്നിവരെ തെങ്കാശിയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
പത്തനംതിട്ട വലഞ്ചുഴി സ്വദേശി ക്വോട്ടർ എന്ന് അറിയപ്പെടുന്ന ഹാരിഫ് കഴിഞ്ഞ കുറച്ച് ദിവസമായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇദ്ദേഹത്തെ നേരത്തെ നിരവധി തവണ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഹാരിഫിനെതിരെ മുൻപ് നിരവധി കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. പല കേസുകളിലായി ജയിലില്‍ കിടക്കുകയും ചെയ്തിട്ടുണ്ട്.

ജയിലില്‍ വെച്ചാണ് ഹാരിഫ് ബാലസുബ്രമണ്യന്‍, മുരുകൻ എന്നിവരെ പരിചയപ്പെടുന്നത്. ജയിലില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷം ഇവർ പ്ലാന്‍ ചെയ്ത് നടപ്പിലാക്കിയ കൊലപാതകമാണ് മൈലപ്രയിലേത് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 12 വർഷമായി മൈലപ്ര പോസ്റ്റ് ഓഫിസ് ജംക്‌ഷനിൽ കച്ചവടം നടത്തുന്നയാളാണു ജോർജ്. മോഷണ ശ്രമത്തിനിടെ ജോർജിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച് കൈലി മുണ്ടും പൊലീസ് കണ്ടെത്തി.
തമിഴ്നാട് സ്വദേശികളാണ് കൊലപാതകം നടത്തിയതെന്ന സൂചനയിൽ സംസ്ഥാനത്തിന് പുറത്തേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവി വി അജിത്തിന്റെ മേല്‍നോട്ടത്തില്‍ രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. ജോർജ്ജിന്‍റെ കഴുത്തിൽ കിടന്ന ഒൻപത് പവന്‍റെ മാലയും കടയിലുണ്ടായിരുന്ന പണവും പ്രതികള്‍ കൊണ്ടുപോയിരുന്നു.
ശനിയാഴ്ച വൈകീട്ട് ജോർജിന്റെ ചെറുമകന്‍ ഇദ്ദേഹത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ എത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്ത് വരുന്നത്.കടയും പരിസരവും ജോർജിന്റെ പ്രവർത്തികളും നിരീക്ഷിച്ചതിന് ശേഷം നടത്തിയ കൊലപാതകമാണെന്നും പൊലീസ് ആദ്യം തന്നെ മനസ്സിലാക്കിയിരുന്നു. ജോർജിന്റെ കടയില്‍ സി സി ടി വി ഉണ്ടെങ്കിലും അതിന്റെ ഹാർഡ് ഡിസ്ക് പ്രതികള്‍ കൊണ്ടുപോയത് ഇതുവഴിയുള്ള അന്വേഷണം വഴിമുട്ടാന്‍ കാരണമായി.
ഇതോടെ സമീപത്തെ കടയിലേയും തിരക്കേറിയ റോഡിൽ കൂടി സംഭവ സമയം കടന്നുപോയ 40ലധികം ബസുകളുടെ സിസിടിവി പിന്നീട് പോലീസ് പരിശോധിച്ചിരുന്നു. ഇതിൽനിന്നു ലഭിച്ച സൂചനയാണ് ഓട്ടോഡ്രൈവറിലേക്ക് എത്താന്‍ സഹായകരമായത്. കൂടുതൽ ചോദ്യംചെയ്യലിന് ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും.












Click it and Unblock the Notifications