മഴ ശക്തമായി: പത്തനംതിട്ടയുടെ വിവിധ മേഖലകളില്‍ കനത്ത നാശനഷ്ടം
പത്തനംതിട്ട: മഴ ശക്തമായതോടെ പത്തനംതിട്ട ജില്ലയുടെ വിവിധ മേഖലകളില്‍ കനത്ത നാശനഷ്ടങ്ങള്‍. റാന്നി മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലെ പ്രകൃതിക്ഷോഭ ബാധിത പ്രദേശങ്ങള്‍ അഡ്വ.പ്രമോദ് നാരായണ്‍ എം എല്‍ എയും, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യരും നേരിട്ട് സന്ദർശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തി. കനത്ത മഴയില്‍ ആല്‍മരം കടപുഴകി വീണ റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡും തെങ്ങ് വീണു മേല്‍ക്കൂര തകര്‍ന്ന റാന്നി കക്കുഴിയില്‍ ജോബി മാത്യുവിന്റെ വീട്ടിലാണ് എം എല്‍ എയും കളക്ടറും അടങ്ങുന്ന സംഘം ആദ്യം സന്ദർശനത്തിന് എത്തിയത്.
കനത്ത മഴയ്ക്കൊപ്പം എത്തിയ ശക്തമായ കാറ്റില്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ബസ് സ്റ്റാന്‍ഡിലെ താല്‍ക്കാലിക സ്‌കൂളിന്റെ പുറത്തേക്ക് ആല്‍മരം കടപുഴകി വീഴുകയായിരുന്നു. സ്‌കൂളിനെ കൂടാതെ രണ്ട് കടയും തകര്‍ന്നു. ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ബിസ്മി ലോട്ടറി കടയും ഗോപി റ്റീ ഷോപ്പുമാണ് തകര്‍ന്നത്.

കൃഷി, വളര്‍ത്തുമൃഗങ്ങള്‍ എന്നിവയ്ക്ക് നഷ്ടമുണ്ടായവരുടെ കണക്കുകള്‍ പരിശോധിക്കാനും നഷ്ടപരിഹാരത്തുക ചര്‍ച്ച ചെയ്യാനുമായി കൃഷി വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും ജനപ്രതിനിധികളുടെയും സംയുക്ത യോഗം ഈ മാസം പതിനൊന്നിന് ചേരുമെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എം എല്‍ എ പറഞ്ഞു.
റാന്നിയില്‍ മഴയിലും കാറ്റിലും വീടിന് നാശനഷ്ടം സംഭവിച്ചവരുടെ വിശദ വിവരങ്ങള്‍ ദ്രുത ഗതിയില്‍ കണക്കാക്കാന്‍ റവന്യൂ, പഞ്ചായത്ത് അധികൃതര്‍ക്ക് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ നിര്‍ദേശം നല്‍കി. ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുന്ന അപകടസാധ്യതയുണ്ടാക്കുന്ന കാലപ്പഴക്കമേറിയ മരങ്ങള്‍ മുറിച്ച് മാറ്റാനുള്ള നടപടികള്‍ പരിശോധിച്ച ശേഷം സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിത അനില്‍കുമാര്‍, പഞ്ചായത്ത് അംഗം അജിത് എണസ്റ്റ്, ചെറുകോല്‍ പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് കുമാര്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഒപ്പം ഉണ്ടായിരുന്നു.
Recommended Video
അതേസമയം, തെക്കേ ഇന്ത്യക്ക് മുകളില്‍ നിലനില്‍ക്കുന്ന ന്യുനമര്‍ദ്ദ പാത്തിയുടെ സ്വാധീനത്താല്‍ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വരെ ഇടിമിന്നലോടു കൂടിയ മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കന്‍ ആന്‍ഡമാന്‍ കടലിലിന് മുകളില്‍ രൂപപ്പെട്ട ചക്രവാതചുഴി അടുത്ത 48 മണിക്കൂറിനുള്ളില്‍ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും അറിയിപ്പില്‍ പറയുന്നു.












Click it and Unblock the Notifications