ശബരിമല: ഗുണമേന്മയില്ലാത്ത സോഡ വിറ്റ കട പൂട്ടിച്ചു, നാലാം ബാച്ച് പൊലീസ് ചുമതലയേറ്റു
പത്തനംതിട്ട: ഗുണമേന്മയില്ലാത്ത സോഡ നിര്‍മിച്ച് വിറ്റതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മരക്കൂട്ടത്ത് പ്രവര്‍ത്തിച്ചിരുന്ന അയ്യപ്പാസ് സോഡ എന്ന വ്യാപാരസ്ഥാപനത്തിന്റെ ഭക്ഷ്യസുരക്ഷാ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ഇവിടെ നിന്നും ശേഖരിച്ച സോഡയുടെ സാമ്പിള്‍ തിരുവനന്തപുരം ഗവണ്‍മെന്റ് അനലിസ്റ്റ്സ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ അനുവദനീയമായതിലും അധിക അളവില്‍ പ്ലേറ്റ് കൗണ്ട് ഉണ്ടെന്ന് കണ്ടെത്തി. വെള്ളത്തിലെയും ഭക്ഷ്യവസ്തുക്കളിലെയും ബാക്റ്റീരിയയുടെ അളവിനെ സൂചിപ്പിക്കുന്ന ഏകകമാണ് പ്ലേറ്റ്കൗണ്ട്. സുരക്ഷിതമല്ലെന്ന് കണ്ടെത്തിയ സോഡ തീര്‍ഥാടകര്‍ക്കും പൊതുജനങ്ങള്‍ക്കും നല്‍കുന്നത് പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാകുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ നടപടി.
കൂടാതെ ഈ സ്ഥാപനത്തില്‍ നിന്നും സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളിലേക്ക് വിതരണം ചെയ്ത സോഡ തിരിച്ചെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു. സന്നിധാനം, നിലയ്ക്കല്‍, പമ്പ ഭക്ഷ്യസുരക്ഷാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധന ഊര്‍ജിതമായി തുടരുമെന്ന് ഡ്യൂട്ടി മജിസ്ട്രേറ്റ് അറിയിച്ചു.

അതേസമയം, ശബരിമല സന്നിധാനത്ത് സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ നാലാമത്തെ ബാച്ച് വെള്ളിയാഴ്ച ചുമതലയേറ്റു. പുതിയതായി എത്തിയ ഉദ്യോഗസ്ഥര്‍ക്കുള്ള ഡ്യൂട്ടി വിശദീകരണം സന്നിധാനം ഓഡിറ്റോറിയത്തില്‍ നടന്നു. മണ്ഡലപൂജയോടനുബന്ധിച്ച് തിരക്കുവര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഭക്തര്‍ക്ക് സുഖദര്‍ശനം ഒരുക്കാന്‍ എല്ലാ പോലീസ് ഉദ്യോഗസ്ഥരും ശ്രദ്ധിക്കണമെന്ന് സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ ആനന്ദ്്് ആര്‍ നിര്‍ദ്ദേശം നല്‍കി. ഭക്തര്‍ക്കാവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കുന്നതിന് മുഴുവന്‍ ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണം. കൂടാതെ പുണ്യം പൂങ്കാവനം ഉദ്യമത്തില്‍ പോലീസുദ്യോഗസ്ഥര്‍ പങ്കാളികളാകണമെന്നും സന്നിധാനവും പരിസരവും വൃത്തിയായി സൂക്ഷിക്കാന്‍ ഭക്തരെ ബോധവല്‍ക്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊടിമരം, സോപാനം, പതിനെട്ടാംപടി, മാളികപ്പുറം, നടപ്പന്തല്‍, യു ടേണ്‍, ശരംകുത്തി, മരക്കൂട്ടം, പാണ്ടിത്താവളം എന്നിവിടങ്ങളിലും പുണ്യം പൂങ്കാവനം പദ്ധതിയുടെ നടത്തിപ്പിനുമായി ഒമ്പത്് സെക്ടറുകളായി തിരിച്ചാണ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നത്.
അസി. സ്‌പെഷ്യല്‍ ഓഫീസര്‍ നിതിന്‍രാജ് , ഒമ്പത് ഡി.വൈ.എസ്.പിമാര്‍, 33 സി.ഐമാര്‍, 93 എസ്.ഐ/ എ.എസ്.ഐ, 1200 സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 1335 പോലീസ് ഉദ്യോഗസ്ഥരെയാണ് ശബരിമലയിലെ സേവനത്തിനായി നിയോഗിച്ചത്. പതിനെട്ടാം പടിയിലെ ഡ്യൂട്ടിക്ക് വേണ്ടി കേരള പോലീസിന്റെ ഇന്ത്യ റിസര്‍വ് ബറ്റാലിയനില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. പത്ത് ദിവസമാണ് ശബരിമലയില്‍ പുതിയതായി നിയോഗിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ചുമതല. എന്‍.ഡി.ആര്‍.എഫ്, ആര്‍.എ.എഫ്, മറ്റു സംസ്ഥാനങ്ങളിലെ പോലീസുകാര്‍, വിവിധ സുരക്ഷാ സേനകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരും ശബരിമല ഡ്യൂട്ടിക്കുണ്ട്.












Click it and Unblock the Notifications