ശബരിമല തീർത്ഥാടനം: അടിയന്തര വൈദ്യ സഹായത്തിന് 108ന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ
പത്തനംതിട്ട: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് തീർത്ഥാടകർക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാൻ കനിവ് 108ന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. ആരോഗ്യ വകുപ്പിന്റെയും കനിവ് 108ന്റെയും ആംബുലൻസുകൾക്ക് പുറമേയാണ് ഈ യൂണിറ്റുകൾ കൂടി സജ്ജമാക്കിയിരിക്കുന്നത്. സുസജ്ജമായ ആശുപത്രികൾക്ക് പുറമേ പമ്പ മുതൽ സന്നിധാനം വരെയും കാനനപാതയിലുമായി ആകെ 19 എമർജൻസി മെഡിക്കൽ സെന്ററുകൾ, ഓക്‌സിജൻ പാർലറുകൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
ഇടുങ്ങിയ പാതകളിൽ സഞ്ചരിക്കാൻ കഴിയുന്ന ബൈക്ക് ഫീഡർ ആംബുലൻസ്, ദുർഘട പാതകളിലൂടെ സഞ്ചരിക്കാൻ കഴിയുന്ന 4x4 റെസ്‌ക്യു വാൻ, ഐസിയു ആംബുലൻസ് എന്നിവയാണ് ശബരിമലയ്ക്കായി സജ്ജമാക്കിയത്.

കനിവ് 108 ആംബുലൻസ് പദ്ധതിക്ക് കീഴിൽ പമ്പ ആശുപത്രി കേന്ദ്രമാക്കിയാണ് റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റ് പ്രവർത്തിക്കുന്നത്. തീർത്ഥാടകർക്ക് വൈദ്യസഹായം വേണ്ട സാഹചര്യങ്ങളിൽ 108 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് ബന്ധപ്പെട്ടാൽ ഈ വാഹനങ്ങളുടെ സേവനം ലഭ്യമാകും. ഒരു രോഗിയെ കിടത്തികൊണ്ട് പോകാൻ കഴിയുന്ന തരത്തിൽ സജ്ജമാക്കിയ സൈഡ് കാറോടു കൂടിയതാണ് ബൈക്ക് ഫീഡർ ആംബുലൻസ്. രോഗികളെ പരിചരിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ഒരു എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ആയിരിക്കും ഈ വാഹനം നിയന്ത്രിക്കുന്നത്.
ദുർഘട പാതകളിൽ അനായാസം സഞ്ചരിക്കാൻ കഴിയുന്ന 4x4 വാഹനത്തിൽ അടിയന്തര വൈദ്യസഹായം നൽകാൻ വേണ്ടിയുള്ള മരുന്നുകളും ഉപകരണങ്ങളും ലഭ്യമാണ്. രോഗികളെ പരിചരിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ഒരു എമർജൻസി മെഡിക്കൽ ടെക്നീഷ്യന്റെ സേവനം ഈ വാഹനത്തിൽ ഉണ്ടായിരിക്കും. പമ്പയിൽ നിന്ന് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരെ വിദഗ്ധ ചികിത്സയ്ക്കായി മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനായാണ് ഐ.സി.യു ആംബുലൻസ് സജ്ജമാക്കിയിരിക്കുന്നത്. ഡീഫ്രിബിലെറ്റർ, വെന്റിലേറ്റർ സംവിധാനങ്ങൾ ഉൾപ്പടെ അത്യാധുനിക സംവിധാനങ്ങളിളോടെ സജ്ജമാക്കിയ ഈ ആംബുലൻസിലും വൈദ്യസഹായം നൽകാൻ ഒരു എമർജൻസി മെഡിക്കൽ ടെക്നീഷ്യന്റെ സേവനം ലഭ്യമാണ്.
അയ്യപ്പ ദർശനത്തിന് 11 മാസമുള്ള മണികണ്ഠനും
അച്ഛന്റെ കൈകളിൽ ഇരുന്ന് ബംഗളൂരുവിൽ നിന്നും സന്നിധാനത്തെത്തി അയ്യപ്പനെ ദർശിച്ച 11 മാസം പ്രായമുള്ള കൃഷ്ണ എന്ന ആൺകുട്ടി ഏവരുടെയും മനം കവർന്നു. ഇന്നലെ (20/11) വൈകിട്ട് ആറോടെ അച്ഛൻ ഭീമാ ശേഖറിനും ചേച്ചി നാല് വയസുകാരി കൃഷ്ണവേണിക്കും ഒപ്പമാണ് കൃഷ്ണ പതിനെട്ടാം പടി കയറി അയ്യപ്പനെ ദർശിച്ചത്. മറ്റൊരു ചേച്ചി ആറു വയസുള്ള കൃഷ്ണപ്രിയ യും അമ്മ മഹേശ്വരിയും നിലയ്ക്കൽ ഗസ്റ്റ് ഹൗസിൽ കുഞ്ഞിന്റെ വരവും കാത്തിരിക്കുകയാണെന്ന് അച്ഛൻ പറഞ്ഞു. ആദ്യത്തെ രണ്ടും പെൺകുട്ടികൾ ആയതിനാൽ ഒരു ആൺകുട്ടി പിറന്നാൽ അതിനെ പതിനെട്ടാം പടി ചവിട്ടിക്കാം എന്ന പ്രാർഥനയുടെ പുണ്യമാണിതെന്ന് അദ്ദേഹം പറഞ്ഞു. ബംഗളൂരു ഒറാക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലെ സീനിയർ ഫിനാൻഷ്യൽ അണലിസ്റ്റാണ് ഭീമ ശേഖർ.












Click it and Unblock the Notifications