അനധികൃത മാലിന്യം കടത്തിന് പിടിവീഴും: ഹോളോഗ്രാം പതിപ്പിക്കാത്ത വാഹനങ്ങളില്‍ മാലിന്യം കൊണ്ടുപോവരുത്
പത്തനംതിട്ട: അനധികൃതമായി മാലിന്യം കടത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍. കളക്ട്രേറ്റില്‍ ചേര്‍ന്ന ജിപിഎസ് മോണിറ്ററിംഗ് കമ്മറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. ജില്ലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന വാഹനങ്ങളില്‍ ജി പി എസ് ഘടിപ്പിക്കുന്നത് കര്‍ശനമാക്കും. കൂടാതെ മാലിന്യശേഖരണ ഏജന്‍സികള്‍ മാലിന്യശേഖരണവുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തില്‍ രജിസ്ട്രര്‍ ചെയ്യണമെന്നും കളക്ടർ വ്യക്തമാക്കി
ശുചിത്വമിഷനില്‍ നിന്നും നല്‍കുന്ന ഹോളോഗ്രാം ജില്ലയില്‍ മാലിന്യം ശേഖരിക്കുന്ന എല്ലാ വാഹനങ്ങളിലും പതിപ്പിക്കണം. ഹോളോഗ്രാം പതിപ്പിക്കാത്ത വാഹനങ്ങള്‍ ജില്ലയില്‍ സര്‍വീസ് നടത്താന്‍ പാടില്ല. ജില്ലയില്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ശക്തമാക്കും. അനധികൃതമായി പിടിക്കപ്പെടുന്ന വാഹനത്തിന്റെ ഉടമസ്ഥനെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലയില്‍ ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ എല്ലാവരും സഹകരിക്കണമെന്നും കളക്ടര്‍ പറഞ്ഞു.

ജൈവ- അജൈവ ദ്രവ മാലിന്യങ്ങള്‍ പൊതുയിടങ്ങളിലും ജലാശയങ്ങളിലും നിക്ഷേപിക്കുന്നത് കര്‍ശനമായി നിരീക്ഷിക്കണമെന്നും സംയുക്ത പരിശോധന നടത്തണമെന്നും മോട്ടോര്‍ വെഹിക്കിള്‍, പോലീസ് വകുപ്പുകള്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, എല്‍ എസ് ജി ഡി ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോണ്‍സണ്‍ പ്രേംകുമാര്‍, ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ ബൈജു ടി പോള്‍, ക്ലീന്‍ കേരള ജില്ലാ മാനേജര്‍ എം ജെ ദിലീപ്കുമാര്‍, മോട്ടോര്‍ വാഹന വകുപ്പ്, പോലുഷന്‍ കണ്ട്രോള്‍ ബോര്‍ഡ് തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
അതേസമയം, പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ കളക്ടറുടെ സ്‌ക്വാഡ് ജില്ലയിലെ എല്ലാ താലൂക്കുകളിലെയും അരി, പലചരക്ക്, പച്ചക്കറി, പഴങ്ങള്‍ തുടങ്ങിയവ വിപണനം ചെയ്യുന്ന കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. 158 പരിശോധനകള്‍ നടത്തിയതില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്തതും മതിയായ ലൈസന്‍സുകള്‍ സൂക്ഷിക്കാത്തതും ഉള്‍പ്പെടെയുളള 16 ക്രമക്കേടുകള്‍ കണ്ടെത്തുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്നുളള ദിവസങ്ങളിലും കര്‍ശനമായ പരിശോധനകള്‍ നടത്തുമെന്നും കുറ്റക്കാർക്കെതിരെ കർശനമായ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനില്‍ അറിയിച്ചു.












Click it and Unblock the Notifications