തിരുവല്ല നഗരഭയില്‍ യുഡിഎഫിന് പാളയത്തില്‍പ്പട വിനയായി: എല്‍ഡിഎഫിന് വൈസ് ചെയർമാന്‍ സ്ഥാനം
പത്തനംതിട്ട: തിരുവല്ല നഗരസഭയില്‍ വീണ്ടും നാടകീയ രംഗങ്ങള്‍. നഗരസഭ വൈസ് ചെയർമാന്‍ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് വിജയിച്ചു. വോട്ടെടുപ്പില്‍ എല്‍ ഡി എഫിനും യു ഡി എഫിനും തുല്യ വോട്ട് ലഭിച്ചതോടെ ടോസ് നടത്തുകയായിരുന്നു. ടോസില്‍ എല്‍ ഡി എഫിലെ എന്‍ സി പി അംഗം ജിജി വട്ടശ്ശേരില്‍ പുതിയ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു.
യു ഡി എഫ് വൈസ് ചെയർമാൻ ആയിരുന്ന ജോസ് പഴയിടം മുന്നണി ധാരണയുടെ പേരിൽ രാജി വെച്ചതോടെയായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. രാവിലെ 11 മണിക്ക് കോൺഫറൻസ് ഹാളിൽ നടന്ന വോട്ടിങ്ങിൽ യു ഡി എഫിന്റെ രണ്ട് അംഗങ്ങള്‍ വോട്ട് അസാധുവാക്കിയതോടെയാണ് എല്‍ ഡി എഫിന് ഒപ്പമെത്താന്‍ സാധിച്ചത്. വോട്ടെടുപ്പില്‍ എല്‍ ഡി എഫിനും യു ഡി എഫിനും 15 വീതം വോട്ടുലഭിച്ചു.

എൻ ഡി എ സ്വതന്ത്രനും എസ് ഡി പി ഐ അംഗവും യു ഡി എഫിന് വോട്ട് ചെയ്തു. ബി ജെ പി അംഗങ്ങൾ വോട്ടിംഗ് ബഹിഷ്കരിച്ചു. നേരത്തെ എല്‍ ഡി എഫിന്റെ കൈവശമുണ്ടായിരുന്ന നഗരസഭ ഭരണം 2023 മാർച്ചിലായിരുന്നു യു ഡി എഫ് പിടിച്ചെടുത്തത്. എല്‍ ഡി എഫ് പിന്തുണയോടെ വിജയിച്ച കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ അംഗമായിരുന്ന ശാന്തമ്മ വർഗീസ് രാജിവച്ചതിനെ തുടർന്ന് നടന്ന വോട്ടെടുപ്പിലായിരുന്നു യു ഡി എഫ് ഭരണം പിടിച്ചത്.
2023 മാർച്ച് ആറിന് നടന്ന വോട്ടെടുപ്പില്‍ യു ഡി എഫിലെ അനു ജോർജ് 15-ന് എതിരെ 17 വോട്ടുകൾക്ക് വിജയിച്ചു. 39 കൗൺസിലിൽ 32 അംഗങ്ങൾ വോട്ട് ചെയ്തപ്പോൾ 17 പേർ യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തു. കേരള കോണ്‍ഗ്രസിലെ ലിന്റ ജേക്കബ് വഞ്ചിപ്പാലത്തായിരുന്ന ഇടത് സ്ഥാനാർത്ഥി. രാജിവെച്ച ശാന്തമ്മയും യു ഡി എഫിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു.
ശാന്തമ്മ ജോസഫ് കൂറുമാറിയെത്തിയതോടെയായിരുന്നു ചരിത്രത്തിലാദ്യമായി തിരുവല്ല നഗരസഭയില്‍ എല്‍ ഡി എഫിന് ഭരണം പിടിക്കാന്‍ സാധിച്ചിരുന്നത്. യു ഡി എഫ് -16 എൽ ഡി എഫ് -14 എൻ ഡി എ -7 എസ് ഡി പി ഐ -1 സ്വതന്ത്രൻ -1 എന്നിങ്ങനെയായിരുന്നു നഗരസഭയിലെ കക്ഷിനില. സ്വതന്ത്രനും ഇടതുപക്ഷത്ത് നിലയുറപ്പിച്ചതോടെ 15 പേരായിരുന്നു ഇടത് പാളയത്തിലുണ്ടായിരുന്നത്. ശാന്തമ്മ വർഗീസ് കൂടിയെത്തിയപ്പോള്‍ ഇടതുപക്ഷത്തിന് 16 പേരുടെ പിന്തുണ ലഭിച്ചു. തുടർന്ന് നടന്ന വോട്ടെടുപ്പില്‍ ഇടതിന് അധികാരം ലഭിക്കുകയായിരുന്നു. ഈ ഭരണമാണ് യു ഡി എഫ് കഴിഞ്ഞ വർഷം തിരിച്ച് പിടിച്ചത്.












Click it and Unblock the Notifications