'ഒരുമിച്ച് കഴിയാൻ ആഗ്രഹമെങ്കിൽ... എന്തിനാ എന്റെ മകളെ കൊന്നേ'; 'വിവാഹത്തിന് ഗായത്രിയ്ക്ക് വാശി'
തിരുവനന്തപുരം∙: തമ്പാനൂരിലെ ഹോട്ടല്‍ മുറിയിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് പൊലീസ്. സംഭവം ആസൂത്രിതമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
കൊലപാതകം നടത്താൻ ആണ് മുറി എടുത്തത്. സുഹൃത്തായ കൊല്ലം പരവൂർ കോട്ടപ്പുറം സ്വദേശി പ്രവീണിന്റെ ഉദ്ദേശ്യം കൊലപാതകം ആണ്. ഇതിന് വേണ്ടിയാണ് തമ്പാനൂരിൽ മുറി എടുത്തതെന്നും തെളിഞ്ഞതായി പൊലീസ് പറയുന്നു.
അതേസമയം, വിവാഹം കഴിക്കണമെന്ന് ഗായത്രി വാശി പിടിച്ചിരുന്നു. ഈ നിർബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഷാൾ ഉപയോഗിച്ച് കഴുത്തു ഞെരിച്ച് കൊലപെടുത്തുകയായിരുന്നു.

ഇക്കാര്യങ്ങളൊക്കെ പ്രതിയായ ഗായത്രിയുടെ സുഹൃത്ത് പ്രവീൺ വ്യക്തമാക്കിയെന്നും പൊലീസ് പറയുന്നു. അതേസമയം, പ്രവീണിന്റെ ഭാര്യയിൽ നിന്നും കേസിനെ സംബന്ധിച്ച് പൊലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. ഗായത്രിയെ പ്രവീൺ കൊലപ്പെടുത്തിയെന്ന് കരുതുന്നില്ലെന്ന് ഭാര്യ പൊലീസിനോട് പറഞ്ഞു. പരവൂർ സ്റ്റേഷനിലെ പരാതിക്ക് ശേഷം പ്രവീണിന് ഗായത്രിയുമായി അടുപ്പമുണ്ടായിരുന്നില്ല. ആഭരണ ശാലയിലെ ജീവനക്കാരെയും വിളിച്ചു വരുത്തി പൊലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു.

അതേസമയം, വെള്ളിയാഴ്ച്ച രാവിലെ ഗായത്രിയെ കാട്ടാക്കടയിൽ നിന്ന് നഗരത്തിലേക്ക് കൂട്ടിക്കൊണ്ട് വന്നത് പ്രവീൺ ആയിരുന്നു. അന്ന് രാവിലെ 10 മണിക്ക് തന്നെ പ്രവീൺ ഹോട്ടലിൽ മുറിയെടുത്തു. ഒടുവിൽ പ്രവീൺ ഗായത്രിയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ശേഷം മുറി പൂട്ടി കൊല്ലത്തേക്ക് രക്ഷപെടുകയായിരുന്നു ഇയാൾ. ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. പ്രതി കുറ്റം സമ്മതിച്ചിട്ടുള്ളതിനാൽ ഉടൻ തന്നെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

എന്നാൽ, സംഭവത്തിന് പിന്നാലെ ഗായത്രിയുടെ അമ്മ പ്രതികരിച്ച് രംഗത്ത് എത്തുകയായിരുന്നു. ഒരുമിച്ച് കഴിയാനായിരുന്നു ആഗ്രഹമെങ്കിൽ മകളെ കൊലപ്പെടുത്തിയത് എന്തിനാണെന്നാണ് അമ്മയുടെ പ്രതികരണം. കാട്ടാക്കട വീരണകാവ് സ്വദേശി സുജാതയാണ് മരണപ്പെട്ട ഗായത്രിയുടെ അമ്മ. ഗായത്രി സമൂഹ മാധ്യമത്തിൽ താനും പ്രവീണും തമ്മിലുളള വിവീഹം സ്റ്റാറ്റസാക്കി. പിന്നാലെയാണ് അമ്മ ഇക്കാര്യം അറിഞ്ഞച്. ഇതോടെ മകളെ കാണാനില്ലെന്ന് അമ്മയും ബന്ധുക്കളും പൊലീസില്‍ പരാതി നല്‍കി.

അതേസമയം, ഗായത്രിയുടെ മരണം വിശ്വസിക്കാനാകാത്ത അവസ്ഥയിലായിരുന്നു അമ്മ സുജാതയും ഏക സഹോദരി ജയശ്രീയും. സുജാതയുടെ ഭർത്താവ് മാരിയപ്പൻ 20 വർഷം മുൻപ് മരിച്ചു. ഗായത്രിക്ക് അന്ന് അഞ്ചും രണ്ടാമത്തെ മകൾക്ക് രണ്ടു വയസ്സുമായിരുന്നു പ്രായം. വീട്ടു ജോലിക്കുപോയും കൂലിപ്പണി ചെയ്തുമാണ് മക്കളെ വളർത്തിയത്.

സഹപ്രവർത്തകനുമായി മകൾക്ക് അടുപ്പമുള്ള കാര്യം സുജാതയ്ക്ക് അറിയാമായിരുന്നു. രാത്രി വൈകിയും മകളെ കാണാതായതോടെ ഗായത്രിയുടെ ഫോണിലേക്കു വിളിച്ചെങ്കിലും ഫോണെടുത്തത് പ്രവീണായിരുന്നു. ഗായത്രി കൂടെയുണ്ടെന്നായിരുന്നു മറുപടി. തിരുവനന്തപുരം നഗരത്തിലെ ഒരു ജ്വല്ലറിയിൽ ജോലി ചെയ്യുന്നതിനിടെയാണ് ഗായത്രിയും പ്രവീണും പ്രണയത്തിലായത്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നഗരത്തിലെ ഒരു പള്ളിയിൽ വച്ചു താലികെട്ടി. ഇത് നിയമപ്രകാരം ആയിരുന്നില്ല. ഭാര്യയുമായുള്ള ബന്ധം വേർപെടുത്തിയശേഷം വിവാഹം കഴിക്കാമെന്നാണ് പ്രവീൺ ഉറപ്പു നൽകിയിരുന്നത്. ഇരുവരും തമ്മിലുള്ള അടുപ്പം ഭാര്യ അറിഞ്ഞതോടെ ഗായത്രി ജോലി രാജിവച്ചുപോയെങ്കിലും ബന്ധം തുടർന്നു. വിവാഹം കഴിക്കണമെന്ന് ഗായത്രി നിർബന്ധം പിടിച്ചതാണു കൊലപാതകത്തിൽ എത്തിയത്.

എന്നാൽ, ഗായത്രിയും പ്രവീണും തമ്മിലുള്ള ബന്ധം അറിഞ്ഞ പ്രവീണിന്റെ ഭാര്യ ഇക്കാര്യം സൂചിപ്പിച്ച് പറവൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഗായത്രിയുടെ വീട്ടിലും പ്രവീൺ ജോലി ചെയ്തുവന്ന ജ്വല്ലറിയിലും പ്രവീണിന്റെ ഭാര്യ എത്തി കാര്യങ്ങൾ ധരിപ്പിച്ചു. ഇതോടെ പ്രവീണിനെ ജ്വല്ലറിയുടെ തമിഴ്നാട് ബ്രാഞ്ചിലേക്കു മാറ്റി. ഈ സംഭവത്തോടെ ഭാര്യയുമായി പിണങ്ങിയ പ്രവീൺ കുറച്ചുനാളായി കൊല്ലത്തെ വീട്ടിൽ പോയിരുന്നില്ല. ജ്വല്ലറിയിലെ ജോലി ഉപേക്ഷിച്ച ഗായത്രി കാട്ടാക്കടയിലെ ഒരു ജിമ്മിൽ ട്രെയിനറായി പ്രവർത്തിച്ചുവരികയായിരുന്നു. പ്രശ്നങ്ങൾ ഉണ്ടായെങ്കിലും ഇരുവരും ആരുമറിയാതെ അടുപ്പം തുടരുകയായിരുന്നു.












Click it and Unblock the Notifications