ശബരിമലയില്‍ സ്പോട്ട് ബുക്കിംഗ് വേണമെന്ന് പ്രതിപക്ഷവും: കത്തയച്ച് വിഡി സതീശന്‍
പത്തനംതിട്ട: ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് ഒരുങ്ങവെ ഓണ്‍ലൈന്‍ ബുക്കിങ്ങിന്റെ പേരില്‍ വലിയ വിവാദങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. സ്പോട്ട് ബുക്കിംഗ് ഒഴിവാക്കി പൂർണ്ണമായും വെർച്വല്‍ ക്യൂ വഴിയായിരിക്കും ഇത്തവണ ദർശനമെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിലപാടിനെതിരെ വലിയ പ്രതിഷേധത്തിന് ബി ജെ പി അടക്കമുള്ള സംഘടനകള്‍ ഒരുങ്ങുകയാണ്.
പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസിനും സ്പോട്ട് ബുക്കിംഗ് ആരംഭിക്കണമെന്ന നിലപാടാണുള്ളത്. സ്പോട്ട് ബുക്കിംഗ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും കത്ത് നല്‍കുകയും ചെയ്തു. ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം മതിയെന്ന തീരുമാനം ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് വഴി തെളിക്കുമെന്നാണ് അദ്ദേഹം കത്തിലൂടെ ആരോപിക്കുന്നത്.

'മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന പതിനായിരക്കണക്കിന് ഭക്തര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ്ങിനെ കുറിച്ച് അറിയില്ല. 41 ദിവസത്തെ വ്രതമെടുത്ത് എത്തുന്ന ഭക്തര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ്ങ് ഇല്ലെന്നതിന്റെ പേരില്‍ ദര്‍ശനം കിട്ടാതെ മടങ്ങേണ്ടി വരുന്ന സാഹചര്യമുണ്ടാകും. ഓണ്‍ലൈന്‍ ബുക്കിങ്ങ് ഇല്ലാതെ വരുന്നവര്‍ക്കും ദര്‍ശനം ലഭിക്കുന്നതിനു വേണ്ടിയുള്ള സംവിധാനമുണ്ടാകണം. 2018 വരെ ശബരിമലയില്‍ എത്തിയിരുന്നവര്‍ക്കെല്ലാം ദര്‍ശനം കിട്ടിയിരുന്നു.' എന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.
മുഴുവൻ ഭക്തർക്കും ദർശനം ഉറപ്പാക്കേണ്ട ചുമതലയിൽ നിന്ന് സർക്കാരും ദേവസ്വം ബോർഡും ഒഴിഞ്ഞ് മാറുകയാണ്. വളരെ ലാഘവത്വത്തോടെയാണ് സർക്കാർ വിഷയം കൈകാര്യം ചെയ്യുന്നത്. ശബരിമല തീർത്ഥാടനത്തെ ദോഷകരമായി ബാധിക്കുന്ന ഒരു തീരുമാനവും സർക്കാർ എടുക്കരുത്. ഈ സാഹചര്യത്തില്‍ സ്‌പോട്ട് ബുക്കിങ്ങിലൂടെ ദര്‍ശനം നല്‍കുന്നതിനുള്ള ക്രമീകരണം പുനഃസ്ഥാപിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
അതേസമയം സർക്കാർ തീരുമാനം പിന്‍വലിക്കണം എന്നതാണ് സി പി എം പത്തനംതിട്ട ജില്ല കമ്മറ്റിയുടെ നിലപാട്. ശബരിമലയിൽ സ്പോട്ട് ബുക്കിങ് വേണ്ടെന്ന തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ബി ജെ പി അവസരം മുതലെടുക്കുമെന്നാണ് ജില്ല കമ്മി സംസ്ഥാന നേൃത്വത്തെ അറിയിച്ചത്.
എന്നാല്‍ ശബരിമലയിലെത്തുന്ന എല്ലാ ഭക്തര്‍ക്കും സുഗമമായ ദര്‍ശനം ഉറപ്പാക്കുമെന്നാണ് ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ആവർത്തിക്കുന്നത്. ശബരിമലയിൽ വരുന്ന ഒരു തീർത്ഥാടകനും തിരിച്ചു പോകേണ്ടി വരില്ല, ഭക്തരുടെ സുഗമമായ ദർശനത്തിന് സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കും. തീര്‍ത്ഥാടകരുടെ പ്രതിദിന എണ്ണം 80,000ന് മുകളില്‍ പോകാതെ ക്രമീകരിക്കേണ്ടത് തീര്‍ത്ഥാടകരുടെ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സ്പോട്ട് ബുക്കിങ്ങിന് പകരം ക്രമീകരണം ഏർപ്പെടുത്തും. വിവിധ ഇടത്താവളങ്ങളില്‍ അക്ഷയ കേന്ദ്രങ്ങള്‍ ഒരുക്കും. ശബരിമലയിലേക്ക് എത്തുന്ന ഏതൊരു ഭക്തന്റേയും താല്പര്യങ്ങള്‍ സംരക്ഷിക്കും. ശബരിമലയുടെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തി കലാപമുണ്ടാക്കാൻ ആരെയും അനുവദിക്കില്ല, ഭക്ത ജനങ്ങളുടെ സുരക്ഷമാത്രമാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു












Click it and Unblock the Notifications