കാട്ടാന മുതല്‍ പുലി വരെ: കലഞ്ഞൂർ പഞ്ചായത്തിലെ വന്യമൃഗ ശല്യം; യോഗം വിളിച്ചു
പത്തനംതിട്ട: വന്യമൃഗ ശല്യം രൂക്ഷമായ കോന്നി മണ്ഡലത്തിലെ കലഞ്ഞൂർ പഞ്ചായത്തിലെ വിവിധ മേഖലകള്‍ സന്ദർശിച്ച് എംഎല്‍എ കെയു ജെനീഷ് കുമാർ. പൂമരുതിക്കുഴി-പാടം പ്രദേശങ്ങൾ ജില്ലാ കളക്ടർക്കും, വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥർക്കുമൊപ്പം സന്ദർശ്ശിച്ചു എം എല്‍ എ ജനങ്ങളെയും ഉദ്യോഗസ്ഥരേയും ഉൾപ്പെടുത്തി വിളിച്ച് ചേർത്ത യോഗത്തിൽ ജനങ്ങൾ അവരുടെ ആശങ്കകൾ പങ്കുവച്ചതായി ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
വന്യമൃഗ ശല്യം ഏറെയുള്ള സ്ഥലങ്ങളാണ് കോന്നി മണ്ഡലത്തിലെ കലഞ്ഞൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന പാടം-പൂമരുതിക്കുഴി പ്രദേശങ്ങൾ. കഴിഞ്ഞ ദിവസങ്ങളായി ഈ പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷമാണ്. വളർത്ത് മൃഗങ്ങളെ പുലി അക്രമിച്ച സാഹചര്യവും ഇവിടെ ഉണ്ടായിട്ടുണ്ട്. പൂമരുതിക്കുഴി-പാടം പ്രദേശങ്ങൾ ജില്ലാ കളക്ടർക്കും,വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥർക്കുമൊപ്പം സന്ദർശ്ശിച്ചു. ജനങ്ങളെയും ഉദ്യോഗസ്ഥരേയും ഉൾപ്പെടുത്തി വിളിച്ച് ചേർത്ത യോഗത്തിൽ ജനങ്ങൾ അവരുടെ ആശങ്കകൾ പങ്കുവച്ചു. ഫലപ്രദമായി ഈ വിഷയങ്ങളിൽ ഇടപെടുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

വന്യമൃഗ ശല്യം രൂക്ഷമായ പൂമരുതിക്കുഴി-തട്ടാക്കുടി മേഖലയിൽ 4 കിലോമീറ്റർ ദൂരത്തിൽ അടിയന്തരമായ് സോളാർ ഫെൻസിംഗ് സ്ഥാപിക്കും. പാടം ഫോറസ്റ്റ് റേഞ്ചിൽ 14 കിലോമീറ്റർ ദൂരത്തിൽ സോളാർ ഫെൻസിംഗ് സ്ഥാപിക്കുന്നതിനുള്ള അനുമതിയും ലഭ്യമായിട്ടുണ്ട്. കോന്നി വനം ഡിവിഷനിൽ തന്നെ 2 കോടി രൂപയുടെ സോളാർ ഫെൻസിംഗ് സ്ഥാപിക്കുന്നതിനുള്ള പ്രത്യേക അനുമതിയും ലഭ്യമായിട്ടുണ്ട്.
പൂമരുതിക്കുഴി കേന്ദ്രീകരിച്ച് വന സംരക്ഷണ സമിതി രൂപീകരിക്കാനും, പ്രദേശത്തെ പിച്ചാണ്ടിക്കുളം ഫോറസ്റ്റ് ഔട്ട്‌പോസ്റ്റിൽ രാത്രികാലങ്ങളിൽ വനപാലകരുടെ സേവനം ലഭ്യമാക്കാനും തീരുമാനമായി.കാടിനുള്ളിലെ ജലസ്രോതസ്സുകൾ വൃത്തിയാക്കി വന്യമൃഗങ്ങൾക്ക് ജലലഭ്യത ഉറപ്പ് വരുത്താനും, സ്വകാര്യ ഭൂമിയിലെ കാടുകൾ വെട്ടി വൃത്തിയാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
വാർഡ് മെമ്പർ, ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർ, വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി എന്നിവർ ഭാരവാഹികളായി ജനകീയ സമിതി രൂപീകരിക്കാനും, എം.എൽ.എ ഫണ്ടിൽ നിന്ന് തുക വകയിരുത്തി പിച്ചാണ്ടിക്കുളം മുതൽ പൂമരുതിക്കുഴി വരെയുള്ള പ്രദേശങ്ങളിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനും തീരുമാനമായി. എസ്റ്റിമേറ്റ് തയ്യാറാക്കി നൽകുവാനുള്ള ചുമതല കെ.എസ്.ഇ.ബി അസി.എഞ്ചിനീയർക്ക് നൽകിയിട്ടുണ്ട്.
പൂമരുതിക്കുഴി മേഖലയിലേക്കുള്ള റോഡുകളുടെ വീതി കൂട്ടുന്നതിനായുള്ള അനുമതി ലഭ്യമാക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കാൻ ഡി.എഫ്.ഒയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുലിയെ പിടികൂടുന്നതിനായി കൂട് സ്ഥാപിക്കാനും യോഗത്തിൽ തീരുമാനമായി. ജില്ലാ കളക്ടർ എ.ഷിബു ഐ.എ.എസ്, കോന്നി ഡി.എഫ്.ഒ ആയുഷ് കുമാർ കോറി ഐ.എഫ്.എസ്, കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.പുഷ്പവല്ലി,വൈസ് പ്രസിഡന്റ് മിനി എബ്രഹാം, കോന്നി തഹസിൽദാർ മഞ്ജുഷ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായി പി.വി.ജയകുമാർ,സുജ എന്നിവരും വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.












Click it and Unblock the Notifications