എവിടെ പരിപാടി അവതരിപ്പിച്ചാലും.. ബിജെപി സമരത്തിലെ ഡിവൈഎഫ്‌ഐ പ്ലക്കാര്‍ഡ് വൈറൽ
തിരുവനന്തപുരം: പലപ്പോഴും ബിജെപി നേതാക്കളുടെ അമളികള്‍ ട്രോളന്മാര്‍ക്ക് ഇരയാകാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ ചിരിപ്പിക്കുന്നത് ബിജെപിയുടെ സമരമാണ്. മുട്ടില്‍ മരംമുറി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപി നടത്തിയ പ്രതിഷേധ സമരമാണ് ട്രോളുകള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുന്നത്.
ആറ്റിങ്ങലില്‍ ആണ് വനിതാ പ്രവര്‍ത്തകര്‍ അടക്കം ഏതാനും ബിജെപിക്കാര്‍ വനംകൊള്ളയ്ക്ക് എതിരെ പ്ലക്കാര്‍ഡും പിടിച്ച് സമരത്തിന് ഇറങ്ങിയത്. എന്നാല്‍ ഇവര്‍ക്കൊരു അബദ്ധം പറ്റി.. കൂട്ടത്തിലെ ഒരു വനിതാ പ്രവര്‍ത്തക പിടിച്ച കാര്‍ഡ് ഡിവൈഎഫ്‌ഐയുടെ പേരിലുളളതായിരുന്നു. അതും പെട്രോള്‍ വില വര്‍ധനവിന് എതിരെയുളളത്. പെട്രോള്‍ സെഞ്ച്വറിയടിച്ചു പ്രതിഷേധിക്കുക-ഡിവൈഎഫ്‌ഐ എന്ന പ്ലക്കാര്‍ഡ് ആയിരുന്നു ബിജെപി പ്രവര്‍ത്തക പിടിച്ചിരുന്നത്.
ഈ അമളി സമരം ചെയ്യുന്നവരുടെ കൂട്ടത്തിലെ ആര്‍ക്കും മനസ്സിലായിരുന്നില്ല. എന്നാല്‍ സമരത്തിന്റെ ദൃശ്യം പകര്‍ത്താനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ ചിരി തുടങ്ങിയതോടെയാണ് പണി പാളിയതായി ബിജെപിക്കാര്‍ക്ക് മനസ്സിലായത്. ഉടനെ തന്നെ സമരക്കാരിലൊരാള്‍ വനിതാ പ്രവര്‍ത്തകയുടെ പ്ലക്കാര്‍ഡ് കീറിയെറിഞ്ഞ് വനംകൊള്ളയെ കുറിച്ചുളള പ്ലക്കാര്‍ഡ് നല്‍കി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

സംഭവത്തിൽ മുൻ ധനമന്ത്രി ടിഎം തോമസ് ഐസകിന്റെ പ്രതികരണം ഇങ്ങനെ: ' ആറ്റിങ്ങലിൽ ബിജെപിയുടെ ഒരു പ്രതിഷേധ പരിപാടിയിൽ ഡിവൈഎഫ്ഐയുടെ പ്ലക്കാർഡ് പ്രത്യക്ഷപ്പെട്ടത് ഒരു അബദ്ധമായി ഞാൻ കാണുന്നില്ല. നാം അതിനെ മറ്റൊരു തരത്തിലാണ് കാണേണ്ടത്. ഡിവൈഎഫ്ഐയുടെ ഒരു പ്ലക്കാർഡ് ബിജെപി പ്രവർത്തകർ ഉയർത്തിപ്പിടിക്കില്ല എന്നത് നൂറു തരം. പക്ഷേ, ഇവിടെ പെട്രോൾ വില വർദ്ധനയ്ക്കെതിരെയാണ് പ്ലക്കാർഡ്. ഈ പ്ലക്കാർഡ് പിടിച്ച പെൺകുട്ടി മുദ്രാവാക്യം മാത്രമേ വായിച്ചിട്ടുണ്ടാകൂ എന്നാണ് ഞാൻ മനസിലാക്കുന്നത്.
Recommended Video
പെട്രോൾ വില ഇങ്ങനെ കുതിച്ചുയരുന്നതിൽ ആ പ്രവർത്തകയുടെ ഉള്ളിലും പ്രതിഷേധമുണ്ട്. ബിജെപി സംഘടിപ്പിക്കുന്ന സമരം അതിനെതിരെ ആയിരിക്കും എന്ന് കരുതിയിട്ടുണ്ടാകും. ആ കുട്ടിയെ ട്രോളുന്നതിൽ അർത്ഥമില്ല. പെട്രോൾ വില വർദ്ധനയ്ക്കെതിരെ ആ കുട്ടിയുടെ ഉള്ളിലും പ്രതിഷേധമുണ്ട്. രാജ്യത്താകമാനം ബിജെപി പ്രവർത്തകർ തങ്ങളുടെ ഉള്ളിൽ അടക്കിപ്പിടിക്കുന്ന ആ പ്രതിഷേധമാണ്, അബദ്ധത്തിലെങ്കിലും അവർ ഉയർത്തിപ്പിടിച്ചത്. ഇത് അല്ലെങ്കിൽ എങ്ങനെ ഇത് സംഭവിച്ചു? മറിച്ചൊരു വിശദീകരണം തരാൻ ആർക്കെങ്കിലും കഴിയുമോ'?












Click it and Unblock the Notifications