വെട്ടുകാട് പള്ളിയില്‍ പില്‍ഗ്രിം അമിനിറ്റി സെന്ററിന് ശിലാസ്ഥാപനം, ചിലവ് 3 കോടി രൂപ
തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രശസ്തമായ വെട്ടുകാട് പള്ളിയില്‍ പില്‍ഗ്രിം അമിനിറ്റി സെന്റര്‍ നിർമ്മാണത്തിന് തുടക്കമിട്ട് വിനോദ സഞ്ചാര വകുപ്പ്. സംസ്ഥാന സര്‍ക്കാരിന്റെ തീര്‍ത്ഥാടന വിനോദസഞ്ചാര പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്നു കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന അമിനിറ്റി സെന്ററിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു കഴിഞ്ഞുവെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രൻ.
നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിനോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന അമിനിറ്റി സെന്ററിന്റെ രൂപകല്‍പ്പന റോമിലെ പുരാതന പള്ളികളെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ്. ദേവാലയം സ്ഥിതിചെയ്യുന്ന തീരപ്രദേശത്തിന്റെ മുഖച്ഛായ മാറ്റുന്ന തരത്തിലാണ് തീര്‍ത്ഥാടന സൗകര്യ കേന്ദ്രം ഒരുങ്ങുന്നത്. 18 മാസം കൊണ്ട് പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍സ് കേരള ലിമിറ്റഡാണ് നേതൃത്വം നല്‍കുന്നത്.

സംസ്ഥാന വിനോദസഞ്ചാര വകുപ്പ് പില്‍ഗ്രിം ടൂറിസം സര്‍ക്യൂട്ടിന് മുന്തിയ പരിഗണന നല്‍കിക്കൊണ്ട് വിവിധ പദ്ധതികളിലൂടെ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ക്കായി സൗകര്യകേന്ദ്രങ്ങള്‍ ഒരുക്കുന്നുണ്ട്. തീര്‍ത്ഥാടന വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ തീര്‍ത്ഥാടന കേന്ദ്രങ്ങളെ കോര്‍ത്തിണക്കിയാണ് പില്‍ഗ്രിം സര്‍ക്യൂട്ട് രൂപീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഈ പദ്ധതി ആരാധനാലയങ്ങളില്‍ എത്തിച്ചേരുന്ന സഞ്ചാരികള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. തീര്‍ഥാടന കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത് സര്‍ക്കാര്‍ ഉത്തരവാദിത്തമാണെന്ന് തിരിച്ചറിഞ്ഞു കൊണ്ടാണ് തീര്‍ത്ഥാടന വിനോദസഞ്ചാര വികസന പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത് എന്നും മന്ത്രി കടകംപളളി സുരേന്ദ്രൻ അറിയിച്ചു.












Click it and Unblock the Notifications