മാസപ്പടി വിവാദം : കൈപ്പറ്റിയ പണത്തിന് വീണാ വിജയൻ ഐ.ജി.എസ്.ടി അടച്ചതായി ജിഎസ്ടി വകുപ്പ് റിപ്പോർട്ട്
തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ കേരള സർക്കാരിന് ആശ്വാസം. എക്സാലോജിക് - സി.എം.ആർ.എൽ ഇടപാടുമായി ബന്ധപ്പെട്ട് വീണാ വിജയൻ ഐ.ജി.എസ്.ടി അടച്ചതായി നികുതി വകുപ്പ് കണ്ടത്തി. സി.എം.ആർ.എല്ലിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ 1.72 കോടി രൂപ കൈപ്പറ്റിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. മുഴുവൻ തുകയും കാട്ടി ഐ.ജി.എസ്.ടി അടച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ജി എസ് ടി കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ട് നികുതി സെക്രട്ടറി ധനമന്ത്രി കെ.എൻ.ബാലഗോപാലിന് കൈമാറിയതായാണ് വിവരം. ഈ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയനും കൈമാറും.
ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന വീണാ വിജയന്റെ ഐ ടി കമ്പനിയായ 'എക്സാലോജിക് സൊല്യൂഷൻസ്' നെ ചുറ്റിപ്പറ്റിയാണ് വിവാദം തുടങ്ങിയത്. സ്വകാര്യ കരിമണൽ കമ്പനിയിൽ നിന്ന് 1.72 കോടി രൂപ മാസപ്പടി വാങ്ങിയെന്ന വെളിപ്പെടുത്തൽ നടന്നത് ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിലാണ്. എന്നാൽ ഐ ടി സേവനങ്ങൾക്കുള്ള തുകയാണ് അതെന്നും കരാർ ഉണ്ടാക്കിയെങ്കിലും പിന്നീടത് നടന്നില്ലെന്നും പുറത്തു വന്നു.

വീണയ്ക്കും എക്സാലോജിക് സൊല്യൂഷൻസിനും വേറെ വേറെ പണം നൽകിയതിൽ ദുരൂഹത ഉയർന്നതോടെയാണ് മാസപ്പടി വിവാദത്തിന്റെ ആരംഭം. സർക്കാർ നിയമസഭയിലടക്കം സമ്മർദ്ദത്തിലായെങ്കിലും വീണ നികുതി അടച്ചിട്ടുണ്ടെന്നും അനധികൃത സ്വത്ത് സമ്പാദനം അല്ലെന്നും സി പി എമ്മും വാദിച്ചിരുന്നു. എന്നാൽ ഇപ്പോൾ റിപ്പോർട്ട് പുറത്തു വന്നതോടെയാണ് കാര്യങ്ങൾക്ക് വ്യക്തത വന്നത്.
ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്ത കമ്പനി ആയതു കൊണ്ടു തന്നെ കേരളത്തിലും ബാംഗ്ലൂരിലെ 'എക്സാലോജിക് സൊല്യൂഷൻസ്' ലും കേന്ദ്രീകരിച്ചായിരുന്നു നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന. പല വട്ടം മുഖ്യമന്ത്രി പിണറായി വിജയനോട് വീണാ വിജയനുമായി ബന്ധപ്പെട്ട ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴും അന്വേഷണം നടക്കട്ടെ എന്ന മറുപടി മാത്രമായിരുന്നു ലഭിച്ചു കൊണ്ടിരുന്നത്. വിവാദങ്ങൾ തുടങ്ങി മാസങ്ങൾ പിന്നിട്ടുവെങ്കിലും ഇപ്പോഴും നിയമ സഭയ്ക്കകത്തും മറ്റു പൊതു വേദികളിലും സി പി എമ്മിനെതിരെ കോൺഗ്രസ് ഉപയോഗിക്കുന്ന ആയുധമാണ് മാസപ്പടി വിവാദം. ഇന്നത്തെ ആദായ നികുതി വകുപ്പിന്റെ റിപ്പോർട്ട് പുറത്ത് വന്നതോടു കൂടി സി പി എമ്മിനെ സംബന്ധിച്ച് ഇത് ആശ്വാസമാണ്.












Click it and Unblock the Notifications