വിദ്യാര്‍ഥികളുടെ തട്ടം അഴിപ്പിച്ച സ്‌കൂള്‍ മാനേജ്മെന്റിന് മന്ത്രി ശിവന്‍കുട്ടിയുടെ താക്കീത്, നോട്ടീസ്
തിരുവനന്തപുരം: വിദ്യാര്‍ഥിനികളുടെ തട്ടം അഴിപ്പിച്ച സംഭവത്തില്‍ സ്വകാര്യ സ്‌കൂള്‍ മാനേജ്മെന്റിനെതിരെ ശക്തമായ നിലപാടുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എയ്ഡഡ് സ്‌കൂള്‍ മാനേജ്മെന്റുകളുടെ ഇത്തരം നടപടികള്‍ അനുവദിക്കില്ലെന്നും വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്ക് മേല്‍ മാനേജ്മെന്റുകളുടെ താത്പര്യങ്ങള്‍ അടിച്ചേല്‍പ്പക്കരുതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം വലിയതുറയില്‍ ക്രിസ്ത്യന്‍ മാനേജ്മെന്റിന് കീഴിലുള്ള സെന്റ് റോക്സ് കോണ്‍വെന്റ് സ്‌കൂളിലെ സംഭവവുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രിയുടെ പ്രതികരണം.
കുട്ടികളുടെ തട്ടം അഴിപ്പിക്കാതെ സ്‌കൂളില്‍ കയറ്റാന്‍ മന്ത്രി സ്‌കൂള്‍ മാനേജ്മെന്റിന് കര്‍ശന നിര്‍ദേശം നല്‍കി. കഴിഞ്ഞ രണ്ടാഴ്ചയായി സെന്റ് റോക്സ് കോണ്‍വെന്റ് സ്‌കൂള്‍ അധികൃതര്‍ സ്‌കൂള്‍ കവാടത്തില്‍ വച്ച് വിദ്യാര്‍ഥിനികളുടെ ഷാള്‍ അഴിച്ചുമാറ്റിയാണ് സ്‌കൂളിലേക്ക് പ്രവേശിപ്പിച്ചിരുന്നത്. തട്ടം അഴിച്ചു മാറ്റിയ ശേഷം മാത്രം ക്ലാസില്‍ കയറിയാല്‍ മതിയെന്നായിരുന്നു വിദ്യാര്‍ഥികള്‍ക്ക് നോട്ടീസ് മുഖേന നല്‍കിയിരുന്ന നിര്‍ദേശം. ഇതേതുടര്‍ന്ന് സ്‌കൂളിന് മുന്നില്‍ രക്ഷകര്‍ത്താക്കള്‍ പ്രതിഷേധിച്ചിരുന്നു. പോലീസ് സംഭവ സ്ഥലത്തെത്തിയാണ് പ്രശ്നം പരിഹരിച്ചത്.

വലിയതുറ സെന്റ് റോക്സ് എച്ച്എസ് പ്രഥമാധ്യാപികക്കും സെന്റ് റോക്സ് ഐടിഐ പ്രിന്‍സിപ്പലിനും വിദ്യാഭ്യാസ വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ എസ് സന്തോഷ്‌കുമാറാണ് ഇരുവര്‍ക്കും നോട്ടീസ് നല്‍കിയത്. മുസ്ലിം വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളോട് ശിരോവസ്ത്രം ധരിക്കരുതെന്ന് അധികൃതര്‍ അനൗദ്യോഗികമായി നിര്‍ദേശം നല്‍കിയിരുന്നു.
സംഭവത്തില്‍ രക്ഷിതാക്കളും സ്റ്റാഫും തമ്മില്‍ പ്രശ്നമുണ്ടായി. തുടര്‍ന്നാണ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇടപെട്ടത്. മതസ്പര്‍ധ ഉണ്ടാക്കി പൊതുസമൂഹത്തില്‍ അസഹിഷ്ണുത ഉണ്ടാക്കാനും പൊതുവിദ്യാഭ്യാസ മേഖലയെക്കുറിച്ച് അവമതിപ്പ് ഉണ്ടാക്കാനും സംഭവം ഇടയാക്കിയിട്ടുണ്ടെന്ന് നോട്ടീസില്‍ പറയുന്നു. ചട്ടപ്രകാരമില്ലാത്ത നിര്‍ദേശങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് നേരത്തേ തന്നെ വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നതാണെന്നും നോട്ടീസില്‍ പറയുന്നു.
കര്‍ണാടകത്തില്‍ ഹിജാബ് വിവാദം വലിയ വിഷയമായിരുന്നു. ഹിജാബ് നിരോധനത്തിനെതിരെ ഉഡുപ്പിയിലെ വിദ്യാര്‍ഥിനികള്‍ കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹിജാബിനെതിരെ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ കാവി ഷാള്‍ ധരിച്ച് പ്രതിഷേധിച്ചതോടെയാണ് വിവാദം ഉടലെടുത്തത്. തുടര്‍ന്ന് നിരവധി സ്‌കൂളുകള്‍ നിരോധനം ഏര്‍പ്പെടുത്തി. ഹിജാബിനെ അനുകൂലിച്ചും എതിര്‍ത്തും ഇരുവിഭാഗം സംഘടിച്ചതോടെ പലയിടത്തും സംഘര്‍ഷാവസ്ഥയായി. മറ്റു ചില സംസ്ഥാനങ്ങളും സമാനമായ വിവാദത്തിന് തുടക്കമിട്ടിരുന്നു. അതിനിടെയാണ് കേരളത്തിലും ഹിജാബ് വിവാദം. വയനാട്ടിലെ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളില്‍ ഹിജാബ് വിലക്കിന് ശ്രമിച്ചെങ്കിലും പ്രതിഷേധം ഉയര്‍ന്നതോടെ പ്രിന്‍സിപ്പല്‍ മാപ്പ് പറയുകയായിരുന്നു.












Click it and Unblock the Notifications