നേമത്ത് രാജഗോപാലിന് 18000 ലീഡ്, കുമ്മനത്തിന് 12000, മുരളീധരന് ചാന്‍സില്ല, ശിവന്‍കുട്ടിക്ക് ഉറപ്പ്
തിരുവനന്തപുരം: നേമം കൈവിടുമെന്ന് ബിജെപിക്ക് കേന്ദ്ര ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ ബിജെപി നേതൃത്വത്തിന് ഗ്രൗണ്ട് റിപ്പോര്‍ട്ട് ലഭിക്കുന്നത് പ്രകാരം ഭൂരിപക്ഷം കുറഞ്ഞ് വിജയിക്കുമെന്നാണ്. എന്നാല്‍ കെ മുരളീധരന് നേമത്ത് ഒട്ടും സേഫല്ലെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. സിപിഎമ്മും ബിജെപിയും തമ്മിലാണ് ഇവിടെ ത്രില്ലര്‍ പോരാട്ടം നടക്കുന്നത്. മണ്ഡലം കൈവിട്ടിട്ടും കഴിഞ്ഞ തവണ വോട്ട് വര്‍ധിപ്പിച്ച ചരിത്രമാണ് ശിവന്‍കുട്ടിക്കുള്ളത്. ഇത്തവണ ശിവന്‍കുട്ടി വളരെ മുന്നില്‍ തന്നെയാണ്.

ബിജെപിക്ക് ഉറപ്പില്ല
നേമം ഇത്തവണ ഉറപ്പിക്കാനാവില്ലെന്നാണ് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പറയുന്നത്. സര്‍വേകളും അത് തന്നെയാണ് സൂചിപ്പിക്കുന്നത്. പക്ഷേ ഇതിനെ സംസ്ഥാന നേതൃത്വം തള്ളുന്നു. അടിത്തട്ടില്‍ ബിജെപിയുടെ വോട്ടുകള്‍ കൃത്യമായി ചെയ്യിക്കാന്‍ സാധിച്ചു എന്ന റിപ്പോര്‍ട്ടാണ് നല്‍കുന്നത്. പക്ഷേ ഇത്തവണ ചെറിയ ഭൂരിപക്ഷം മാത്രമേ ഉണ്ടാവൂ. മത്സരം കടുത്ത രീതിയിലാണ് നടക്കുന്നത്. തദ്ദേശത്തിലെ പോലെ ഇഞ്ചോടിഞ്ച് പോരാട്ടം ഇവിടെ പ്രതീക്ഷിക്കണം. രാജഗോപാലിനെ പോലെ വ്യക്തിഗത മികവ് കുമ്മനം രാജശേഖരന് ഇവിടെയില്ലാത്തതും പ്രശ്‌നമാണ്.

മുരളീധരന്‍ സേഫല്ല
മുരളീധരന്‍ വിചാരിച്ചത് പോലെ അത്ര പെട്ടെന്ന് മറിയുന്നതല്ല ബിജെപി വോട്ടുകള്‍. ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുമറിയാം. നേതാക്കള്‍ പ്രചാരണത്തില്‍ നിന്ന് പോലും മാറി നിന്നിരുന്നു. ആര്‍എസ്എസ് പ്രചാരണത്തോട് ഏറ്റുമുട്ടാന്‍ മുരളീധരന്‍ മുന്നില്‍ നിന്നെങ്കിലും വോട്ടുകള്‍ കൂടുതലായി വരുമെന്ന പ്രതീക്ഷ കോണ്‍ഗ്രസിലില്ല. എട്ടായിരം വോട്ടിന്റെ ഭൂരിപക്ഷവും രാജഗോപാലിനുണ്ട്. ഇത്തവണ കാഴ്ച്ചവെച്ച പ്രചാരണം കൊണ്ട് വോട്ട് കൂട്ടാന്‍ മാത്രമാണ് സാധിക്കുകയെന്ന് മുരളീധരനും അറിയാം.

തരൂര്‍ വീണുപോയ നേമം
നേമത്ത് കോണ്‍ഗ്രസിന് മറികടക്കാനാവാത്ത വിധം വോട്ട് ബിജെപിക്കുണ്ട് എന്നത് സത്യമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തരംഗം തന്നെ ഉണ്ടായപ്പോഴും നേമം മാത്രം മാറിയില്ല. കുമ്മനം രാജശേഖരന്‍ 12000 വോട്ടിന്റെ ലീഡ് തരൂരിനെതിരെ നേടി. തിരുവനന്തപുരത്ത് നിന്ന് നാല് ലക്ഷത്തോളം വോട്ട് തരൂര്‍ നേടിയെങ്കിലും നേമം വരുന്ന മേഖലയില്‍ 46472 വോട്ടാണ് ആകെ നേടാനായത്. കുമ്മനത്തിന് കിട്ടിയത് 58000 വോട്ടുകള്‍. 2014ലും തരൂര്‍ രാജഗോപാലിന് മുന്നില്‍ വീണിരുന്നു. അന്ന് 18000 വോട്ടായിരുന്നു ഭൂരിപക്ഷം. 50685 വോട്ടുകള്‍ രാജഗോപാല്‍ നേടിയപ്പോള്‍ തരൂരിന് കിട്ടിയത് 32639 വോട്ടുകള്‍ മാത്രമാണ്.

കോണ്‍ഗ്രസിന് പ്രതീക്ഷയില്ല
മുരളീധരനെ ഇറക്കുക എന്ന റിസ്‌ക് മാത്രമാണ് കോണ്‍ഗ്രസ് എടുത്തത്. അതിനുള്ള സംഘടനാ അടിത്തറ ഒരുക്കാനോ കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല. 2016ല്‍ സുരേന്ദ്രന്‍ പിള്ളയ്ക്ക് 13000 കിട്ടുമ്പോള്‍ അതീവ ദുര്‍ബലമായിരുന്നു കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു മാറ്റവും ഇവിടെ കോണ്‍ഗ്രസിന്റെ സംഘടനയില്‍ ഇല്ല. കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകുന്നത് അതുകൊണ്ടാണ്. ഇത്തവണയും സ്ഥിതി വ്യത്യസ്തമല്ല. ശശി തരൂരിനോളം വ്യക്തിപ്രഭാവം മുരളീധരന് ഇല്ല എന്നതും വെല്ലുവിളിയാണ്.

തദ്ദേശത്തിലും കുതിപ്പ്
തദ്ദേശ തിരഞ്ഞെടുപ്പില്‍ നേമം വരുന്ന ഡിവിഷനുകളില്‍ ബിജെപിയുടെ തേരോട്ടമായിരുന്നു. തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ നേമം നിയമസഭാ മണ്ഡലത്തിന്റെ ഭാഗമായ 23 ഡിവിഷനുകളില്‍ 14 ഡിവിഷനുകളും ബിജെപിയാണ് നേടിയത്. ഇടതുപക്ഷത്തിന് ബാക്കിയുള്ള ഒമ്പത് ഡിവിഷനും കിട്ടി. എന്നാല്‍ കോണ്‍ഗ്രസ് ഇവിടെ വട്ടപൂജ്യമായി. ഇങ്ങനെയുള്ള ഒരു മണ്ഡലത്തില്‍ മുരളീധരന്‍ കുതിപ്പുണ്ടാക്കി വിജയം പിടിച്ചെടുക്കുമെന്ന് കോണ്‍ഗ്രസ് എന്നല്ല ഒരാളും വിശ്വസിക്കില്ല. ബിജെപിക്ക് തന്നെ മുന്‍തൂക്കം തല്‍ക്കാലമുണ്ട് എന്ന് പറയേണ്ടി വരും.

സിപിഎമ്മിന് പ്രതീക്ഷിക്കാം
രാജഗോപാലിന് 67813 വോട്ടാണ് കിട്ടിയത്. അതിന് മുമ്പ് 43661 വോട്ടായിരുന്നു കിട്ടിയത്. ഒറ്റയടിക്ക് 24152 വോട്ടാണ് ബിജെപിക്ക് കൂട്ടിയത്. ശിവന്‍കുട്ടിക്കും പക്ഷേ പ്രതീക്ഷയുണ്ട്. 50076 വോട്ടാണ് 2011ല്‍ ശിവന്‍കുട്ടിക്ക് കിട്ടിയത്. 2016ല്‍ അത് 59142 വോട്ടായി. ഒമ്പതിനായിരം വോട്ടിന്റെ വര്‍ധനവ് അവിടെയുണ്ട്. ബിജെപി വിരുദ്ധ വോട്ടുകല്‍ ഇത്തവണ ഏകീകരിക്കപ്പെട്ടെന്ന് സിപിഎം ഉറപ്പിക്കുന്നുണ്ട്. ബിജെപിക്ക് കഴിഞ്ഞ തവണ കിട്ടിയിരുന്ന വോട്ടുകള്‍ കുറയുക കൂടി ചെയ്താല്‍ ശിവന്‍കുട്ടി ജയം ഉറപ്പിക്കും.

ഭൂരിപക്ഷം ഇങ്ങനെ
ശിവന്‍കുട്ടി ചെറിയ മാര്‍ജിനില്‍ ജയിക്കുമെന്നാണ് സിപിഎം ഉറപ്പിക്കുന്നത്. അതിനുള്ള സാധ്യത ബിജെപിയും തള്ളുന്നില്ല. പക്ഷേ കോണ്‍ഗ്രസിനാണ് യാതൊരു സാധ്യതയുമില്ലാത്തത്. പതിനായിരത്തിലേറെ വോട്ടുകല്‍ എസ്ഡിപിഐക്ക് മറിഞ്ഞെന്ന് എല്‍ഡിഎഫ് ഉറപ്പിക്കുന്നു. അത്രയും വോട്ടുകള്‍ ശിവന്‍കുട്ടിക്ക് വീണിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ സിപിഎം മുന്നിലാണ്. രണ്ടായിരം വോട്ടുകള്‍ക്ക് ശിവന്‍കുട്ടി ജയിക്കുമെന്നാണ് വിവരം. ഈ കണക്കിലേക്കാണ് കേന്ദ്ര ഇന്റലിജന്‍സും വിരല്‍ ചൂണ്ടുന്നത്. കുമ്മനത്തിന് ശിവന്‍ കുട്ടിയുടെ അത്ര സ്വീകാര്യതയും മണ്ഡലത്തിലില്ല.












Click it and Unblock the Notifications