മുരളീധരന് വേണ്ടി മാത്രം നേമത്തെത്തും, കേരളത്തിലെ നേതാക്കള്‍ക്ക് നല്‍കിയ ഉറപ്പ് പറഞ്ഞ് രാഹുല്‍ ഗാന്ധി
തിരുവനന്തപുരം: നേമത്ത് അവസാന മണിക്കൂറിലാണ് രാഹുല്‍ ഗാന്ധി കെ മുരളീധരന് വേണ്ടി എത്തിയത്. എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ തിരുവനന്തപുരം മുഴുവന്‍ അവിടെയുണ്ടായിരുന്നുവെന്ന് പറയാം. പ്രിയങ്ക ഗാന്ധി കൂടി വരണമെന്ന ആവശ്യം മുരളീധരനുണ്ടായിരുന്നു. എന്നാല്‍ അത് നടന്നില്ല. രാഹുല്‍ പ്രസംഗത്തിന്റെ അവസാന ഭാഗങ്ങളില്‍ എന്തുകൊണ്ട് മുരളീധരന് വേണ്ടി പ്രചാരണത്തിനെത്തി എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ഹൈക്കമാന്‍ഡില്‍ നടന്ന സ്ഥാനാര്‍ത്ഥി ചര്‍ച്ചയില്‍ കേരളത്തില്‍ ഒരാള്‍ക്ക് വേണ്ടി താന്‍ എന്തായാലും പ്രചാരണത്തിന് വരുമെന്ന് പറഞ്ഞിരുന്നുവെന്ന് രാഹുല്‍ പറഞ്ഞു. അത് മുരളീധരന് വേണ്ടിയായിരുന്നുവെന്നും രാഹുല്‍ വ്യക്തമാക്കി.
രാജ്യം വീണ്ടും കൊറോണ ഭീഷണിയില്‍; നരേന്ദ്ര മോദി യോഗം വിളിച്ചു, ചിത്രങ്ങൾ കാണാം

നേമത്ത് മുരളീധരന്‍ ഇപ്പോള്‍ തന്നെ വിജയിച്ചിരിക്കുന്നു. സ്ഥാനാര്‍ത്ഥി പട്ടിക എനിക്ക് തന്നപ്പോള്‍ തന്നെ പ്രചാരണത്തിന് ഇറങ്ങേണ്ട കാര്യം കേരളത്തിലെ നേതാക്കള്‍ എന്നെ അറിയിച്ചിരുന്നു. അത് നോക്കിയപ്പോല്‍ ഞാന്‍ എന്തായാലും വരും എന്ന് ആവര്‍ത്തിച്ച് പറഞ്ഞ ഒരേയൊരു സ്ഥാനാര്‍ത്ഥി മുരളീധരനാണെന്നും രാഹുല്‍ വെളിപ്പെടുത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്നത് മാത്രമല്ല മുരളീധരന്‍. അദ്ദേഹം കേരളം എന്ന ആശയത്തിന്റെ സ്ഥാനാര്‍ത്ഥി കൂടിയാണ്. കേരളമെന്ന ആശയം നിലനിര്‍ത്തുന്നതിനാണ് മുരളി പോരാടുന്നത്. കേരളത്തിന്റെ ഐക്യത്തെ പ്രതിനിധീകരിക്കുന്ന നേതാവാണ് അദ്ദേഹമെന്നും രാഹുല്‍ പറഞ്ഞു.
മുരളീധരന്‍ മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്ന നഴ്‌സിനെ പോലെയാണ്. അദ്ദേഹം ധാര്‍മിക പോരാട്ടമാണ് നടത്തുന്നത്. രണ്ട് രാഷ്ട്രീയ പാര്‍ട്ടികളെയല്ല, മറിച്ച് വിദ്വേഷത്തെയാണ് മുരളീധരന്‍ നേമത്ത് നേരിടുന്നത്. അതുകൊണ്ട് കേരളത്തില്‍ അദ്ദേഹം എന്ത് വന്നാലും പരാജയപ്പെടില്ലെന്നും രാഹുല്‍ പറഞ്ഞു. അതേസമയം നേരത്തെ നേമത്ത് മത്സരിക്കുന്നതിനായി വമ്പന്‍ നേതാക്കളെയാണ് കോണ്‍ഗ്രസ് പരിഗണിച്ചത്. ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും മത്സരിക്കാനായി ഹൈക്കമാന്‍ഡ് സമീപിച്ചിരുന്നു. എന്നാല്‍ ഇവര്‍ മണ്ഡലം മാറി മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല.
അതേസമയം എല്ലാ റിസ്‌കും എടുത്ത് നേമത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് മുരളീധരന്‍ പ്രഖ്യാപിച്ചതോടെയാണ് ഹൈക്കമാന്‍ഡ് അദ്ദേഹത്തെ ചുമതലയേല്‍പ്പിച്ചത്. നേമം സീറ്റ് പിടിച്ചെടുത്താല്‍ അത് ദേശീയ തലത്തില്‍ നല്‍കുന്ന വലിയ സന്ദേശമായി വ്യാഖാനിക്കപ്പെടുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. കേരളത്തിലെ ബിജെപിയുടെ ഏക സീറ്റും കൂടിയാണിത്. ഇത് ഇല്ലാതാക്കുക എന്നത് കോണ്‍ഗ്രസിന് വളരെ പ്രധാനപ്പെട്ടതാണ്. ഇവിടെ വിജയിച്ചാല്‍ അത് രാഹുല്‍ ഗാന്ധിയുടെ കൂടി ക്രെഡിറ്റായി വ്യാഖാനിക്കപ്പെടാം. എന്നാല്‍ നേമത്ത് കടുത്ത ത്രികോണ പോരാട്ടമാണ് നടക്കുന്നത്. മുരളീധരന്‍ വന്നത് കൊണ്ട് മാത്രം രക്ഷപ്പെടുക എളുപ്പമല്ല. കോണ്‍ഗ്രസിന്റെ സംഘടന വളരെ ദുര്‍ബലമാണ് നേമത്ത്.












Click it and Unblock the Notifications