'ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ല് ലൈഫ് പദ്ധതിക്ക് വേണ്ടി ശേഖരിക്കും'; ആര്യാ രാജേന്ദ്രൻ
ശുചീകരണ വേളയിൽ കല്ല് ശേഖരിക്കും. പൊങ്കാലയ്ക്കുള്ള മൺ പാത്രങ്ങളിൽ മായം പരിശോധിക്കാൻ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതായി മേയർ അറിയിച്ചു.

തിരുവനന്തപുരം∙ ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ല് ലൈഫ് പദ്ധതിക്കുള്ള ഭവനനിർമാണത്തിന് വേണ്ടി ശേഖരിച്ച് ഉപയോഗിക്കുമെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ഇതിനായി പ്രത്യേക സ്ക്വാഡിനെ നിയോഗിച്ച് ശുചീകരണ വേളയിൽ തന്നെ ശേഖരിക്കും. കല്ല് അനധികൃതമായി ശേഖരിക്കുന്നവർക്ക് പിഴ ചുമത്തും എന്നും മേയർ വ്യക്തമാക്കി.
ശുചീകരണ വേളയിൽ കല്ല് ശേഖരിക്കും. പൊങ്കാലയ്ക്കുള്ള മൺ പാത്രങ്ങളിൽ മായം പരിശോധിക്കാൻ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതായി മേയർ അറിയിച്ചു. പൊങ്കാലയോടനുബന്ധിച്ച് കൂടുതൽ ശുചിമുറികൾ സജ്ജമാക്കുമെന്നും മേയർ പറഞ്ഞു.
പൊങ്കാല ശുചീകരണത്തിനുള്ള വാഹനങ്ങളും മേയർ ഫ്ലാഗ് ഓഫ് ചെയ്തു. ആറ്റുകാൽ പൊങ്കാലയ്ക്കായി 5.16 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് നഗരസഭയുടെ ഭാഗത്ത് നിന്ന് നടത്തിയതെന്നും മേയർ പറഞ്ഞു. ശുചികരണ പ്രവർത്തനത്തിന് 1 കോടി രൂപയും മാറ്റി വച്ചു. പരമാവധി സീറോ ബജറ്റ് പ്രവർത്തനം എന്നതാണ് നഗരസഭ ലക്ഷ്യം വയ്ക്കുന്നത്. ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റിന്റെ തലപ്പത്ത് ആദ്യമായി ഒരു വനിത അധ്യക്ഷയായി എത്തിയ ശേഷമുള്ള പൊങ്കാലയാണ് . ഭക്തജനങ്ങൾക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റ് ചെയർപേഴ്സൺ ഗീതാകുമാരി പറഞ്ഞു. ഒരുക്കങ്ങൾ എല്ലാം പൂർത്തിയാ
യിരിക്കെ, റോഡിൽ ഇഷ്ടിക നിരത്തി സ്ഥലം പിടിക്കാൻ തുടങ്ങിക്കഴിഞ്ഞു ഭക്തർ. അനന്തപുരിയിലെ എല്ലാ വീഥികളും ഇപ്പോൾ ആറ്റുകാലിലേക്കാണ്. ക്ഷേത്രത്തിലെ തിരക്ക് കൂടി. ആയിരങ്ങൾ എത്തുന്നത് പ്രമാണിച്ച് ദർശനസമയവും നീട്ടിയിട്ടുണ്ട്.
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ നേതൃത്തിൽ പ്രത്യേക മെഡിക്കൽ ടീമിനെ നിയോഗിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. പൊങ്കാല ദിവസത്തിൽ ആംബുലൻസ് ഉൾപ്പെടെയുള്ള 10 മെഡിക്കൽ ടീമുകളെ രാവിലെ 5 മണി മുതൽ പൊങ്കാല അവസാനിക്കുന്നതുവരെ വിവിധ ഭാഗങ്ങളിൽ നിയോഗിക്കുന്നതാണ്.
ആരോഗ്യ വകുപ്പിന്റേയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേയും കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾ, പ്രായമായവർ തുടങ്ങി പതിനായിരക്കണക്കിന് സ്ത്രീകൾ പൊങ്കാലയ്ക്കെത്തുന്നതിനാൽ വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ളത്. എന്തെങ്കിലും ബുദ്ധിമുട്ടുള്ളവർ ആരോഗ്യ വകുപ്പിന്റെ സേവനം തേടേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു.
തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസ് മുഖാന്തിരമാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. രാവിലെ 7 മണി മുതൽ രാത്രി 10 മണി വരെ ആറ്റുകാൽ ക്ഷേത്ര സന്നിധിയിൽ ഡോക്ടർ, സ്റ്റാഫ് നഴ്സ്, നഴ്സിംഗ് അസിസ്റ്റന്റ്, ആംബുലൻസ് എന്നിവ ഉൾപ്പെടെ മെഡിക്കൽ ടീമിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. കുത്തിയോട്ടത്തിലെ കുട്ടികളുടെ ആരോഗ്യ പരിചരണത്തിനായി രണ്ട് വിതം പീഡിയാട്രീഷ്യൻമാരുടേയും, സ്റ്റാഫ് നഴ്സുമാരുടേയും മുഴുവൻ സമയ സേവനം ലഭ്യമാക്കി. ഇതു കൂടാതെ ആയുഷ് വിഭാഗങ്ങളുടെ സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് പൊതുജനാരോഗ്യ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്നതിന് ഹെൽത്ത് ഇൻസ്പെക്ടർമാർ ഉൾപ്പെട്ട 8 പേരുടെ സേവനം ലഭ്യമാക്കി. പൊങ്കാലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടായാൽ നേരിടുന്നതിന് നഗര പരിധിയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിലും മെഡിക്കൽ കോളേജിലും ആവശ്യമായ സജ്ജീകരണങ്ങൾ ക്രമീകരിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ആരോഗ്യ വകുപ്പ്, കനിവ് 108, കോർപറേഷൻ, ഐഎംഎ, സ്വകാര്യ ആശുപത്രികൾ, ഫയർ ഫോഴ്സ് എന്നിവിടങ്ങളിൽ നിന്നുള്ള 35 ആംബുലൻസുകൾ സജ്ജമാക്കിയിട്ടുണ്ട്. കൂടുതൽ ആബുലൻസുകളിലും ഡോക്ടർമാർ ഉൾപ്പെടയുള്ളവരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications