മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി, തിരുവനന്തപുരത്ത് പോക്സോ കേസിൽ അമ്മ അറസ്റ്റിൽ
തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ കടയ്ക്കാവൂരിൽ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അമ്മ അറസ്റ്റില്‍. തിരുവനന്തപുരം വക്കം സ്വദേശിനിയായ യുവതിയാണ് അറസ്റ്റിലായിരിക്കുന്നത്. പോക്‌സോ വകുപ്പ് ആണ് അമ്മയ്ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. പതിനാല് വയസ്സുകാരനായ മകനെ ലൈംഗികമായി പീഡനത്തിന് ഇരയാക്കി എന്നാണ് യുവതിക്ക് എതിരെയുളള കേസ്.
കുട്ടിയുടെ അച്ഛനാണ് മകനെ ലൈംഗികമായി പീഡിപ്പിക്കുന്നു എന്ന് ഭാര്യയ്ക്ക് എതിരെ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നല്‍കിയ പരാതിയിലാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കടയ്ക്കാവൂര്‍ പോലീസ് ആണ് പോക്‌സോ ചുമത്തി യുവതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേരളത്തില്‍ ആദ്യമായാണ് പീഡിപ്പിക്കപ്പെട്ട ഇരയുടെ അമ്മ തന്നെ പോക്‌സോ കേസില്‍ അറസ്റ്റിലാകുന്നത്. അറസ്റ്റിലായ യുവതിയെ റിമാന്‍ഡ് ചെയ്തു.

ദമ്പതികള്‍ ഏറെ നാളുകളായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. മകന്‍ അമ്മയുടെ സംരക്ഷണത്തിലായിരുന്നു കഴിഞ്ഞിരുന്നത്. 2019 ഡിസംബറില്‍ മകനെയും കൊണ്ട് അച്ഛന്‍ വിദേശത്ത് പോയതായും അവിടെ വെച്ചാണ് ചില സംശയങ്ങള്‍ തോന്നിയത് എന്നും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലും പോലീസ് എഫ്‌ഐആറിലും പറയുന്നു. വിവരം അച്ഛന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ അറിയിച്ചത് പ്രകാരം കുട്ടിക്ക് കൗണ്‍സിലിംഗ് നടത്തിയതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്.
കുട്ടിയെ നാല് വര്‍ഷമായി അമ്മ ലൈംഗികമായി പീഡിപ്പിക്കുകയാണ് എന്ന് വ്യക്തമായതായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പറയുന്നു. കുട്ടിയുടെ രഹസ്യമൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അമ്മയെ അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications