സ്‌കൂള്‍ സമയം മാറുമോ? രാവിലെ 8 മണിതൊട്ട് ഉച്ചയ്ക്ക് ഒരുമണിവരെ ആക്കാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: സ്കൂൾ സമയത്തിൽ മാറ്റം വരുത്തണം എന്ന് ശുപാർശ ചെയ്ത് ഖാദർ കമ്മറ്റി. രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ആക്കണം എന്നാണ് ശുപാർശ. ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ രണ്ടാം ഭാഗം വിദ്യാഭ്യാസ വകുപ്പിന് മുമ്പിൽ സമർപ്പിച്ചു. കുട്ടികൾക്ക് പഠിക്കാൻ പറ്റിയ നല്ല സമയം രാവിലെ ആണ്. ഉച്ചയ്ക്ക് ശേഷം കായിക പഠനങ്ങൾക്ക് പ്രധാന്യം കൊടുക്കണം എന്നും ശുപാർശയിൽ പറയുന്നു.
അതേസമയം, അധ്യാപകരാകാൻ അഞ്ചു വർഷത്തെ സംയോജിത കോഴ്സ് പൂർത്തിയാക്കണം എന്നും ശുപാർശയുണ്ട്. ടിടിസി, ബി എഡ് പഠനങ്ങൾക്ക് പകരം അഞ്ചു വർഷത്തെ സംയോജിത കോഴ്സ് പഠിച്ചവരെ അധ്യാപകരാക്കണം എന്നാണ് നിർദേശം. സർക്കാർ അംഗീകരിച്ചാൽ മാത്രമെ ശുപാർശ നടപ്പാകുകയുള്ലൂ. 2019ൽ ആണ് ഖാദർ കമ്മിറ്റിയുടെ ആദ്യ റിപ്പോർട്ട് സമർപ്പിച്ചത്. ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഖാദർ കമ്മിറ്റി 2017ൽ രൂപീകരിച്ചത്.

ഒന്നാംഭാഗം റിപ്പോർട്ടിൽ ഘടന സംബന്ധിച്ച കാര്യങ്ങളാണ് മുഖ്യമായും പറഞ്ഞിരിക്കുന്നത്. എന്നാൽ രണ്ടാംഭാഗം റിപ്പോർട്ടിൽ അക്കാദമിക കാര്യങ്ങളാണ് പ്രധാനമായും പറയുന്നത്. പ്രായത്തിനനുഗുണമായ വിദ്യാഭ്യാസമാണ് ഇപ്പോൾ സ്‌കൂളുകളിൽ നടക്കുന്നത്. അത് തുടരണം. എന്നാൽ കഴിവുകളെ പരിഗണിച്ചുള്ള വിദ്യാഭ്യാസത്തിലേക്ക് നാം മുന്നേറണം. ദേശീയാടിസ്ഥാനത്തിൽ ഇത്തരം കാര്യങ്ങൾ സാർവത്രികമായി പരിഗണിക്കുന്നതിന് ഇപ്പോൾ പരിമിതിയുണ്ടെന്നും ശുപാർശയിൽ പറയുന്നു.
ചെയർമാൻ പ്രൊഫ ഡോ എം എ ഖാദറിനെ കൂടാതെ നിയമവകുപ്പിൽ നിന്നും സ്‌പെഷ്യൽ സെക്രട്ടറിയായി വിരമിച്ച ജി ജ്യോതിചൂഢൻ, ഡോ സി രാമകൃഷ്ണൻ എന്നിവരങ്ങിയ വിദഗ്ധസമിതി അംഗങ്ങളാണ് റിപ്പോർട്ട് തയ്യാറാക്കിയത്. വിദഗ്ധ സമിതി ചെയർമാൻ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി, വിദഗ്ധ സമിതി അംഗങ്ങൾ, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു കെ ഐഎഎസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
നേരത്തെ ഖാദര്‍ കമ്മറ്റിയുടെ റിപ്പോർട്ടിനെതിരെ ചില അധ്യാപക സംഘടനകള്‍ രംഗത്തുവന്നിരുന്നു. സ്കൂൾ വിദ്യാഭ്യാസത്തിന്‍റെ ഘടനമാറ്റം സംബന്ധിച്ച് ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കുന്നതിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പൊതുജനങ്ങളുടെയും സംഘടനകളുടെയും അഭിപ്രായം തേടിയിരുന്നു. സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട മൂന്ന് ഡയറക്ടറേറ്റുകളുടെ ലയനവും ഇതിനനുസൃതമായി വരുത്തേണ്ട ഘടനാപരമായ മാറ്റങ്ങളുമാണ് ഖാദർ കമ്മിറ്റി റിപ്പോർട്ടിന്‍റെ ഒന്നാം ഭാഗത്തിൽ ശുപാർശ ചെയ്തിരുന്നത്.












Click it and Unblock the Notifications