രാജ്യത്തെ എറ്റവും പ്രായം കുറഞ്ഞ മേയര്‍; എസ്എഫ്ഐ പോരാളി, ആര്യയിലൂടെ യുവജന പിന്തുണ ലക്ഷ്യമിട്ട് സിപിഎം
തിരുവനന്തപുരം: ആര്യ രാജേന്ദ്രന്‍ എന്ന 21 വയസുകാരിയെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറക്കാന്‍ സിപിഎം നേതൃത്വം തീരുമാനിച്ചതോടെ രാജ്യത്തെ പാര്‍ലമെന്‍ററി രാഷ്ട്രീയത്തിലെ തന്നെ പുതിയ ചരിത്രമാണ് കുറിച്ചത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായിട്ടാണ് മുടവന്‍മുഗള്‍ വാര്‍ഡില്‍ നിന്നും വിജയിച്ച ആര്യ ചരിത്രത്തില്‍ ഇടം പിടിക്കുന്നത്. ആൾ സെയിന്റ്സ് കോളേജിലെ ബി എസ് സി മാത്‌സ് വിദ്യാർത്ഥിയായ ആര്യ ബാലസംഘം സംസ്ഥാന പ്രസിഡന്‍റാണ്. എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം, സി പി എം കേശവദേവ് റോഡ് ബ്രാഞ്ച് അംഗം എന്നീ നിലകളില്‍ ആര്യ പ്രവര്‍ത്തിക്കുന്നു.
ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എൽ ഐ സി ഏജന്റായ ശ്രീലതയുടേയും മകളാണ്. പതിവുപോലെ ഇത്തവണയും മേയര്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെയായിരുന്നു എല്‍ഡിഎഫ് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. മേയര്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും ജമീല ശ്രീധറിനായിരുന്നു കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥി-യുവജന സംഘടനാ രംഗത്ത് പരിചയമുള്ള ആര്യ രാജേന്ദ്രനെ മേയറക്കാക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു.

യുവ വനിതാ നേതാവ്, പൊതുസമ്മതിയുള്ള മുഖം എന്നിവയെല്ലാം ആര്യക്ക് അനുകൂലഘടകമായി. യുവ വനിതാ നേതാവിനെ മേയറാക്കുന്നതിലൂടെ കഴിഞ്ഞ തവണ വികെ പ്രശാന്തിനെ മേയറാക്കിയപ്പോൾ കിട്ടിയത് പോലുള്ള പിന്തുണ ലഭിക്കുമെന്നാണ് പാര്‍ട്ടി കണക്ക് കൂട്ടുന്നത്. ഓദ്യോഗികമായി ഇതുവരെ തീരുമാനം ആയില്ലെങ്കിലും പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏതൊരു ദൗത്യവും സന്തോഷത്തോടെ ഏറ്റെടുക്കുമെന്നും പഠനവും രാഷ്ട്രീയവും ഒരുമിച്ച് കൊണ്ട് പോകാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷികുന്നതെന്നും ആര്യ പറഞ്ഞു.
വ്യക്തമായ ഭൂരിപക്ഷം ലഭിച്ചതോടെ കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച രീതിയില്‍ ഭരണം നടത്താന്‍ സിപിഎമ്മിന് കഴിയും. ഭരണം പിടിക്കുമെന്നുറപ്പിച്ച് രംഗത്തിറങ്ങിയ ബിജെപിയെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു സിപിഎം വിജയം. കഴിഞ്ഞ തവണ 43 സീറ്റുകളില്‍ വിജയിച്ച എല്‍ഡിഎഫിന് ഇത്തവണ 51 സീറ്റുകള്‍ ലഭിച്ചപ്പോള്‍ 35 സീറ്റുകള്‍ ഉണ്ടായിരുന്ന ബിജെപിക്ക് 34 സീറ്റുകള്‍ മാത്രമാണ് ഇത്തവണ നേടാന്‍ സാധിച്ചത്.












Click it and Unblock the Notifications