തിരുവനന്തപുരത്ത് വീട്ടിലെത്തിയ മകളുടെ ആണ്‍സുഹൃത്തിന്റെ തലയിലും പുറത്തും അച്ഛന്‍ വെട്ടി
തിരുവനന്തപുരം: വർക്കലയിൽ മകളുടെ ആൺ സുഹൃത്തിന് നേരെ അച്ഛന്റെ ആക്രമണം. സുഹൃത്തിനെ അച്ഛൻ വെട്ടി പരിക്കേൽപ്പിച്ചു. മകൾ വീട്ടിൽ വിളിച്ചു വരുത്തിയ ആൺ സുഹൃത്ത്, വർക്കല ടെലിഫോൺ എക്‌സ്‌ചേഞ്ചിന് സമീപം ചരുവിള വീട്ടിൽ ബാലുവിനെ ആണ് അച്ഛൻ വെട്ടി പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ബാലുവിനെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതോടെ, പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
തലയിലും പുറത്തുമാണ് ബാലുവിന് വെട്ടേറ്റത്. സംഭവത്തിൽ ചെറുകുന്നം സ്വദേശിയായ പെൺകുട്ടിയുടെ പിതാവ് ജയകുമാറിനെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. 2019ൽ ഇതേ പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച ആളാണ് ബാലു. അന്ന് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല.

അതേസമയം, തിരുവനന്തപുരത്ത് ഇന്ന് മറ്റൊരു ആക്രമണം കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഭാര്യയ്ക്ക് നേരെയാണ് ഭർത്താവ് ആക്രമണം നടത്തിയത്. വർക്കല രഘുനാഥപുരത്ത് മദ്യ ലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. വെട്ടൂർ വലയന്റെ കുഴി സ്വദേശിനി സതി (34)-ന് ആണ് പരിക്കേറ്റത്. ഇടത് തോളിലേറ്റ പരിക്ക് ഗുരുതരം ആണെന്നാണ് പ്രാഥമിക വിവരം. ഇവരുടെ രണ്ട് കാലിനും സ്വാധീനമില്ല. ഇവരുടെ ഭർത്താവ് സന്തോഷിനെ (36) പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഒരുപാട് കാലമായി വർക്കല രഘുനാഥപുരത്ത് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപം വാടകയ്ക്ക് താമസിക്കുകയാണ് ഇവർ. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. സന്തോഷ് കഴിഞ്ഞ ദിവസങ്ങളിലും ഇവരെ ഉപദ്രവിച്ചിരുന്നു എന്ന് സതിയുടെ അമ്മ പറഞ്ഞു. ഇവർക്കു ഒരു മകനാണ് ഉള്ളത്. ഉച്ചയോടെ മകനെ വിളിക്കുകയും താൻ വീട്ടിൽ എത്തുമ്പോൾ അവിടെ ആരും ഉണ്ടാകരുത് എന്ന് ദേഷ്യത്തോടെ പറഞ്ഞതായും സതിയുടെ അമ്മ പറഞ്‍ഞു.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി സന്തോഷിനെ കസ്റ്റഡിയിൽ എടുത്തു. പരിക്കേറ്റ സതിയെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സ്ഥിരമദ്യപാനി ആണു സന്തോഷ് എന്നാണ് പോലീസ് പറയുന്നത്. ഇയാൾക്കും പോളിയോ ബാധിച്ച് ഒരു കൈക്ക് സ്വാധീനക്കുറവുണ്ട്.












Click it and Unblock the Notifications