തിരുവനന്തപുരത്ത് വീണ്ടും അതിക്രമം; ക്ലാസ് കഴിഞ്ഞ് മടങ്ങിയ പെൺകുട്ടികളെ കയറിപ്പിടിച്ചു
തിരുവനന്തപുരം : തലസ്ഥാനത്ത് പെൺകുട്ടികൾക്ക് നേരെ വീണ്ടും അതിക്രമം. സിവിൽ സർവീസ് കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലിലേക്ക് പോകുകയായിരുന്ന കുട്ടികളെ ബൈക്കിലെത്തിയ യുവാവ് കടന്ന് പിടിച്ചു. തിരുവനന്തപുരം കവടിയാറിന് സമീപം പണ്ഡിറ്റ് കോളനിയിലെ യുവധാരാ ലൈനിലാണ് സംഭവമുണ്ടായത്. ബൈക്കിലെത്തിയ ആൾ ബൈക്ക് സമീപത്ത് ഒതുക്കിയ ശേഷമാണ് കുട്ടികളെ കയ്യേറ്റം ചെയ്തത്.
അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. നാല് ദിവസം മുമ്പാണ് സംഭവമുണ്ടായത്. അന്ന് തന്നെ മ്യൂസിയം സ്റ്റേഷനിൽ പരാതി നൽകിയിരുന്നുവെന്നും അന്വേഷണം നടക്കുകയായിരുന്നുവെന്നുവെന്നാണ് പൊലീസ് അറിയിച്ചതെന്നും പരാതി നൽകിയ പെൺകുട്ടി പറഞ്ഞു.

സിസിടിവി ദൃശ്യങ്ങളിൽ പ്രതിയുടെ ദൃശ്യങ്ങളുണ്ടെങ്കിലും പ്രതിയിലേക്ക് എത്താനായിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന പരിസരപ്രദേശങ്ങളിൽ സ്ട്രീറ്റ് ലൈറ്റുകളില്ലെന്നും പെൺകുട്ടികൾ പറഞ്ഞു. നാല് കുട്ടികളാണ് റോഡിലൂടെ പോയത്.അക്രമിച്ച ബൈക്കിൽ പോയ ഇയാളുടെ പിന്നാലെ പെൺകുട്ടികൾ ഓടിപ്പോയെങ്കിലും ഇയാൾ രക്ഷപ്പെടുകയായിരുന്നു.
നേരത്തെ തിരുവനന്തപുരം മ്യൂസിയം വളപ്പിൽ സ്ത്രീ ആക്രമിക്കപ്പെട്ടിരുന്നു, പുലർച്ചെ നടക്കാനിറങ്ങിയപ്പോഴാണ് ദേഹത്തു കടന്നുപിടിച്ചത്. ഇതിന് പിന്നാലെ പ്രതിയെ അറസ്റ്റു ചെയ്തിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വീണ്ടും ഇതുപോലുള്ള സംഭവം നടന്നിരുന്നു.പ്രഭാത സവാരിക്കിടെ തന്നെയായിരുന്നു വീണ്ടും യുവതിക്ക് നേരെ ആക്രമണം.
വഞ്ചിയൂർ കോടതിക്ക് സമീപം വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. പിന്നാലെ തന്നെ പ്രതിയെ പൊലീസ് പിടികൂടി. കരുതം സ്വദേശി ശ്രീജിത്തിനെയാണ് പൊലീസ് പിടികൂടിയത്. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.












Click it and Unblock the Notifications