തിരുവനന്തപുരത്ത് നിന്ന് 150 കോടിയുടെ ഹെറോയിൻ പിടികൂടി
തിരുവനന്തപുരം ബാലരാമപുരത്ത് വൻ മയക്കുമരുന്ന് വേട്ട. 150 കോടി വിലവരുന്ന ഹെറോയിനാണ് പിടികൂടിയത്. 23 കിലോയോളമുണ്ടായിരുന്നു ഹെറോയിൻ. സംഭവത്തിൽ തിരുമല സ്വദേശി രമേശ്, ശ്രീകാര്യം സ്വദേശി സന്തോഷ് എന്നിവർ പിടിയിലായി. സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ ലഹരിവേട്ടകളിലൊന്നാണിത്. ഡി.ആർ.ഐ സംഘം സ്വകാര്യ ആശുപത്രിക്കടുത്തുള്ള വാടകമുറിയിൽ നിന്ന് ഇന്നലെ രാത്രിയാണ് ലഹരി മരുന്ന് ശേഖരം പിടികൂടിയത്.
അതേസമയം, കാസർഗോഡ് കാഞ്ഞങ്ങാടും വൻ ലഹരിമരുന്ന് വേട്ട നടന്നു. 196 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. വെള്ളരിക്കുണ്ട് സ്വദേശി വി.രജിത്തിനെയാണ് എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.വിപണിയിൽ പത്ത് ലക്ഷം രൂപയോളം വിലമതിക്കുന്ന ലഹരി മരുന്നാണ് ഇയാളിൽ നിന്നും എക്‌സൈസ് പിടികൂടിയത്.

അതേസമയം, കോഴിക്കോട് ഫറോക്ക് റെയിൽവേ സ്റ്റേഷന് സമീപം പൊറ്റേക്കാട് റോഡിൽ വച്ച് ആറര കിലോ കഞ്ചാവുമായി തിരുന്നവായ പട്ടർ നടക്കാവ് സ്വദേശി ചെറുപറമ്പിൽ വീട്ടിൽ ഷിഹാബ് സി.പി ( 33 വയസ് ) യെ പോലീസ് പിടികൂടിയിരുന്നു. കഴിഞ്ഞദിവസം മലപ്പുറത്ത് നിന്നും മയക്കുമരുന്ന് വില്പന നടത്തുന്ന മൂന്നംഗസംഘത്തെ തിരൂർ പോലീസ് പിടികൂടിയിരുന്നു.
ചമ്രവട്ടം നക്കിയത്ത് ബഷീർ (37), തെക്കഞ്ചേരി സുധീഷ് (32), മുളക്കൽ ശൈലേഷ് (27) എന്നിവരെയാണ് കാറിൽ മയക്കുമരുന്ന് കടത്തവേ താഴെപ്പാലത്ത് തിരൂർ സി.ഐ. ജിജോയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്.ഇവരിൽനിന്നും ഒൻപത് ഗ്രാം എം.ഡി.എം.എ.യും 25 ചെറു പായ്ക്കറ്റുകളിലായി ബ്രൗൺഷുഗറും പിടിച്ചെടുത്തു.ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടെത്തിച്ച മയക്കുമരുന്നുമായി വരുംവഴിയാണ് പ്രതികൾ പിടിയിലായത്.'
താനൂരിൻ നിന്നു മാരക ലഹരിമരുന്നായ ഹാഷിഷ് ഓയിലുമായി മൂന്നുപേർ അറസ്റ്റിൽ. വെന്നിയൂർ ചാലാട് നെല്ലൂർ പുത്തൻ വീട്ടിൽ ഷംസിയാദ് (24), വലക്കുളം വടക്കൻവീട്ടിൽ മുർഷിദ് (24), വലിയപറമ്പിൽ അബ്ദുള്ള സമീർ (26) എന്നിവരാണ് താനൂർ ബസ്സ്റ്റാൻഡ് പരിസരത്തുവെച്ച്, 1.0962 കിലോഗ്രാം ഹാഷിഷ് ഓയിലുമായി പിടിയിലായത്.
ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസിന് ലഭിച്ച വിവരത്തെത്തുടർന്നാണ് താനൂർ എസ്.ഐ. കൃഷ്ണലാൽ, ജൂനിയർ എസ്.ഐ. ശൈലേഷ്, തിരൂർ, താനൂർ പോലീസ് പ്രത്യേക അന്വേഷണസംഘങ്ങൾ എന്നിവർചേർന്ന് പ്രതികളെ പിടികൂടിയത്.












Click it and Unblock the Notifications