മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് രണ്ട് മരണം: സംഭവം തിരുവനന്തപുരത്ത്, മൂന്ന് പേര്‍ രക്ഷപ്പെട്ടു!
കടയ്‌ക്കാവൂർ: ശക്തമായ തിരയിൽ വള്ളം മറിഞ്ഞ് അഞ്ചുതെങ്ങിൽ രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു. അഞ്ചുതെങ്ങ് ചീലാന്തിമൂട്ടിൽ സീമോന്റെ മകൻ സഹായ രാജു (57), മുണ്ടുതുറ വീട്ടിൽ ലാസറിന്റെ മകൻ കാർമൽ (70) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വള്ളത്തിന്റെ ഉടമ അഞ്ചുതെങ്ങ് മുണ്ടുതുറ വീട്ടിൽ ഡെൻസിൽ, പുഷ്പരാജ് (41), ബ്രൂൺസൻ (44), അജി (31) എന്നിവർ നീന്തി കരയ്‌ക്കു കയറി.
ഇന്നലെ രാവിലെ ആറിന് അഞ്ചുതെങ്ങ് മുണ്ടുതുറ തീരത്തായിരുന്നു അപകടം. മത്സ്യബന്ധനത്തിനായി കടലിലേക്കിറക്കിയ വള്ളം തീരത്ത് നിന്ന് 50 മീറ്റർ അകലെ എത്തിയപ്പോഴാണ് മറിഞ്ഞത്. കടലിൽ മുങ്ങിയ രാജുവിനെയും കാർമലിനെയും ഉടൻ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

സാരമായി പരിക്കേറ്റ പുഷ്പരാജ് ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റ ബ്രൂൺസൻ ആയുർവേദ ചികിത്സ തേടി. റീത്തയാണ് രാജുവിന്റെ ഭാര്യ. മക്കൾ : പ്രിൻസി, പ്രിയ, പ്രീതി. തങ്കമണിയാണ് കാർമലിന്റെ ഭാര്യ. മക്കൾ : ലീൻ, ലീജിയ, ലില്ലികുട്ടി (ടീച്ചർ, സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, അഞ്ചുതെങ്ങ്), ഷോജൻ.












Click it and Unblock the Notifications