രാത്രി വീട്ടിൽ കിടന്നുറങ്ങിയ മകൻ, പുലർച്ചെ കുത്തേറ്റ് മരിച്ചെന്ന്, ഞെട്ടൽ മാറാതെ അനീഷിന്റെ കുടുംബം
തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ പേട്ടയില്‍ പത്തൊന്‍പതുകാരന്‍ കുത്തേറ്റ് മരിച്ച സംഭവം നാടിനെ നടുക്കിയിരിക്കുകയാണ്. ലാലു എന്നയാളിന്റെ വീട്ടില്‍ വെച്ചാണ് കഴിഞ്ഞ ദിവസം രാത്രി അനീഷ് ജോര്‍ജ് എന്ന യുവാവിന് കുത്തേറ്റത്.
അനീഷിന്റെ കുടുംബം ഈ അപ്രതീക്ഷിത വാര്‍ത്തയുടെ ആഘാതത്തിലാണ്. രാത്രി വീട്ടില്‍ കിടന്നുറങ്ങിയ മകന്‍ കുത്തേറ്റ് മരിച്ചു എന്ന വാര്‍ത്തയാണ് രാവിലെ അനീഷിന്റെ മാതാപിതാക്കളെ തേടി എത്തിയത്.

പേട്ട ആനയറ ഭാഗത്താണ് അനീഷിന്റെ വീട്. ഇവിടെ നിന്നും അര കിലോ മീറ്റര്‍ അകലെയാണ് ലാലുവിന്റെ വീട്. ഈ വീടിന്റെ രണ്ടാം നിലയില്‍ വെച്ചാണ് അനീഷിന് കുത്തേറ്റത്. പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. അനീഷ് രാത്രി വീട്ടില്‍ നിന്നും പുറത്തേക്ക് പോയത് വീട്ടുകാര്‍ ആരും അറിഞ്ഞിരുന്നില്ല. പുലര്‍ച്ചെ പേട്ട സ്റ്റേഷനില്‍ നിന്നും അനീഷിന്റെ വീട്ടിലേക്ക് പോലീസിന്റെ ഫോണ്‍ കോള്‍ വന്നു.
നടിയെ ആക്രമിച്ച കേസ്: പുതിയ വെളിപ്പെടുത്തലുകൾ ദിലീപിന് കുരുക്ക്, തുടരന്വേഷണ നീക്കവുമായി പോലീസ്

അനീഷിന് അപകടം പറ്റിയതായി പോലീസ് പറയുമ്പോളാണ് മകന്‍ വീട്ടില്‍ ഇല്ലെന്ന വിവരം വീട്ടുകാര്‍ തിരിച്ചറിയുന്നത്. പോലീസ് സ്‌റ്റേഷനിലേക്ക് പോകാന്‍ അനീഷിന്റെ അച്ഛന്‍ പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും പോലീസ് ജീപ്പ് വീട്ടിലെത്തി. പേട്ട പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച ശേഷമാണ് അനീഷിന് കുത്തേറ്റ വിവരം അച്ഛനെ അറിയിക്കുന്നത്. തുടര്‍ന്ന് പോലീസ് ജീപ്പില്‍ തന്നെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയി.

കുത്തേറ്റ അനീഷ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്. അച്ഛനെ അനീഷിന്റെ മൃതദേഹം കാണിച്ചതിന് ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റി. അനീഷ് എന്തിനാണ് രാത്രി വീട് വിട്ട് പുറത്ത് പോയത് എന്നും എന്തിനാണ് ലാലു എന്നയാളുടെ വീട്ടിലേക്ക് പോയത് എന്നും തങ്ങള്‍ക്ക് അറിയില്ല എന്ന് വീട്ടുകാര്‍ പറയുന്നു. കള്ളനാണെന്ന് കരുതിയാണ് അനീഷിനെ കുത്തിയത് എന്നാണ് ലാലുവിന്റെ മൊഴി.

പുലര്‍ച്ചെ മൂന്ന് മണിയോടെ വീടിന് പുറത്ത് ശബ്ദം കേട്ടാണ് ഉണര്‍ന്നത് എന്ന് ലാലു പോലീസിനോട് പറഞ്ഞു. നോക്കിയപ്പോള്‍ വീട്ടുവളപ്പില്‍ ആരോ ഉളളതായി മനസ്സിലായി. സ്വയരക്ഷയ്ക്ക് വേണ്ടിയാണ് കത്തി എടുത്തത് എന്നും കുത്തിയത് എന്നുമാണ് ലാലുവിന്റെ മൊഴി. അനീഷിനെ കുത്തിയ കാര്യം ലാലു തന്നെയാണ് പേട്ട പോലീസ് സ്‌റ്റേഷനില്‍ ചെന്ന് അറിയിച്ചത്. തുടര്‍ന്ന് പോലീസ് എത്തി അനീഷിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.