പാര്‍ക്കിംഗ് വിവാദത്തില്‍ നഗരസഭയുടെ വിശദീകരണം ഇങ്ങനെ...; ഇടപെട്ട് മുഹമ്മദ് റിയാസും
തിരുവനന്തപുരം: എം ജി റോഡിലെ പാര്‍ക്കിംഗ് ഏരിയ സ്വകാര്യ ഹോട്ടലിന് വാടകക്ക് നല്‍കിയത് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി തിരുവനന്തപുരം നഗരസഭ. പാര്‍ക്കിംഗ് ഏരിയ വാടകയ്ക്ക് നല്‍കി എന്ന ആരോപണം അടിസ്ഥാനരഹിതമാണ് എന്നാണ് നഗരസഭയുടെ വാദം.
2017-മുതല്‍ ഇത്തരത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ പാര്‍ക്കിംഗ് ഏരിയ വാടകയ്ക്ക് നല്‍കാറുണ്ട് എന്നാണ് നഗരസഭ പറയുന്നത്. മാസം തോറും വാടകക്ക് എടുത്ത വ്യക്തി സൊസൈറ്റിയില്‍ നേരിട്ട് കാശ് നല്‍കുന്നതാണ് രീതിയെന്നുമാണ് നഗരസഭ വ്യക്തമാക്കി.

നിലവില്‍ പൊലീസിന്റെ സഹായത്തോടെ നഗരസഭ നഗര പരിധിയില്‍ ട്രാഫിക് നിയന്ത്രണത്തിന് 225 വാര്‍ഡന്‍മ്മാരെ പാര്‍ക്കിംഗ് ഫീസ് പിരിക്കാന്‍ നിയോഗിച്ചിട്ടുണ്ട് എന്നും നഗരസഭ പറയുന്നു. പാര്‍ക്കിംഗിനായി എത്തുന്ന ആരെയും തടസപ്പെടുത്തരുതെന്നാണ് കരാര്‍ എന്നും ഇത് ലംഘിച്ചതായി കണ്ടാല്‍ കരാര്‍ റദ്ദ് ചെയ്യുന്നതുള്‍പ്പടെയുള്ള നടപടി സ്വീകരിക്കുമെന്നും നഗരസഭ അറിയിച്ചു.

എം ജി റോഡിലെ പാര്‍ക്കിംഗ് ഏരിയ സ്വകാര്യ ഹോട്ടലിന് വാടകക്ക് നല്‍കിയത് വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് നഗരസഭ വിശദീകരണവുമായി രംഗത്തെത്തിയത്. തിരുവനന്തപുരം നഗരത്തിലെ തിരക്കേറിയ എം ജി റോഡില്‍ ആയുര്‍വേദ കോളേജിന് എതിര്‍വശത്ത് തുടങ്ങിയ അന്ന ഭവന്‍ എന്ന സ്വകാര്യ ഹോട്ടലിന്റെ മുന്നിലെ ഭാഗം അവര്‍ക്ക് പാര്‍ക്കിംഗ് ഏരിയ ആക്കി മേയര്‍ പതിച്ച് നല്‍കുകയായിരുന്നു.

മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍ ട്രാഫിക് ഉപദേശക സമിതി യോഗം ചേര്‍ന്നായിരുന്നു നടപടി. പ്രതിമാസം അയ്യായിരം രൂപ ഹോട്ടലുടമ നല്‍കണം എന്നതായിരുന്നു കരാര്‍. ഹോട്ടലിന് മുന്നില്‍ വണ്ടി പാര്‍ക്ക് ചെയ്യാന്‍ വരുന്ന പൊതുജനങ്ങളെ സെക്യൂരിറ്റി തടഞ്ഞതോടെയാണ് സംഭവം വിവാദമായമായത്. സംഭവം വാര്‍ത്തയായതിന് പിന്നാലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.

റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയറോട് മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട് തേടി. പൊതുമരാത്ത് റോഡ് അനുമതിയില്ലാതെ നഗരസഭ സ്വകാര്യ ഹോട്ടലിന് വാടകക്ക് നല്‍കിതാണോ എന്നാണ് പൊതുമരാമത്ത് വകുപ്പ് പരിശോധിക്കുന്നത്.












Click it and Unblock the Notifications